X

രണ്ടാഴ്ചയ്ക്കകം പുതിയ അന്വേഷണസംഘം വേണം; പാലത്തായി കേസില്‍ പഴയ സംഘത്തിലെ ആരും വേണ്ടെന്ന് ഹൈക്കോടതി

കൊച്ചി: പാലത്തായി കേസില്‍ പിണറായി സര്‍ക്കാറിന് കനത്ത തിരിച്ചടിയുമായി ഹൈക്കോടതി. പാലത്തായി കേസില്‍ രണ്ടാഴ്ചയ്ക്കകം പുതിയ അന്വേഷണ സംഘം രൂപീകരിക്കണമെന്ന് ഹൈക്കോടതി.

നിലവിലെ അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥര്‍ പുതിയ അന്വേഷണത്തില്‍ ഉണ്ടാവരുതെന്നും കോടതി നിര്‍ദ്ദേശിച്ചു. ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്താനാണ് ഉത്തരവ്.

പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ അമ്മയുടെ ഹര്‍ജിയിലാണ് ഉത്തരവ്. സ്‌കൂള്‍ വളപ്പില്‍വച്ച് അധ്യാപകന്‍ പലതവണ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് അനുകൂല രീതിയിലാണ് ക്രൈംബ്രാഞ്ച് അന്വേഷണമെന്നാരോപിച്ചാണ് പെണ്‍കുട്ടിയുടെ അമ്മ ഹര്‍ജി നല്‍കിയത്. ഐജി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

ബിജെപി നേതാവ് കൂടിയായ പ്രതി പത്മരാജന്‍ കുട്ടിയെ സ്്കൂളില്‍ വച്ച് പലതവണ പീഡിപ്പിച്ചെന്നാണ് കേസ്. എന്നാല്‍ കേസില്‍ കഴിഞ്ഞ ഏപ്രിലില്‍ അറസ്റ്റിലായ പ്രതിക്ക് വിചാരണ കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. തുടര്‍ന്നാണ് കുടുംബം അന്വേഷണസംഘത്തിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്.

അതേസമയം, അന്വേഷണസംഘത്തില്‍ നിന്ന് ഐജി ശ്രീജിത്തിനെ മാറ്റുന്നതില്‍ ഏതിര്‍പ്പില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. പുതിയ അന്വേഷണസംഘം വരുന്നതിനെ സ്വാഗതം ചെയ്യുന്നതായി സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ പറഞ്ഞു.

 

chandrika: