ന്യൂയോര്‍ക്ക്: ഇസ്‌ലാമോഫോബിയയെ പ്രതിരോധിക്കാന്‍ പുതിയ ഇംഗ്ലീഷ് ടി.വി ചാനല്‍ എന്ന ആശയവുമായി മൂന്ന് രാജ്യങ്ങള്‍ രംഗത്ത്. തുര്‍ക്കി, മലേഷ്യ, പാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളാണ് ഇസ്‌ലാമിനെതിരെയും മുസ്‌ലിംകള്‍ക്കെതിരെയുമുള്ള ഭീതി ചെറുക്കാനുള്ള ചാനല്‍ എന്ന നീക്കവുമായി മുന്നോട്ട് വരുന്നത്. ഇതിന്റെ ഭാഗമായി തുര്‍ക്കി പ്രധാനമന്ത്രി ഉര്‍ദുഗാന്‍, മലേഷ്യന്‍ പ്രധാനമന്ത്രി മഹാതീര്‍ എന്നിവരുമായി കൂടിക്കാഴ്ച്ച നടത്തിയതായി പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ട്വിറ്ററിലൂടെ അറിയിച്ചു. ന്യൂയോര്‍ക്കിലെ 74ാം യു.എന്‍ സെഷനിടെയാണ് മൂന്ന് രാജ്യങ്ങളുടെയും പ്രധാനമന്ത്രിമാര്‍ കൂടിക്കാഴ്ച്ച നടത്തിയത്.
മുസ്‌ലിംകളെക്കുറിച്ചുള്ള തെറ്റായ ധാരണ മാറ്റാനും ദൈവനിന്ദയെക്കുറിച്ച് ശരിയായ രീതിയില്‍ മനസ്സിലാക്കാനും ചാനല്‍ സഹായിക്കുമെന്നും മുസ്‌ലിം ചരിത്രം സീരീസിലൂടെയും സിനിമയിലൂടെയും ചാനലില്‍ കാണിക്കുന്നത് വഴി മുസ്‌ലിം സമൂഹത്തിനും ലോകത്തിനും തന്നെ അറിവ് പകരാന്‍ സഹായിക്കുമെന്നും ഇമ്രാന്‍ ഖാന്‍ ട്വീറ്റിലൂടെ പറഞ്ഞു. മുസ്‌ലിംകള്‍ക്ക് ശരിയായ രീതിയില്‍ മാധ്യമ ശ്രദ്ധ നേടികൊടുക്കുകയാണ് ചാനലിന്റെ ലക്ഷ്യമെന്നും ഇമ്രാന്‍ ഖാന്‍ ട്വീറ്റില്‍ പറഞ്ഞു.