ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി റുവാണ്ട, ഉഗാണ്ട, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായി റുവാണ്ടയില്‍ എത്തി. തിങ്കളാഴ്ച റുവാണ്ടയിലെത്തിയ പ്രധാനമന്ത്രി ആഫ്രിക്കന്‍ പര്യടനത്തിന്റെ ആദ്യഘട്ട സന്ദര്‍ശനം ആരംഭിച്ചു. വിഭവസമ്പന്നമായ ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലേക്ക് രാജ്യ സൗഹൃദത്തിന്റെ വ്യാപ്തിയുടെ വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് സന്ദര്‍ശനം. കിഴക്കന്‍ ആഫ്രിക്ക സന്ദര്‍ശിക്കുന്നതിവൂടെ റുവാണ്ടയിലെത്തുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയായി നരേന്ദ്രമോദി മാറും.
20 വര്‍ഷത്തെ ഇടവേളക്കുശേഷമാണ് ഇന്ത്യന്‍ പ്രധാനമന്ത്രി ഉഗാണ്ട സന്ദര്‍ശിക്കുന്നത്. ബ്രിക്സ് ഉച്ചകോടി പ്രമാണിച്ചാണ് ദക്ഷിണാഫ്രിക്കന്‍ സന്ദര്‍ശനം. റുവാണ്ടയില്‍ ജൂലൈ 23, 24. ഉഗാണ്ട 24, 25. ദക്ഷിണാഫ്രിക്ക 25, 26, 27 തീയതികളിലായാണ് സന്ദര്‍ശനം.
റുവാണ്ടയിലും ഉഗാണ്ടയിലും പ്രസിഡന്റുമാരുമായുള്ള ഉഭയകക്ഷി ചര്‍ച്ചകളും പ്രതിനിധിതല ചര്‍ച്ചകളും ബിസിനസ് പ്രമുഖരും ഇന്ത്യന്‍ വംശജരുമായുള്ള കൂടിക്കാഴ്ചകളും നടക്കും. റുവാണ്ടയിലെ വംശഹത്യാ സ്മാരകം പ്രധാനമന്ത്രി സന്ദര്‍ശിക്കും. പ്രസിഡന്റ് പോള്‍കഗാമെ മുന്‍കയ്യെടുത്തു നടപ്പാക്കിയ ദേശീയ സാമൂഹ്യസുരക്ഷാ പദ്ധതിയായ ‘ഗിരിങ്ക (ഒരു കുടുംബത്തിന് ഒരു പശു) യുമായി ബന്ധപ്പെട്ട ചടങ്ങിലും പങ്കെടുക്കും. ഉഗാണ്ടയുടെ പാര്‍ലമെന്റില്‍ അദ്ദേഹം മുഖ്യപ്രഭാഷണം നിര്‍വഹിക്കും. ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഉഗാണ്ടന്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യുന്നത്.
ദക്ഷിണാഫ്രിക്കയില്‍ പ്രസിഡന്റുമായി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തുന്ന പ്രധാനമന്ത്രി, ബ്രിക്സ്ഉച്ചകോടിയിലും അനുബന്ധ യോഗങ്ങളിലും സംബന്ധിക്കും. അംഗരാഷ്ട്രങ്ങളുമായുള്ള ഉഭയകക്ഷി ചര്‍ച്ചകളും ഉച്ചകോടിക്കിടെ നടക്കും.
കരുത്തുറ്റ വികസന പങ്കാളിത്തവും ഇന്ത്യന്‍ വംശജരുടെ വലിയതോതിലുള്ള സാന്നിധ്യവും അടിത്തറയായി നിലകൊള്ളുന്ന ഊഷ്മളവും സൗഹാര്‍ദപരവുമായ ബന്ധമാണ് ഇന്ത്യക്ക് ആഫ്രിക്കയുമായി ഉള്ളത്. പ്രതിരോധം, വാണിജ്യം, സംസ്‌കാരം, കൃഷി, ക്ഷീര മേഖലയിലെ സഹകരണം തുടങ്ങി വിവിധ മേഖലകളിലെ നിരവധി കരാറുകളും ധാരണാപത്രങ്ങളും പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനിടെ ഒപ്പുവെക്കപ്പെടും. രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും നേതൃത്വം നല്‍കുന്ന ഇന്ത്യന്‍ സംഘങ്ങള്‍ നേരത്തെ 23 തവണ ആഫ്രിക്ക സന്ദര്‍ശിച്ചിട്ടുണ്ട്.