കോഴിക്കോട് വഴി പുതിയ ട്രെയിനുകള്‍ അനുവദിക്കുമെന്ന് ഷാഫി പറമ്പില്‍ എം.പിക്ക് ഉറപ്പ് നല്‍കി റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. കോഴിക്കോട് മംഗലാപുരം റൂട്ടില്‍ നേത്രാവതിക്ക് ശേഷം മൂന്ന് മണിക്കൂര്‍ ഇടവേളക്ക് ശേഷമാണ് അടുത്ത് ട്രെയിനുള്ളതെന്ന വിവരം മന്ത്രിയെ ധരിപ്പിക്കാന്‍ സാധിച്ചതിനാലാണ് ഷാഫിക്ക് അനുകൂല മറുപടി ലഭിച്ചത്.
യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് ക്രിസ്തുമസ്സ് സീസണില്‍ വിവിധ നഗരങ്ങളില്‍ നിന്നും നിരവധി സ്‌പെഷ്യല്‍ ട്രെയിനുകള്‍ കേരളത്തിലേക്ക് ഏര്‍പ്പാട് ചെയ്യുമെന്നും മന്ത്രി അറിയിച്ചു. അതേസമയം, കൊയിലാണ്ടിയിലും വടകരയിലും തലശ്ശേരിയിലും പുതിയ സ്‌റ്റോപ്പുകള്‍ അനുവദിക്കാന്‍ തീരുമാനമായി. കൊയിലാണ്ടി സ്‌റ്റേഷന്‍ ഈ ഭരണ കാലയളവില്‍ തന്നെ നവീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
കോഴിക്കോട് മംഗലാപുരം റൂട്ടില്‍ നേത്രാവതിക്ക് ശേഷം മൂന്ന് മണിക്കൂറിലധികം ഇടവിട്ടെ അടുത്ത ട്രെയിനുള്ളു എന്ന് മന്ത്രിയെ ബോധ്യപ്പെടുത്തുകയും, പരശുവിലെയും പാസ്സഞ്ചറിലേയും തിരക്കിന്റെ സാഹചര്യങ്ങളും വിശദീകരിച്ചത് കൊണ്ട് മേല്‍ ഇടവേളയില്‍ ഒരു ഇന്റര്‍സിറ്റി കൂടി അനുവദിക്കുന്നതിന്റെ സാധ്യതകള്‍ പരിശോധിക്കുവാന്‍ മന്ത്രി ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഉച്ചയ്ക്ക് ശേഷം കൊയമ്പത്തൂരില്‍ നിന്ന് പുറപ്പെട്ട് പാലക്കാട്, ഷൊര്‍ണ്ണൂര്‍, കോഴിക്കോട് വഴി രാത്രി മംഗലാപുരത്ത് എത്തി തിരിച്ച് രാവിലെ നേരത്തെ മംഗലാപുരത്ത് നിന്ന് പുറപ്പെടുന്ന രീതിയില്‍ ഒരു ഇന്റര്‍സിറ്റി കൂടി അനുവദിക്കുന്ന കാര്യത്തിന് അനുകൂല മറുപടിയാണ് ഷാഫി പറമ്പില്‍ എം.പിക്ക് ലഭിച്ചത്.