X

ഫൈവ് സ്റ്റാര്‍ റയല്‍; ക്ലബ് ലോകകപ്പ് കിരീടം നിലനിര്‍ത്തുന്ന ആദ്യ ടീം

അബുദാബി: ലോകഫുട്‌ബോളര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ ഗോള്‍ മികവില്‍ സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡിന് ഫിഫ ക്ലബ് ലോകകപ്പ് . ഇതോടെ ഫിഫക്ലബ് ലോകകപ്പ് കിരീടം നിലനിര്‍ത്തുന്ന ആദ്യ ടീമെന്ന ഖ്യാതി റയല്‍മാഡ്രിഡിന് സ്വന്തമായി. ഫൈനലില്‍ ബ്രസീലിയന്‍ ക്ലബ്ബായ ഗ്രെമിയോയെ എതിരില്ലാത്ത ഒരു ഗോളിന് തകര്‍ത്താണ് റയല്‍ കിരീടം ചൂടിയത്.

ഗോള്‍ രഹിത ആദ്യപകുതിക്കു ശേഷം 53-ാം മിനുട്ടില്‍ ഫ്രീകിക്ക് എതിര്‍ വലയിലെത്തിച്ച് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റയലിന് വിജയമൊരുക്കുകയായിരുന്നു. സെമിയില്‍ ഗോള്‍ നേടി ക്ലബ് ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡ് സ്വന്തമാക്കിയ പോര്‍ചുഗീസ് താരം ടൂര്‍ണമെന്റിലെ ഗോള്‍ ശേഖരം ഏഴാക്കി.

 

കഴിഞ്ഞ നാലുവര്‍ഷത്തിനിടെ റയലിന്റെ മൂന്നാം ലോകകപ്പാണിത്. ഇതോടെ ഏറ്റവും കൂടുലല്‍ ക്ലബ് ലോകകപ്പ് നേടുന്ന ടീമെന്ന റെക്കോര്‍ഡിന് ബന്ധവൈരികളായ ബാര്‍സലോണക്കൊപ്പമെത്താനും റയലിനായി. കൂടാതെ ഒരു സീസണില്‍ അഞ്ചു കിരീടങ്ങള്‍ സ്വന്തമാക്കുന്ന മൂന്നാമത്തെ ടീമായും മാഡ്രിഡ് മാറി. നേരത്തെ ബാര്‍സലോണയും ജര്‍മ്മന്‍ ക്ലബ് ബയേണ്‍ മ്യൂണിക്കുമായിരുന്നു ഈ നേട്ടം കൈവരിച്ച ക്ലബുകള്‍.

2016-17 സീസണില്‍ മത്സരിച്ച ആറു ചാമ്പ്യന്‍ഷിപ്പില്‍ സ്പാനിഷ് ലാലീഗ, യുവേഫ ചാമ്പ്യന്‍സ് ലീഗ് , യുവേഫ സൂപ്പര്‍കപ്പ് , സ്പാനിഷ് സൂപ്പര്‍ ക്ലബ്, ഫിഫ ക്ലബ് ലോകകപ്പ് എന്നീ കിരീടങ്ങളിലാണ് സിനദിന്‍ സിദ്ദാന്റെ ചുണക്കുട്ടികള്‍ മുത്തമിട്ടത്. കോപ്പ ഡെല്‍ റേ മാത്രമാണ് കഴിഞ്ഞ വര്‍ഷം റയലിന്‍ നഷ്ടമായ ട്രോഫി. പരിശീലകനെന്ന എന്ന നിലയില്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ സിനദിന്‍ സിദ്ദാന്റെ എട്ടാം കിരീടമാണിത്.

chandrika: