X

ഇന്ത്യയില്‍ തൊഴിലില്ലായ്മ രൂക്ഷം, വിദ്യാഭ്യാസ വായ്പകള്‍ തിരിച്ചടക്കുന്നില്ല,ബാങ്കുകള്‍ പ്രതിസന്ധിയില്‍

 

രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമായ സാഹചര്യത്തില്‍ വിദ്യാഭ്യാസ വായ്പകളില്‍ തിരിച്ചടവ് മുടങ്ങുന്നു. വിദ്യാഭ്യാസ വായ്പകളുടെ സഹായത്തോടെ പഠനം പൂര്‍ത്തിയാക്കിയവര്‍ക്ക് തൊഴില്‍ കിട്ടാത്തതിനാലാണ് തിരിച്ചടവ് മുടക്കുന്നതെന്നാണ്  വിലയിരുത്തല്‍.
ലോക്‌സഭയില്‍ ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റിലി വെച്ച കണക്കിലാണ് ഇക്കാര്യം പറയുന്നത്.

2015 മാര്‍ച്ചിനും 2017 മാര്‍ച്ചിനും ഇടയില്‍ 47 ശതമാനം പേരും വായ്പ തിരിച്ചടക്കാത്തവരാണ്. 2015 മാര്‍ച്ചില്‍ 3536 കോടിയായിരുന്ന ഈയിനത്തിലുള്ള കിട്ടാക്കടം  2017 മാര്‍ച്ച് ആയപ്പോള്‍ 5192 കോടി രൂപയായി വര്‍ധിച്ചിട്ടുണ്ട്. 2015-16വര്‍ഷത്തിലാണ് കിട്ടാക്കടം കാര്യമായി വര്‍ധിച്ചതെന്നും കണക്കില്‍ പറയുന്നുണ്ട്.

പഠിച്ചിറങ്ങിയതിന് ശേഷം ജോലി കിട്ടാത്തതാണ് വായ്പ തിരിച്ചടയ്ക്കാത്തതിന് കാരണമായി പലരും പറയുന്നത്. എന്നാല്‍ ജോലി ലഭിച്ചിട്ടും വായ്പ തിരിച്ചടയ്ക്കാത്തവരും ഇക്കൂട്ടത്തിലുണ്ട്.

അതേസമയം ഈ കാലയളവില്‍ വായ്പതുക അനുവദിച്ചതില്‍ പത്ത് ശതമാനത്തില്‍താഴെ മാത്രമാണ് വര്‍ധന ഉണ്ടായിട്ടുള്ളത്. വായ്പ അനുവദിക്കുന്നതില്‍ ബാങ്കുകള്‍ നിബന്ധനകള്‍ കര്‍ക്കശമാക്കിയത് അപേക്ഷകരുടെ എണ്ണത്തില്‍ കുറവുണ്ടാക്കിയിട്ടുണ്ട്. യൂക്കോ ബാങ്ക്,ഇന്ത്യന്‍ ബാങ്ക് എന്നീ ബാങ്കുകളിലാണ് കിട്ടാക്കടം കാര്യമായി വര്‍ധിച്ചിട്ടുള്ളത്. ഇതോടെ ബാങ്കുകളുടെ സുഖകരമായ പ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയാവും.

പ്രധാനമായും എന്‍ജിനിയറിങ്, എം.ബി.എ തുടങ്ങി പ്രെഫഷണല്‍ കോഴ്‌സുകള്‍ക്ക്  വേണ്ടിയാണ്  വിദ്യാഭ്യാസ വായ്പക്ക് വിദ്യാര്‍ത്ഥികള്‍ ബാങ്കിനെ ആശ്രയിക്കുന്നത്.

chandrika: