തിരുവനന്തപുരം: നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ മുസ്‌ലിം ലീഗിന്റെ പ്രസക്തി വര്‍ധിച്ചിരിക്കുകയാണെന്നും പാര്‍ട്ടിയെ കൂടുതല്‍ ശക്തിപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന നേതൃത്വം തുടക്കം കുറിച്ചതായും ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. ഇതുമായി ബന്ധപ്പെട്ട കര്‍മ്മപദ്ധതികള്‍ ജില്ല, മണ്ഡലം തലങ്ങളില്‍ പ്രാവര്‍ത്തികമാക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. മുസ്‌ലിം ലീഗ് ദക്ഷിണ കേരള മിഷന്‍ തിരുവനന്തപുരം ജില്ലാ സ്‌പെഷ്യല്‍ മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു ജനറല്‍ സെക്രട്ടറി.
തെക്കന്‍ജില്ലകളില്‍ മുസ്‌ലിം ലീഗ് പാര്‍ട്ടിയെ കൂടുതല്‍ ശക്തിപ്പെടുത്തേണ്ടതുണ്ട്. ഒരു കാലത്ത് തിരുവിതാംകൂറില്‍ മുസ്‌ലിം ലീഗിന് ശക്തമായ രാഷ്ട്രീയ അടിത്തറയുണ്ടായിരുന്നു. അത് തിരിച്ചുപിടിക്കേണ്ടതുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ യു.ഡി.എഫിനുണ്ടായ വന്‍വിജയത്തില്‍ മുസ്‌ലിം ലീഗ് വഹിച്ച പങ്ക് വളരെ വലുതാണ്. വിജയത്തിനായി പ്രവര്‍ത്തിച്ച നേതാക്കളെയും പ്രവര്‍ത്തകരെയും അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടിയുടെ പ്രവര്‍ത്തനം താഴേത്തട്ടിലേക്ക് വ്യാപിപിക്കാന്‍ സംസ്ഥാന നേതൃത്വം തീരുമാനിച്ചിട്ടുണ്ടെന്നും ഇതിനായി തയാറാക്കിയ പദ്ധതികള്‍ സമയബന്ധിതമായി നടപ്പിലാക്കണമെന്നും മുഖ്യപ്രഭാഷണം നടത്തിയ സംസ്ഥാന വൈസ് പ്രസിഡന്റ് കുട്ടി അഹമ്മദ് കുട്ടി പറഞ്ഞു. മുസ്‌ലിം ലീഗ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് പ്രൊഫ. തോന്നയ്ക്കല്‍ ജമാല്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിമാരായ കെ.എസ് ഹംസ, അഡ്വ.എന്‍ ഷംസുദ്ദീന്‍ എം.എല്‍.എ, പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ, ബീമാപള്ളി റഷീദ്, തിരുവനന്തപുരം ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കണിയാപുരം ഹലീം, ജില്ലാ ഭാരവാഹികളായ പനവൂര്‍ ഷറഫ്, എം.കെ സലിം, ചാന്നാങ്കര എം.പി കുഞ്ഞ്, യു. ഗുലാം മുഹമ്മദ്, എസ്.എല്‍ പുരം നിസാര്‍, വിഴിഞ്ഞം റസാഖ്, ജി. മാഹീന്‍ അബൂബക്കര്‍, പാച്ചല്ലൂര്‍ നുജുമുദ്ദീന്‍, സബീനാ മാറ്റപ്പള്ളി, എ.കെ.എം അഷ്‌റഫ്, വര്‍ക്കല ദാവൂദ്, ശരവണ ചന്ദ്രന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ഓഗസ്റ്റ് മാസത്തില്‍ മണ്ഡലം തല സ്‌പെഷ്യല്‍ മീറ്റുകള്‍ നടത്താന്‍ യോഗം തീരുമാനിച്ചു.
മുസ്‌ലിം ലീഗിന്റെ പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ പ്രത്യേക പദ്ധതി: കെ.പി.എ മജീദ്
Tags: muslim league