X
    Categories: Newsworld

കോവിഡ് മൃഗങ്ങളില്‍ നിന്നോ ലാബില്‍ നിന്നോ റിപ്പോര്‍ട്ട് തേടി ബൈഡന്‍

 

വാഷിങ്ടണ്‍: കോവിഡ്-19 വൈറസ് ഉത്ഭവിച്ചത് എങ്ങനെ എന്നതില്‍ മൂന്ന് മാസത്തിനകം റിപ്പോര്‍ട്ട് വേണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ഇന്റലിജന്‍സ് ഏജന്‍സിയോടാണ് കോവിഡ്-19 ഉറവിടം സംബന്ധിച്ച് 90 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ബൈഡന്‍ ആവശ്യപ്പെട്ടത്. ചൈനയിലെ വുഹാനിലായിരുന്നു കോവിഡ്- 19 ആദ്യം റിപ്പോര്‍ട്ട് ചെയ്തത്.

ഈ വൈറസ് ഉത്ഭവിച്ചത് മൃഗങ്ങളില്‍ നിന്നാണോ അതോ ലാബില്‍ നിന്നാണോ എന്നതിലാണ് ബൈഡന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. അന്വേഷണത്തെ സഹായിക്കാന്‍ യു.എസ് ദേശീയ ലബോറട്ടറികളോട് അദ്ദേഹം നിര്‍ദ്ദേശിച്ചിട്ടുണ്ട്. മഹാമാരിയുടെ ഉത്ഭവത്തെക്കുറിച്ചുള്ള അന്വേഷണങ്ങളുമായി സഹകരിക്കാന്‍ ചൈനയോടും ബൈഡന്‍ ആവശ്യപ്പെട്ടു. കൃത്യമായ നിഗമനത്തിലേക്ക് എത്താന്‍ കഴിയുന്നരീതിയില്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനും വിശകലനം ചെയ്യുന്നതിനുമുള്ള ശ്രമങ്ങള്‍ ഏജന്‍സികള്‍ ഇരട്ടിയാക്കണം. 90 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കുകയും വേണമെന്നാണ് വൈറ്റ് ഹൗസ് പുറത്തിറക്കിയ ബൈഡന്റെ പ്രസ്താവനയില്‍ ഉള്ളത്.

കോവിഡ് വൈറസിന്റെ ഉറവിടം വുഹാനിലെ ലാബില്‍ നിന്നാണെന്ന് ട്രംപ് ഭരണകൂടത്തില്‍ വിദേശകാര്യ സെക്രട്ടറിയായിരുന്ന മൈക്ക് പോംപിയോ കഴിഞ്ഞയാഴ്ച ആരോപിച്ചിരുന്നു. നേരത്തെയും സമാനമായ പ്രതികരണങ്ങള്‍ അമേരിക്കന്‍ നേതാക്കളില്‍ നിന്നുണ്ടായിരുന്നു. ഈ സാഹചര്യത്തില്‍കൂടിയാണ് കോവിഡ് ഉറവിടം സംബന്ധിച്ച് ബൈഡന്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. അതേസമയം രൂക്ഷവിമര്‍ശനവുമായി ചൈനയും രംഗത്തെത്തി. അമേരിക്ക രാഷ്ട്രീയ നേട്ടത്തിനായി കൃത്രിമത്വം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് അമേരിക്കയിലെ ചൈനീസ് എംബസി കുറ്റപ്പെടുത്തി.

 

Test User: