ദുബൈ: ഷാര്‍ജ രാജ്യാന്തര വിമാനത്താവളത്തില്‍ പുതിയ ടെര്‍മിനല്‍ ഏപ്രില്‍ മാസത്തില്‍ തുറക്കും. അത്യാധുനിക സംവിധാനങ്ങളോടെയുള്ള അറൈവല്‍ ടെര്‍മിനലിന്റെ പണികള്‍ ദ്രുതഗതിയില്‍ പൂര്‍ത്തിയാക്കി ഈ ഏപ്രിലില്‍ തന്നെ യാത്രക്കാര്‍ക്ക് തുറന്നുകൊടുക്കുമെന്ന് ഷാര്‍ജ രാജ്യാന്തര എയര്‍പോര്‍ട്ട് അതോറിറ്റി അറിയിച്ചു.
സ്മാര്‍ട് സെല്‍ഫ് ചെക്ക്-ഇന്‍ സംവിധാനവും മികച്ച പാര്‍കിംഗ് സൗകര്യവും ഒരുക്കുന്നുണ്ട്. മേഖലയില്‍ മികച്ച എയര്‍പോര്‍ട്ടായി വളര്‍ന്നു വരുന്ന ഷാര്‍ജക്ക് പുതിയ ടെര്‍മിനല്‍ കൂടുതല്‍ ഊര്‍ജം പകരുമെന്ന് പ്രതീക്ഷയിലാണ് അധികൃതര്‍. ലോകത്തിന്റെ 120 ഓളം സ്ഥലങ്ങളില്‍ നിന്നായി 12 മില്യന്‍ യാത്രക്കാരെയാണ് ഈ വര്‍ഷം ഇവിടെ പ്രതീക്ഷിക്കുന്നത്. 2017 വര്‍ഷത്തില്‍ 20 മില്യന്‍ യാത്രക്കാരെ കൈകാര്യം ചെയ്ത ഷാര്‍ജ എയര്‍പോര്‍ട്ടില്‍ കൂടുതല്‍ വികസനം അനിവാര്യമായ സാഹചര്യത്തിലാണ് പുതിയ വികസനം. ഇതിനായി 1.5 ബില്യന്‍ ദിര്‍ഹം ചെലവഴിച്ചതായി എയര്‍പോര്‍ട്ട് അതോറിറ്റി ഡയറക്ടര്‍ ജനറല്‍ ശൈഖ് ഫൈസല്‍ ബിന്‍ സഊദ് അല്‍കാസിമിയെ ഉദ്ധരിച്ച് പ്രമുഖ പത്രം റിപ്പോര്‍ട്ട് ചെയ്തു. എയര്‍പോര്‍ട്ടില്‍ നടപ്പാക്കിവരുന്ന അടിസ്ഥാന വികസന പദ്ധതികള്‍ രാജ്യാന്തര വിമാനങ്ങളെ കൂടുതല്‍ ആകര്‍ഷിക്കാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. ഇതോടെ ഷാര്‍ജയില്‍ നിന്നും അമേരിക്ക, ഏഷ്യന്‍-യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് കൂടുതല്‍ വിമാനങ്ങള്‍ സര്‍വീസ് നടത്തും.
എയര്‍പോര്‍ട്ടിലേക്കുള്ള റോഡ് ഗതാഗത സൗകര്യം കൂടുതല്‍ മെച്ചപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ വര്‍ഷം 20 മില്യന്‍ യാത്രക്കാരെ കൈകാര്യം ചെയ്‌തെങ്കില്‍ നടപ്പുവര്‍ഷം ഇത് വര്‍ധിപ്പിക്കാനാവുമെന്ന പ്രതീക്ഷയിലാണ് അതോറിറ്റി. മാത്രമല്ല സ്മാര്‍ട് ഗെയ്റ്റുകള്‍ സ്ഥാപിക്കുന്നതോടെ യാത്രക്കാരുടെ നീണ്ട ക്യൂവും തിരക്കും ഒഴിവാക്കാനാവും. കൂടാതെ സെല്‍ഫ് ചെക്ക്-ഇന്‍ സംവിധാനവും എയര്‍പോര്‍ട്ടിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കും. ഷാര്‍ജ എയര്‍പോര്‍ട്ടിന്റെ വികസനത്തോടെ എമിറേറ്റിലേക്ക് കൂടുതല്‍ യാത്രക്കാരെയും വിനോദസഞ്ചാരികളെയും ആകര്‍ഷിക്കാര്‍ കഴിയുമെന്നും അതോറിറ്റി ലക്ഷ്യമിടുന്നു. മറ്റു എമിറേറ്റുകളുടെ മധ്യത്തിലായി സ്ഥിതിചെയ്യുന്ന ഷാര്‍ജയില്‍ നിന്നും എല്ലായിടത്തേക്കും റോഡ് മാര്‍ഗമുള്ള മികച്ച ഗതാഗതസൗകര്യം എയര്‍പോര്‍ട്ടിന്റെ വികസനസാധ്യകള്‍ക്ക് കൂടുതല്‍ ഗുണകരമാവും. നാള്‍ക്കുനാള്‍ വളര്‍ന്നുവരുന്ന ഷാര്‍ജ എയര്‍പോര്‍ട്ടിന്റെ സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്താനുള്ള കടുത്ത ശ്രമത്തിലാണ് എയര്‍പോര്‍ട്ട് അതോറിറ്റി.