X

ഗവര്‍ണറുടെ ക്ഷണത്തിനായി കാത്തിരിക്കുകയാണ്: സത്യപ്രതിജ്ഞ തീയ്യതി പിന്നീട് അറിയിക്കും; കുമാരസ്വാമി

ബെംഗളൂരു: ബി.എസ് യെദ്യൂരപ്പ കര്‍ണാടക മുഖ്യമന്ത്രിപദം രാജിവെച്ചതിന് പിന്നാലെ പ്രതികരണവുമായി ജെ.ഡി.എസ് നേതാവ് കുമാരസ്വാമി. ഞങ്ങള്‍ മന്ത്രിസഭ രൂപികരിക്കാന്‍ ഗവര്‍ണറുടെ ക്ഷണത്തിനായി കാത്തിരിക്കുകയാണ്. സത്യപ്രതിജ്ഞ എന്നുണ്ടാകുമെന്ന് ഗവണറുടെ ക്ഷണത്തിന് ശേഷം പറയാമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

അതിനാടകീയതക്കൊടുവിലാണ് വിശ്വാസ വോട്ടെടുപ്പിന് നില്‍ക്കാതെ യെദ്യൂരപ്പ തന്റെ മുഖ്യമന്ത്രിപദം രാജിവെച്ചത്. നിയമസഭയില്‍ വിശ്വാസവോട്ടെടുപ്പില്‍ പിന്തുണ ഉറപ്പിക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ട സാഹചര്യത്തിലാണ് യെദ്യൂരപ്പ രാജി പ്രഖ്യാപിച്ചത്.വിശ്വാസ വോട്ടെടുപ്പിന് നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ബി.ജെ.പി നേതാവ് യെദ്യൂരപ്പ രാജി വെക്കുന്നതായി അറിയിച്ചത്.

നിലവില്‍ കര്‍ണാടക സഭയില്‍ ആകെ 222 സീറ്റുകളാണുള്ളത്. എച്ച്.ഡി കുമാരസ്വാമി രണ്ട് മണ്ഡലങ്ങളില്‍ വിജയിച്ചതിനാല്‍ അദ്ദേഹത്തിന് ഒരു വോട്ട്. ആകെ വോട്ട് 221 വോട്ട്. ഇതില്‍ കോണ്‍ഗ്രസ്‌-ജെ.ഡി.എസ് സഖ്യത്തിന് 117 വോട്ട്. കോണ്‍ഗ്രസിന് 78ഉം ജെ.ഡി.എസിന് 37ഉം രണ്ടു സ്വതന്ത്രരുമാണുള്ളത്.

ബി.ജെ.പിക്കാകട്ടെ 104 എം.എല്‍.എമാരുടെ പിന്തുണയാണുള്ളത്. ഭൂരിപക്ഷം നേടുന്നതിന് 111 എം.എല്‍.എമാരുടെ പിന്തുണ ആവശ്യമാണ്. അപ്രതീക്ഷിത രാഷ്ട്രീയ നീക്കത്തില്‍ രൂപംകൊണ്ട കോണ്‍ഗ്രസ്‌-ജെ.ഡി.എസ് സഖ്യത്തില്‍ നിന്ന് എം.എല്‍.എമാരെ അടര്‍ത്തി മാറ്റി ഭൂരിപക്ഷം ഉറപ്പിക്കാമെന്നായിരുന്നു ബി.ജെ.പിയുടെ പ്രതീക്ഷ.

എന്നാല്‍ കുതിരക്കച്ചവടത്തില്‍ എം.എല്‍.എമാരെ വിട്ടു നല്‍കാതിരിക്കാന്‍ കോണ്‍ഗ്രസ്‌-ജെ.ഡി.എസ് സഖ്യം അംഗങ്ങളെ ഹൈദരാബാദിലെ റിസോര്‍ട്ടിലേക്ക് മാറ്റിയതോടെയാണ് രാഷ്ട്രീയ ഗതി മാറിയത്.

chandrika: