X

പുതുവല്‍സരാഘോഷം; കേരളത്തിലേക്കു വന്‍ തോതില്‍ മയക്കു മരുന്നെത്തിക്കാന്‍ നീക്കം

കെ.ബി.എ കരീം
കൊച്ചി

ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി കേരളത്തിലേക്ക് വന്‍തോതില്‍ മയക്കു മരുന്നെത്തിക്കാന്‍ ശ്രമം നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍. മാരക മയക്കുമരുന്നായ എം.ഡി.എം എ അടക്കം എത്തിക്കാനുള്ള പദ്ധതികളാണ് നടക്കുന്നത്. കഴിഞ്ഞ രണ്ടാഴ്ചയായി കേരളത്തില്‍ പ്രത്യേകിച്ച് കൊച്ചിയില്‍ വന്‍തോതില്‍ പിടികൂടിയ മയക്കുമരുന്ന് പുതുവത്സരാഘോഷ കച്ചവടത്തിന്റെ ഭാഗമായി എത്തിച്ചതാണെന്നാണ് പൊലീസ് വിലയിരുത്തുന്നത്. മയക്കുമരുന്നെത്തുന്നത് തടയാന്‍ പൊലീസും എക്‌സൈസും കര്‍ശന നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെങ്കിലും വരും ദിവസങ്ങളില്‍ അതീവ ജാഗ്രത പാലിക്കേണ്ടതിലേക്കാണ് കഴിഞ്ഞ ദിവസങ്ങളില്‍ പിടിയിലായവരില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍.

പുതുവത്സരാഘോഷത്തിന് വന്‍തോതില്‍ മയക്കുമരുന്ന് എത്തിക്കാന്‍ പദ്ധതിയുണ്ടെന്ന് ഇന്നലെ കൊച്ചിയില്‍ മാരക മയക്കുമരുന്നായ എം.ഡി. എം. എയുമായി പിടിയിലായ യുവാവ് പൊലീസ്‌നോട് സമ്മതിച്ചിട്ടുണ്ട്. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ റെയ്ഡിലാണ് ആലുവ സ്വദേശിയായ യുവാവ് പിടിയിലായത്. കഴിഞ്ഞദിവസം കൊച്ചിയില്‍ നിന്ന് എം.ഡി.എംഎയുമായി 18കാരി അടക്കം മൂന്നുപേര്‍ അറസ്റ്റിലായിരുന്നു. പുതുവത്സരാഘോഷത്തിന് വില്‍പ്പനക്കായി എത്തിച്ച എംഡിഎംഎ ആണ് അവരില്‍നിന്ന് കൊച്ചി പോലീസ് പിടികൂടിയത്.

പൊലീസ് എത്തുമ്പോള്‍ എംഡി എം എ തൂക്കി പാക്ക് ചെയ്യുന്ന തിരക്കിലായിരുന്നു മൂന്നുപേരും. സംഘത്തിലെ യുവതി സിവില്‍ ഏവിയേഷന്‍ വിദ്യാര്‍ഥിനിയാണ്. പുതുവത്സരാഘോഷത്തിന് വന്‍തോതില്‍ മയക്കുമരുന്ന് എത്തിക്കാന്‍ പദ്ധതി ഉണ്ടായിരുന്നതായി പിടിയിലായ ഇടുക്കി സ്വദേശികളായ ഈ മൂന്നംഗ സംഘവും വ്യക്തമാക്കിയിട്ടുണ്ട്. ഈ വര്‍ഷത്തെ പുതുവത്സരാഘോഷത്തിന് ലഹരി പൂര്‍ണമായും തടയുക എന്ന ലക്ഷ്യത്തോടെ വന്‍ പദ്ധതികള്‍ ആണ് ഹോട്ടലുകളുടെ സംഘടനയും പൊലീസും എക്‌സൈസും സംയുക്തമായി ആവിഷ്‌കരിച്ചു വരുന്നത്. എക്‌സൈസ് വകുപ്പിന്റെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ ഒരു വര്‍ഷത്തിനുളില്‍ കേരളത്തില്‍ പിടികൂടിയത് 18 കിലോയോളം എം.ഡി.എം.എയാണ്. കഴിഞ്ഞ വര്‍ഷം ജനുവരി മുതല്‍ 2022 ജൂലൈ വരെ സംസ്ഥാനത്ത് എക്‌സൈസ് പിടികൂടിയത് 15 കിലോ എം.ഡി.എം.എയാണ് വന്‍ തോതില്‍ ഹാഷിഷ് ഓയിലും പിടികൂടിയിട്ടുണ്ട്.

ആഘോഷരാവുകള്‍ ലഹരി
വിമുക്തമാക്കാന്‍ ഒരുക്കം

ആഘോഷരാവുകള്‍ ലഹരി വിമുക്തമാക്കുന്നതിന്റെ ഭാഗമായി ഇത്തവണ കൊച്ചി നഗരത്തില്‍ ക്രിസ്മസ് ന്യൂ ഇയര്‍ പാര്‍ട്ടികളില്‍ പങ്കെടുക്കാന്‍ തിരിച്ചറിയല്‍ രേഖ നിര്‍ബന്ധമാക്കിയിരിക്കയാണ്. സര്‍ക്കാര്‍ രേഖ ലഭ്യമാക്കിയില്ലെങ്കില്‍ പാര്‍ട്ടികളില്‍ പ്രവേശനം ഉണ്ടാകില്ലെന്ന് അസോസിയേഷന്‍ ഓഫ് ഓര്‍ഗനൈസേഴ്‌സ് ആന്റ് പെര്‍ഫോമേഴ്‌സ് വ്യക്തമാക്കി.

ലഹരി സാന്നിധ്യം മാറ്റി നിര്‍ത്താന്‍ പ്രോട്ടോക്കോള്‍ കര്‍ശനമാക്കുകയാണ് അസ്സോസിയേഷന്‍ ഓഫ് ഓര്‍ഗനൈസേഴ്‌സ് ആന്റ് പെര്‍ഫോമേഴ്‌സ്. ബൗണ്‍സേഴ്‌സിന്റെ എണ്ണം കൂട്ടി മുക്കിലും മൂലയിലും പരിശോധന നടത്തും. തിരിച്ചറിയല്‍ രേഖയും ദേഹപരിശോധനയും നിര്‍ബന്ധം. കൊച്ചിയിലെ പാര്‍ട്ടികളില്‍ ലഹരി സാന്നിധ്യമെന്ന ചീത്തപ്പേര് ഒഴിവാക്കാനാണ് അസോസിയേഷന്‍ ഓഫ് ഓര്‍ഗനൈസേഴ്‌സ് ആന്റ് പെര്‍ഫോമേഴ്‌സ് എന്ന സംഘടന തന്നെ രംഗത്തിറങ്ങുന്നത്.

Test User: