ദോഹ: പോര്‍ച്ചുഗല്‍ എന്ന കൊച്ചു യൂറോപ്യന്‍ രാജ്യം ഇത് വരെ ലോകകപ്പില്‍ മുത്തമിട്ടിട്ടില്ല. പക്ഷേ യുസേബിയോയെ അറിയാത്തവരില്ല. ലൂയിസ് ഫിഗോയെ അറിയാത്തവരില്ല. അവരുടെ ചലനങ്ങള്‍ ലോകകപ്പില്‍ എത്രയോ തവണ കണ്ടിരിക്കുന്നു. ഫിഗോ യുഗത്തിന് ശേഷം കൃസ്റ്റിയാനോ റൊണാള്‍ഡോ എന്ന ഇതിഹാസം. ലോക ഫുട്‌ബോള്‍ കണ്ട സമാനതകളില്ലാത്ത പ്രതിഭ. പ്രായം തളര്‍ത്താത്ത പോരാളി ഖത്തറിലേക്ക് വരുന്നത് പുത്തന്‍ ദേശീയ കുപ്പായത്തില്‍.
പച്ച ഷോര്‍ട്ട്‌സും ചുവന്ന ഷര്‍ട്ടുമായിരുന്നു ഇത് വരെ പോര്‍ച്ചുഗലിന്റെ ജഴ്‌സിയെങ്കില്‍ ഖത്തറില്‍ ചെറിയ മാറ്റമുണ്ടാവും. പോര്‍ച്ചുഗല്‍ ദേശീയ പതാകയുടെ നിറത്തില്‍ ചുവപ്പിനൊപ്പം പച്ച നിറവും ഉള്‍ക്കൊളളുന്ന പുതിയ ഷര്‍ട്ടിലായിരിക്കും സി.ആര്‍ സംഘം ലോകകപ്പിനിറങ്ങുക. നൈകി ഡിസൈന്‍ ചെയ്ത പുതിയ ജഴ്‌സി കഴിഞ്ഞ ദിവസം പുറത്തിറക്കി. പതാകയണിയു എന്ന മുദ്രാവാക്യത്തിലാണ് പുത്തന്‍ ജഴ്‌സി. പരമ്പരാഗതമായി പറങ്കി ടീം ചുവന്ന ഷര്‍ട്ടിലാണ് ഇറങ്ങാറുള്ളത്. ഇതിനൊരു മാറ്റം വന്നത് 2010 ലെ ദക്ഷിണാഫ്രിക്കന്‍ ലോകകപ്പിലായിരുന്നു. ചുവപ്പിനൊപ്പം പച്ച നിറം ഹൊറിസോണ്ടലായി നല്‍കിയിരുന്നു.
എന്നാല്‍ 2014 ലും 2018 ലും ടീം ചുവപ്പിലേക്ക് തന്നെ മാറി. 2016 ല്‍ റൊണാള്‍ഡോയുടെ നേതൃത്വത്തില്‍ ടീം യൂറോപ്യന്‍ ചാമ്പ്യന്മാരായപ്പോള്‍ അണിഞ്ഞത് ഇതേ ചുവപ്പായിരുന്നു. ഖത്തറില്‍ കളിക്കുന്നതിന് മുമ്പ് തന്നെ പുതിയ ജഴ്‌സി രംഗത്തിറക്കാനാണ് ടീമിന്റെ പരിപാടി. ഈ മാസാവസാനം നടക്കുന്ന യുവേഫ നാഷന്‍സ് ലീഗില്‍ ചെക്ക് റിപ്പബ്ലിക്, സ്‌പെയിന്‍ എന്നിവര്‍ക്കെതിരായ മല്‍സരത്തില്‍ പുതിയ ജഴ്‌സിയിലാവും ടീം. ലോകകപ്പില്‍ ഗ്രൂപ്പ് എച്ചിലാണ് സി.ആര്‍ സംഘം. ആദ്യ റൗണ്ടില്‍ ഘാന, യുറഗ്വായ്, ദക്ഷിണ കൊറിയ എന്നിവരാണ് പ്രതിയോഗികള്‍.