കര്‍ണാടകത്തില്‍ തകര്‍ച്ചയുടെ വക്കില്‍ നിന്ന് കോണ്‍ഗ്രസ് വീണ്ടും കരകയറുമെന്ന് സൂചന. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാര്‍ നടത്തിയ ചര്‍ച്ചയാണ് ഫലം കണ്ടത്. രാജിവച്ച മന്ത്രി എംടിബി നാഗരാജ് തീരുമാനം പുനപ്പരിശോധിക്കാന്‍ തീരുമാനിച്ചു. ഭവന മന്ത്രി എംടിബി നാഗരാജ് തിരിച്ചെത്തുമെന്ന സൂചന നല്‍കിയതിന് പിന്നാലെ കര്‍ണാടകയിലെ മറ്റു വിമതരെ കൂടി കൂടെ നിര്‍ത്താന്‍ കോണ്‍ഗ്രസ് ശ്രമം തുടങ്ങി. ജലവിഭവ മന്ത്രി ഡികെ ശിവകുമാര്‍, ഉപമുഖ്യമന്ത്രി ജി പരമേശ്വരയുമാണ് നാഗരാജുമായി പുലര്‍ച്ചെ ചര്‍ച്ചയ്ക്ക് വീട്ടിലെത്തിയത്.
തന്നോടൊപ്പമുള്ളവരുമായി ചര്‍ച്ച നടത്തിയ ശേഷം ബാക്കി കാര്യങ്ങള്‍ തീരുമാനിക്കുമെന്നും നാഗരാജ് പറഞ്ഞു. ഡികെയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. മാത്രമല്ല, രാജി പിന്‍വലിക്കുന്ന കാര്യം അദ്ദേഹം കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യയെ അറിയിക്കുകയും ചെയ്തു. രാജിവെച്ചവര്‍ തിരിച്ചെത്തുന്നത് കോണ്‍ഗ്രസിന് പ്രതീക്ഷയാണ്. അടുത്ത ബുധനാഴ്ച നിയമസഭയില്‍ കുമാരസ്വാമി സര്‍ക്കാര്‍ വിശ്വാസ വോട്ട് തേടാനിരിക്കെയാണ് പുതിയ നീക്കങ്ങള്‍.
ചില കോണ്‍ഗ്രസ് വിമത നേതാക്കളുമായി മുഖ്യമന്ത്രി കുമാരസ്വാമി നേരിട്ട് ചര്‍ച്ച നടത്തിയെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇ രാജിവച്ച നാലു പേര്‍ തിരിച്ചെത്തുമെന്ന ധൈര്യത്തിലാണ് സഭയില്‍ വിശ്വാസ വോട്ട് തേടാന്‍ തയ്യാറാണെന്ന് കുമാരസ്വാമി പ്രഖ്യാപിച്ചത് എന്നാണ് വിവരം.