മനില: ദൈവമുണ്ടെന്ന് തെളിയിച്ചാല്‍ പ്രസിഡന്റ് സ്ഥാനം രാജിവെക്കുമെന്ന് ഫിലിപ്പീന്‍ പ്രസിഡന്റ് റോഡ്രിഗോ ഡ്യുടര്‍ട്ടെ. ദൈവം മണ്ടനാണെന്ന് പറഞ്ഞ് റോമന്‍ കത്തോലിക്കര്‍ക്ക് ഭൂരിപക്ഷമുള്ള രാജ്യത്ത് നേരത്തെയും അദ്ദേഹം വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. കഴിഞ്ഞ ദിവസം നടത്തിയ പ്രസംഗത്തില്‍ കത്തോലിക്ക സഭയുടെ അടിസ്ഥാന വിശ്വാസ പ്രമാണങ്ങളെ റോഡ്രിഗോ ചോദ്യംചെയ്തു. സഭയുമായി ഏറ്റുമുട്ടലിന്റെ പാതയിലുള്ള അദ്ദേഹത്തിന്റെ പുതിയ പ്രസ്താവനയും വന്‍ വിവാദങ്ങള്‍ക്കാണ് തിരി കൊളുത്തിയിരിക്കുന്നത്.
ദൈവവുമായി സംസാരിക്കുന്ന ചിത്രമോ സെല്‍ഫിയോ തെളിവായി നല്‍കിയാല്‍ തല്‍ക്ഷണം രാജിവെക്കുമെന്ന് 73കാരനായ റോഡ്രിഗോ പരിഹാസപൂര്‍വ്വം പ്രഖ്യാപിച്ചു. ആദി പാപം ഉള്‍പ്പെയുള്ള ക്രൈസ്തവ വിശ്വാസ പ്രമാണങ്ങളെയും അദ്ദേഹം എതിര്‍ത്തു. നവജാത ശിശുക്കള്‍ പാപികളാണെന്നും അവര്‍ മാമോദീസ മുക്കിയാല്‍ മാത്രമേ പാപമുക്തരാകൂ എന്ന വിശ്വാസത്തിന് എന്ത് യുക്തിയാണുള്ളതെന്ന് റോഡ്രിഗോ ചോദിച്ചു. മയക്കുമരുന്നു വിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി നിരപരാധികളെ കൊന്നുതള്ളുന്ന റോഡ്രിഗോയുടെ നയങ്ങളെ കത്തോലിക്കാസഭ ശക്തമായി എതിര്‍ത്തിരുന്നു. ഇതാണ് സഭക്കെതിരെ തിരിയാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. ഫിലിപ്പീന്‍സില്‍ അധികവും റോമന്‍ കത്തോലിക്കാ വിശ്വാസികളാണ്.