തിരുവനന്തപുരം: കോവിഡ് ജനിതക മാറ്റം വന്ന സാഹചര്യം കൂടി പരിഗണിച്ചു കൊണ്ട് സംസ്ഥാനത്ത് പുതുവത്സര ആഘോഷങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം. പൊതുസ്ഥലത്ത് കൂട്ടം കൂടാന്‍ പാടില്ല. ഡിസംബര്‍ 31ാം തീയതിയായ നാളെ രാത്രി പത്തു മണിക്ക് എല്ലാ പുതുവത്സര പരിപാടികളും അവസാനിപ്പിക്കണമെന്നാണ് നിര്‍ദേശം. കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് മാത്രമേ ആഘോഷങ്ങള്‍ സംഘടിപ്പിക്കാന്‍ പാടുള്ളു.
രാത്രി പത്തു മണിക്ക് എല്ലാ പുതുവത്സര പരിപാടികളും അവസാനിപ്പിക്കണമെന്നാണ് നിര്‍ദ്ദേശം. നിയന്ത്രണങ്ങള്‍ ലംഘിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കും. പൊതുജനങ്ങള്‍ ഈ സമയത്ത് അതീവ ജാഗ്രത പുലര്‍ത്തണം. പുതുവത്സരാഘോഷം കഴിവതും വീട്ടിനുള്ളില്‍ തന്നെ ഒതുക്കി നിര്‍ത്തണം. പ്രായമുള്ളവര്‍, കുട്ടികള്‍, ഗര്‍ഭിണികള്‍ തുടങ്ങിയവര്‍ ഒരു കാരണവശാലും പുറത്തുള്ള പരിപാടികളില്‍ പങ്കെടുക്കരുത്.
കോഴിക്കോട് ജില്ലയില്‍ ഡിസംബര്‍ 31 മുതല്‍ ജനുവരി നാല് വരെ ബീച്ചുകളില്‍ പ്രവേശനം 6 മണി വരെ മാത്രമാക്കി ചുരുക്കി. ബീച്ചുകളില്‍ എത്തുന്നവര്‍ 7 മണിക്ക് മുന്‍പ് തിരിച്ചു പോകണം. പൊതു സ്ഥലത്തെ ആഘോഷങ്ങള്‍ക്കും നിയന്ത്രണം. കൊവിഡ് മാനദണ്ഡം പാലിച്ചില്ലെങ്കില്‍ നടപടിയെന്നും ജില്ലാ കലക്ടര്‍ സാംബശിവ റാവു വ്യക്തമാക്കി.