കണ്ണൂര്‍: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് തുടങ്ങിയ സംഘര്‍ഷം പുതിയ തലത്തിലേക്ക് നീങ്ങുന്നു. കണ്ണൂര്‍, പാലക്കാട്, തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ സംഘര്‍ഷാവസ്ഥ തുടരുകയാണ്. കണ്ണൂരില്‍ എ.എന്‍ ശംസീര്‍ എം.എല്‍.എ, സി.പി.എം മുന്‍ ജില്ലാ സെക്രട്ടറി പി.ശശി, വി മുരളീധരന്‍ എം.പി എന്നിവരുടെ വീടുകള്‍ക്ക് നേരെ അക്രമമുണ്ടായി.
ശംസീറിന്റെ മാടപ്പീടികയിലെ വീടിന് നേരെ ഏറിഞ്ഞ ബോംബ് മുറ്റത്ത് വീണുപൊട്ടി. ആക്രമണം നടക്കുമ്പോള്‍ എം.എല്‍.എ വീട്ടിലുണ്ടായിരുന്നില്ല. രാത്രി 11 മണിയോടെയാണ് പി.ശശിയുടെ വീടിന് നേരെ ആക്രമണമുണ്ടായത്. സംഭവ സമയത്ത് പി.ശശിയും വീട്ടിലുണ്ടായിരുന്നില്ല. ഇതിന് പിന്നാലെ 12 മണിയോടെയാണ് വി. മുരളീധരന്റെ എരഞ്ഞോളി വാടിയില്‍പീടികയിലെ തറവാട് വീടിന് നേരെ വാഹനത്തിലെത്തിയ സംഘം ബോംബെറിഞ്ഞത്.
ഇരിട്ടിക്കടുത്ത് പെരുവംപറമ്പില്‍ സി.പി.എം പ്രവര്‍ത്തകന്‍ വി.കെ വിശാഖിനാണ് വെട്ടേറ്റത്. കഴുത്തിന് വെട്ടേറ്റ ഇയാളുടെ നില ഗുരുതരമാണ്. വെള്ളിയാഴ്ച രാത്രി സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് പോകുമ്പോഴാണ് വിശാഖിന് വെട്ടേറ്റത്. ആര്‍.എസ്.എസ് ആണ് ആക്രമണത്തിന് പിന്നിലെന്ന് സി.പി.എം ആരോപിച്ചു.