X

പഴയ ഇന്ത്യയല്ല ഈ പുതിയ ഇന്ത്യ

പൂനെ: 76 പന്തില്‍ 120 റണ്‍സ്…. ശരവേഗതയില്‍ ഒരു യുവതാരം തിമിര്‍ത്താടിയപ്പോള്‍ മറുഭാഗത്തുളള യുവ ക്യാപ്റ്റന്‍ അന്ധാളിച്ചു…. വലിയ സ്‌ക്കോര്‍ പിന്തുടരുമ്പോള്‍ തല താഴ്ത്തി കളിക്കുന്ന പഴയ ഇന്ത്യയല്ല ഈ പുതിയ ഇന്ത്യ-അടിക്ക് തിരിച്ചടി. അതായിരുന്നു കേദാര്‍ ജാദവ്. ആ ഇന്നിംഗ്‌സ് തട്ടുപൊളിപ്പനായിരുന്നു എന്ന് വിശദീകരിക്കുകയാണ് ക്യാപ്റ്റന്‍ കോലി. ഏകദിന ടീമിനെ നയിച്ചിറങ്ങിയ ആദ്യ മല്‍സരത്തില്‍ സമ്മര്‍ദ്ദത്തിന്റെ നെരിപ്പോടിലായിരുന്നു നായകന്‍. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടുകാര്‍ വാരിക്കൂട്ടിയത് 300 പ്ലസ് റണ്‍സ്.

തിരിച്ചടിക്കാനിറങ്ങിയപ്പോള്‍ മഹേന്ദ്രസിംഗ് ധോണിയുടേതുള്‍പ്പെടെ മുന്‍നിരയിലെ നാലു പേര്‍ വേഗം മടങ്ങി. പക്ഷേ അവിടെ നിന്നാണ് കേദാര്‍ തുടങ്ങിയത്. ഇനി കേള്‍ക്കുക മല്‍സരത്തില്‍ 105 പന്തില്‍ 122 റണ്‍സ് നേടിയ കോലിയുടെ വാക്കുകള്‍:ഏറ്റവും മികച്ച കണക്ക് കൂട്ടിയ ഇന്നിംഗ്‌സ്. യുവതാരങ്ങള്‍ തുടക്കത്തില്‍ പതര്‍ച്ച പ്രകടിപ്പിക്കാറുണ്ടെങ്കില്‍ കേദാറിലെ ബാറ്റ്‌സ്മാന്‍ ആത്മവിശ്വാസക്കാരനാണ്. ഏത് സന്നിഗ്ദ്ധഘട്ടത്തിലും ജയിക്കാമെന്ന് വിശ്വസിക്കുന്നയാള്‍. ഇത്തരത്തിലുളളവര്‍ ഏത് നായകനും വലിയ പ്രതീക്ഷയാണ്. ഇംഗ്ലീഷ് നിരയില്‍ നല്ല നാല് അതിവേഗക്കാരുണ്ടായിരുന്നു.

അവരെ സമര്‍ത്ഥമായാണ് കേദാര്‍ കൈകാര്യം ചെയ്തത്. സ്പിന്നേഴ്‌സിനെ അദ്ദേഹം നന്നായി നിയന്ത്രിച്ചു. അവര്‍ക്ക് മല്‍സരത്തില്‍ നിലയുറപ്പിക്കാന്‍ അവസരം നല്‍കിയില്ല. കേദാറിന്റെ ചില ഷോട്ടുകള്‍ അതിസുന്ദരമായിരുന്നു. ആ ഷോട്ടുകളെക്കുറിച്ച് ചോദിച്ചപ്പോള്‍ സാഹചര്യ ഷോട്ടുകളെന്നായിരുന്നു കേദാറിന്റെ മറുപടി. നാല് വിക്കറ്റ് നഷ്ടപ്പെട്ട് ടീം തകര്‍ച്ചയെ നേരിടുന്ന ഘട്ടത്തിലുളള ബാറ്റിംഗ് അതിവേഗതയിലായിരുന്നു. പ്രത്യാക്രമണത്തിന്റെ എല്ലാ സൗന്ദര്യവും നിറഞ്ഞ ഇന്നിംഗ്‌സ്. ഇത്ര നല്ല പാര്‍ട്ട്ണര്‍ഷിപ്പില്‍ ഞാന്‍ സമീപകാലത്ത് കളിച്ചിട്ടില്ല.

ആറാം നമ്പറിലാണ് കേദാര്‍ കളിക്കാന്‍ വന്നത്. നാല് വിക്കറ്റ്് നഷ്ടമായെങ്കിലും നല്ല പാര്‍ട്ടണര്‍ഷിപ്പ് പടുത്തുയര്‍ത്തിയാല്‍-150,160 റണ്‍സ് നേടാനായാല്‍ പ്രശ്‌നങ്ങളുണ്ടാവില്ലെന്ന് ഞാന്‍ കേദാറിനോട് പറഞ്ഞു. പിച്ച് സുന്ദരമായിരുന്നു. അതിവേഗതയിലാണ് പന്ത് ബാറ്റിലേക്ക് വന്നത്. 350 റണ്‍സിലപ്പുറം നമ്മള്‍ മുമ്പും ചേസ് ചെയ്ത് വിജയിച്ച കാര്യം ഞാന്‍ പറഞ്ഞു. എന്നാല്‍ നാല് വിക്കറ്റിന് 63 എന്ന നിലയില്‍ നിന്നായിരുന്നില്ല ആ തിരിച്ചുവരവുകള്‍. ഇടക്കിടക്ക് സിക്‌സര്‍ നേടി ബൗളര്‍മാരെ സമ്മര്‍ദ്ദത്തിലാക്കാനും ഞങ്ങള്‍ തീരുമാനിച്ചിരുന്നു.

കേദാറിന് ഇടക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ വന്നു. കാലുകള്‍ തളര്‍ന്നു. പക്ഷേ കരുത്തോടെ നില്‍ക്കാനാണ് ഞാന്‍ നിര്‍ദ്ദേശിച്ചത്. ന്യൂസിലാന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ ഒരു മല്‍സരത്തിനിടെ കാലിലെ വേദന കാരണം ടീമിനെ നിര്‍ണായക ഘട്ടത്തില്‍ വിജയിപ്പിക്കാന്‍ അവന് കഴിഞ്ഞിരുന്നില്ല. അത് ആവര്‍ത്തിക്കരുതെന്നും കളിയില്‍ മാത്രം ശ്രദ്ധിക്കാനും പറഞ്ഞു. കാലിലെ വേദനയെക്കുറിച്ച് ചിന്തിച്ചാല്‍ മല്‍സരത്തില്‍ ശ്രദ്ധിക്കാനാവില്ല. സാഹചര്യങ്ങളെ പ്രയോജനപ്പെടുത്തിയുള്ള തകര്‍പ്പന്‍ പ്രകടനത്തില്‍ കേദാര്‍ ശരിക്കും ഊരര്‍ജ്വസ്വലനായിരുന്നു-കോലി പറഞ്ഞു.

നാല് വിക്കറ്റിന് 63 റണ്‍സ് എന്ന നിലയില്‍ ഇന്ത്യ തകര്‍ന്നു നില്‍ക്കുന്ന ഘട്ടത്തിലാണ് ആറാമനായി കോലിക്കൊപ്പം ക്രീസിലേക്ക് കേദാര്‍ വന്നത്. യുവരാജ് സിംഗ്, എം.എസ് ധോണി എന്നീ അനുഭവസമ്പന്നര്‍ പെട്ടെന്ന് പുറത്തായപ്പോള്‍ ഇംഗ്ലീഷ് ബൗളര്‍മാര്‍ പ്രതീക്ഷയിലായിരുന്നു. പക്ഷേ അവിടെ നിന്നാണ് കോലിയും കേദാറും അരങ്ങ് തകര്‍ത്തത്.

chandrika: