ദോഹ: ഖത്തറിലെ ഇന്ത്യയുടെ പുതിയ അംബാസിഡറായി വിദേശകാര്യമന്ത്രാലയത്തില്‍ ഗള്‍ഫ് ഡിവിഷന്‍ ചുമതല വഹിച്ചിരുന്ന ജോയിന്‍ സെക്രട്ടറി വിപുല്‍ ഏപ്രിൽ മാസം സ്ഥാനമേല്‍ക്കും. മൂന്നു വര്‍ഷത്തെ സേവന കാലാവധി പൂര്‍ത്തിയാക്കി അംബാസഡര്‍ ഡോ. ദീപക് മിത്തല്‍ കഴിഞ്ഞ ദിവസം ഖത്തറിനോട് വിടപറഞ്ഞു. ന്യൂഡല്‍ഹിയില്‍ പ്രധാനമന്ത്രിയുടെ ഓഫീസര്‍ ഓണ്‍ സ്‌പെഷല്‍ ഡ്യൂട്ടി (ജോയിന്റ് സെക്രട്ടറി) പദവിയിയാണ് ഡോ. മിത്തല്‍ വഹിക്കുക. സിംഗപൂരിലേക്ക് സ്ഥലം മാറിപ്പോയ പി.കുമരനു പകരക്കാരനായാണ് അദ്ദേഹം 2020 മേയില്‍ ദോഹയില്‍ ചുമതലയേറ്റത്.
2017 മെയ് മുതല്‍ 2020 ജൂലൈ വരെ ദുബായ് ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ ആയിരുന്ന വിപുല്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിലെ ഗള്‍ഫ് ഡിവിഷന്‍ ജോയിന്റ് സെക്രട്ടറി എന്ന നിലയില്‍ സ്തുത്യര്‍ഹമായി പ്രവര്‍ത്തിക്കുന്നു. യു.എ.ഇയിലെ ജനകീയ കോണ്‍സുല്‍ ജനറല്‍ എന്ന നിലയില്‍ പ്രവാസികള്‍ക്കിടയില്‍ ഏറെ സുപരിചിതനായിരുന്നു.
1998 ലാണ് ഇന്ത്യന്‍ ഫോറിന്‍ സര്‍വീസില്‍ ചേര്‍ന്നത്. 2014 മുതല്‍ 2017 വരെ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിനു കീഴില്‍ ജോലി ചെയ്തു. കയ്റോ, കൊളംബോ, ജനീവ എന്നിവിടങ്ങളിലെ ഇന്ത്യന്‍ എംബസികളില്‍ രാഷ്ട്രീയം, വാണിജ്യം, വികസനം, ആഭ്യന്തര സുരക്ഷ, മാധ്യമമേഖല തുടങ്ങിയ വിഷയങ്ങള്‍ കൈകാര്യം ചെയ്തിരുന്നു. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നിന്ന് മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദവും ഹൈദരാബാദിലെ ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് ബിസിനസില്‍ നിന്ന് എം.ബി.എയും നേടി. കീര്‍ത്തിയാണ് ഭാര്യ.