മുംബൈ: ജനുവരി മുതല്‍ അമ്പതിനായിരമോ അതിനു മുകളിലോ ഉള്ള ചെക്ക് ഇടപാടില്‍ സമഗ്രമായ മാറ്റങ്ങള്‍ നിര്‍ദേശിച്ച് റിസര്‍വ് ബാങ്ക്. ചെക്ക് തട്ടിപ്പുകള്‍ തടയുന്നത് ലക്ഷ്യമിട്ട് രൂപം നല്‍കിയ ‘പോസിറ്റീവ് പേ സിസ്റ്റം’ അനുസരിച്ചാണ് പുതിയ മാറ്റങ്ങള്‍ പ്രാബല്യത്തിലാകുക.
ചെക്ക് പേയ്‌മെന്റില്‍ ജനുവരി ഒന്നു മുതല്‍ നടപ്പിലാകുന്ന പുതിയ മാറ്റങ്ങള്‍ ഇങ്ങനെ
1- നിലവില്‍ ചെക്കുകള്‍ പരിശോധിക്കുന്ന സംവിധാനമായ ചെക്ക് ട്രങ്കേഷന്‍ സിസ്റ്റത്തില്‍ (സിടിഎസ്) പോസിറ്റീവ് പേയ്ക്കു കൂടിയുള്ള സൗകര്യം നാഷണല്‍ പേയ്‌മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) ലഭ്യമാക്കും. അമ്പതിനായിരം രൂപയ്ക്ക് മുകളില്‍ ഇഷ്യൂ ചെയ്യുന്ന എല്ലാ ചെക്കുകളിലും പോസിറ്റീവ് പേ ഏര്‍പ്പെടുത്താനുള്ള സൗകര്യം ബാങ്കുകള്‍ അക്കൗണ്ട് ഉടമകള്‍ക്ക് നല്‍കും.
2- ഇടപാടുകള്‍ പോസിറ്റീവ് പേയിലൂടെ വേണമോ എന്നുള്ളത് അക്കൗണ്ട് ഉടമയ്ക്ക് തീരുമാനിക്കാം. പോസിറ്റീവ് പേയ്ക്ക് കീഴില്‍ ഇഷ്യൂ ചെയ്യുന്ന ചെക്കിന്റെ വിവരങ്ങള്‍ ബാങ്കിനെ അറിയിക്കണം.
3- ചെക്കിലെ തിയ്യതി, ചെക്ക് നല്‍കുന്ന/കൈപറ്റുന്നയാളുടെ പേര്, തുക എന്നിവ എസ്എംഎസ്, മൊബൈല്‍ ആപ്പ് തുടങ്ങിയ ഇലക്ട്രോണിക് മാധ്യമങ്ങള്‍ വഴി അക്കൗണ്ട് ഉടമ ചെക്ക് പിന്‍വലിക്കപ്പെടുന്ന ബാങ്കിന് കൈമാറണം. ഇവ സിടിഎസ് വഴി പരിശോധിച്ച് ഒത്തു നോക്കിയ ശേഷമാകും ചെക്കിലെ പണം കൈമാറുക. പൊരുത്തക്കേടുകള്‍ കണ്ടാല്‍ ചെക്ക് ഇഷ്യൂ ചെയ്ത വ്യക്തിയുടെ പക്കലേക്ക് തിരിച്ചയക്കും.