X

ന്യൂ സൗത്ത് വേല്‍സ് കൊടും വരള്‍ച്ചയുടെ പിടിയില്‍

 

കാന്‍ബറ: ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വേല്‍സ് സ്‌റ്റേറ്റ് കടുത്ത വരള്‍ച്ചയുടെ പിടിയില്‍. രാജ്യത്തിന്റെ കാര്‍ഷികോല്‍പന്നങ്ങളില്‍ പകുതിയും ഉല്‍പാദിപ്പിക്കുന്ന സ്റ്റേറ്റിലെ വരള്‍ച്ച ഓസ്‌ട്രേലിയയെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള സ്‌റ്റേറ്റ് കൂടിയാണ് ന്യൂ സൗത്ത് വേല്‍സ്. വരള്‍ച്ച നൂറുശതമാനം രൂക്ഷമാണെന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ട്. അടിയന്തര സഹായമായി ഓസ്‌ട്രേലിയന്‍ ഭരണകൂടം 430 ദശലക്ഷം യു.എസ് ഡോളര്‍ അനുവദിച്ചിട്ടുണ്ട്. സ്‌റ്റേറ്റില്‍ കുടിവെള്ള ക്ഷാമം രൂക്ഷമാണ്. കാര്‍ഷിക വിളകള്‍ നശിച്ചുതുടങ്ങി. കന്നുകാലികളും ഭക്ഷണം കിട്ടാതെ വലയുകയാണ്. സമീപ കാലത്തൊന്നും ഇത്തരമൊരു വരള്‍ച്ച ഉണ്ടായിട്ടില്ലെന്ന് കര്‍ഷകര്‍ പറയുന്നു. ഭക്ഷ്യക്ഷാമത്തെ തുടര്‍ന്ന് ഭൂരിഭാഗം പേരും കന്നുകാലികളെ വിറ്റഴിച്ചു തുടങ്ങിയിട്ടുണ്ട്. മഴ വൈകുമെന്നതുകൊണ്ട് വരും ദിവസങ്ങളില്‍ സ്ഥിതി കൂടുതല്‍ വഷളകാനാണ് സാധ്യതയെന്ന് വിദഗ്ധര്‍ പറയുന്നു. ഓസ്‌ട്രേലിയയുടെ മറ്റു ഭാഗങ്ങളിലും മഴ ലഭ്യത ഗണ്യമായി കുറഞ്ഞിട്ടുണ്ട്. വിക്ടോറിയയുടെ ചില ഭാഗങ്ങളിലും വരള്‍ച്ച രൂക്ഷമാണെന്നാണ് റിപ്പോര്‍ട്ട്. ഇങ്ങനെ പോയാല്‍ രാജ്യം വൈകാതെ വരള്‍ച്ചയുടെ നാടായി മാറിയേക്കുമെന്ന് പ്രധാനമന്ത്രി മാല്‍ക്കം ടേണ്‍ബുള്‍ പറഞ്ഞു. കര്‍ഷകര്‍ക്ക് ആശ്വാസമായി ഓരോ വര്‍ഷവും നല്‍കിപ്പോരുന്ന സഹായധനത്തില്‍ ഇത്തവണ വര്‍ധന വരുത്തിയതായി അദ്ദേഹം അറിയിച്ചു.

chandrika: