കോട്ടയം: കേരള മനഃസാക്ഷിയെ നടുക്കിയ കെവിന്‍ കൊലക്കേസില്‍ നിര്‍ണായക വഴിത്തിരിവ്. കെവിന്റെ കൊലപാതകത്തിന്റെ മുഖ്യസൂത്രധാര നീനുവിന്റെ അമ്മ രഹ്നയാണെന്നാണ് പുതിയ വെളിപ്പെടുത്തല്‍. കെവിനൊപ്പം തട്ടിക്കൊണ്ട് പോകപ്പെട്ട ബന്ധുവായ അനീഷാണ് ഇക്കാര്യം മലയാളത്തിലെ ഒരു പ്രമുഖ ചാനലിനോട് വെളിപ്പെടുത്തിയിരിക്കുന്നത്. കെവിന്‍ മുങ്ങി മരിച്ചതല്ലെന്നും ഷാനു ചാക്കോയും കൂട്ടരും ചേര്‍ന്ന് മുക്കിക്കൊന്നതാണെന്നും അനീഷ് ആവര്‍ത്തിച്ചു. കെവിന്‍ മരിച്ചത് പുഴയില്‍ മുങ്ങിയാണെന്ന രാസപരിശോധനാഫലം പുറത്ത് വന്നതിനു തൊട്ടുപിന്നാലെയാണ് അനീഷിന്റെ പുതിയ വെളിപ്പെടുത്തല്‍.
നീനുവിന്റെ അമ്മ രഹ്നയുടെ പങ്കിനെക്കുറിച്ച് വിശദമായ അന്വേഷണം നടക്കണം. കെവിനെയും നീനുവിനേയും കൊലപ്പെടുത്തുമെന്ന് രഹ്ന പല തവണ ഭീഷണി മുഴക്കിയിട്ടുള്ളതാണ്. സഹോദരനും കേസിലെ പ്രതിയുമായ നിയാസിനൊപ്പം എത്തിയാണ് രഹ്ന കൊലപാത ഭീഷണി മുഴക്കിയതെന്നും അനീഷ് വെളിപ്പെടുത്തുന്നു. കെവിനെ തട്ടിക്കൊണ്ട് പോയതിന് തലേ ദിവസം രഹ്ന മാന്നാനത്തെ വീട്ടിലെത്തിയാണ് ഭീഷണിപ്പെടുത്തിയതെന്നും അനീഷ് പറയുന്നു.
കെവിന്‍ കൊലക്കേസില്‍ തനിക്ക് അറിയാവുന്ന കാര്യങ്ങളെല്ലാം പോലീസിനോട് വെളിപ്പെടുത്തിയിട്ടുള്ളതാണെന്നും സിബിഐ അന്വേഷണം നടത്തിയാല്‍ മാത്രമേ സത്യം പുറത്ത് വരികയുള്ളൂവെന്നും അനീഷ് പറഞ്ഞു. രഹ്ന പരസ്യമായി കൊലവിളി മുഴക്കിയത് സംബന്ധിച്ച് അനീഷിനെ കൂടാതെ അയല്‍വാസികളും പോലീസിന് മൊഴി നല്‍കിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഒരു മാസം മുമ്പാണ് പ്രണയവിവാഹത്തിന്റെ പേരില്‍ 23കാരനായ കെവിനെ നീനുവിന്റെ വീട്ടുകാര്‍ തട്ടിക്കൊണ്ട് പോവുകയും തുടര്‍ന്ന് പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതും. സംഭവത്തില്‍ നീനുവിന്റെ അച്ഛന്‍ ചാക്കോ, സഹോദരന്‍ ഷാനു എന്നിവരടക്കമുള്ളവരെയാണ് കേസില്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. തന്റെ അച്ഛനും അമ്മയും അറിഞ്ഞ് കൊണ്ടാണ് കെവിനെ കൊലപ്പെടുത്തിയത് എന്ന് നേരത്തെ നീനു ആരോപിച്ചിരുന്നു. എന്നാല്‍ നീനുവിന്റെ അമ്മ രഹ്നയെ പൊലീസ് ഇതുവരെ ചോദ്യം ചെയ്തിട്ടില്ല. അവരെ പൂര്‍ണമായും കേസില്‍ നിന്നും ഒഴിവാക്കിയ തരത്തിലാണ് കേസ് അന്വേഷണം പുരോഗമിക്കുന്നത്. നേരത്തെ രഹ്നയ്ക്ക് വേണ്ടി പൊലീസ് അന്വേഷണം നടത്തുന്നതായി വാര്‍ത്തകള്‍ ഉണ്ടായിരുന്നുവെങ്കിലും പിന്നീട് കേസില്‍ നിന്നൊഴിവാക്കുന്ന തരത്തിലായിരുന്നു കാര്യങ്ങള്‍ പോയത്.
അതിനിടെ രഹ്ന മുന്‍കൂര്‍ ജാമ്യം തേടി കോടതിയെ സമീപിച്ചിരുന്നു. രഹ്നയെ കേസില്‍ പ്രതിയാക്കാനുള്ള തെളിവുകള്‍ പോലീസിന് ലഭിച്ചിട്ടില്ലെന്നും എന്നാല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും രഹ്ന ഒളിവിലാണ് എന്നുമാണ് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചത്. എന്നാല്‍ രഹ്ന ഒളിവില്‍ അല്ലെന്നും നോട്ടീസ് നല്‍കിയാല്‍ ചോദ്യം ചെയ്യലിന് ഹാജരാകുമെന്നും പ്രതിഭാഗം വ്യക്തമാക്കി. അന്വേഷണ സംഘത്തിന് മുന്നില്‍ നേരിട്ട് ഹാജരാകാന്‍ രഹ്നയ്ക്ക് അന്വേഷണ സംഘം നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചൊവ്വാഴ്ച കോട്ടയത്തെ ഡിവൈഎസ്പി ഓഫീലെത്താനാണ് നിര്‍ദേശം.
കെവിന്‍ മുങ്ങി മരിച്ചതാണെന്നും മരണകാരണമായ മുറിവുകളോ ക്ഷതങ്ങളോ കെവിന്റെ ശരീരത്തില്‍ ഇല്ല എന്നുമുള്ള രാസപരിശോധനാ ഫലം കഴിഞ്ഞദിവസമാണ് പുറത്ത് വന്നത്.