X

ഭരണകൂട കാര്യങ്ങളില്‍ ഗവര്‍ണറുടെ അനാവശ്യ ഇടപെടല്‍ : തൃണമൂല്‍ എം.പിമാര്‍ കേന്ദ്രമന്ത്രി രാജ്‌നാഥ് സിങിനെ കണ്ടു പരാതിപ്പെട്ടു

 

ന്യൂഡല്‍ഹി : പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ കേശരി നാഥ് ത്രിപാഠി സംസ്ഥാനത്തെ ഭരണകൂട കാര്യങ്ങളില്‍ അനാവശ്യമായി ഇടപെടുന്നു എന്നാരോപിച്ച് ബംഗാളിലെ 30 തൃണമൂല്‍ കോണ്‍ഗ്രസ് എം.പിമാര്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങിനെ നേരിട്ട് കണ്ട് പരാതിപ്പെട്ടു.

ഗവര്‍ണര്‍ കേശരി നാഥ് ത്രിപാഠി കഴിഞ്ഞ ദിവസം സംസ്ഥാന ഭരണകൂടത്തെ അറിയിക്കാതെ സംസ്ഥാന- കേന്ദ്ര വികസന പദ്ധതികള്‍ അവലോകനം ചെയ്യാന്‍ ജില്ലാ കലക്ടര്‍മാരുടേയും സര്‍ക്കാര്‍ ഉദ്ദ്യോഗസ്ഥരുടേയും യോഗം വിളിച്ചിരുന്നു. യോഗത്തില്‍ ഗ്രാമീണ മേഖലയിലെ എന്‍.ജി.ഒകളുടെ പ്രവര്‍ത്തനം, മുര്‍ഷിദാബാദ് ജില്ലയിലെ നിയമ ഭേദഗതി എന്നിവ ഗവര്‍ണര്‍ ഇവരുമായി അവലോകനം ചെയ്തു. എന്നാല്‍ നിയമവും ഉത്തരവും മറ്റ് വിഷയങ്ങളും സംസ്ഥാന ഗവണ്‍മെന്റിന്റെ പരിധിയില്‍ ഉള്‍പ്പെടുന്നതാണ്. സംസ്ഥാന സര്‍ക്കാറിനെ മറികടന്ന് ഗവര്‍ണറുടെ ഭാഗത്തുനിന്നും ഉണ്ടായ നീക്കം തെറ്റാണെന്ന് എം.പിമാര്‍ സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു.

സംസ്ഥാന സര്‍ക്കാറിന്റെ അധികാര പരിതിയിലെ കാര്യങ്ങള്‍ സര്‍ക്കാറിനെ മറികടന്ന് ഗവര്‍ണറിന്റെ ഭാഗത്തു നിന്നുണ്ടാവുന്ന നീക്കങ്ങള്‍ തെറ്റാണ്. കേന്ദ്രമന്ത്രി രാജ്‌നാഥ് സിങിനെ കണ്ട് കാര്യങ്ങള്‍ അറിയിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് മന്ത്രിക്ക് സമര്‍പ്പിച്ച പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. പരാതികള്‍ പരിശോധിച്ച് വേണ്ട നടപടികള്‍ കൈക്കൊളാമെന്ന് രാജ്‌നാഥ് സിങ് ഉറപ്പു നല്‍കിയതായും തൃണമൂല്‍ കോണ്‍ഗ്രസ് എം.പിയും പ്രമുഖ നേതാവുമായ ദീപക് ഓബ്രിയന്‍ രാജ്‌നാഥ് സിങിനെ സന്ദര്‍ശിച്ചതിനു ശേഷം മാധ്യമങ്ങളോട് പറഞ്ഞു.

chandrika: