ഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ സെന്‍ട്രല്‍ വിസ്താ പദ്ധതിയുമായി ബന്ധപ്പെട്ട് നിര്‍മാണ പ്രവര്‍ത്തനങ്ങളോ, കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റുകയോ, മരം മുറിക്കുകയോ ചെയ്യരുതെന്ന് സുപ്രീംകോടതി.
അതേസമയം പദ്ധതിയുമായി ബന്ധപ്പെട്ട കടലാസുജോലികളുമായി മുന്നോട്ടുപോകാന്‍ കോടതി കേന്ദ്രത്തിന് അനുവാദം നല്‍കി. ഡിസംബര്‍ പത്തിന് തീരുമാനിച്ചിരിക്കുന്ന ശിലാസ്ഥാപന ചടങ്ങിനും സുപ്രീംകോടതി അനുമതി നല്‍കിയിട്ടുണ്ട്.
നിര്‍മാണ പദ്ധതിയുമായി മുന്നോട്ടുപോയ കേന്ദ്രനിലപാടില്‍ കോടതി അതൃപ്തി രേഖപ്പെടുത്തി. പദ്ധതിക്ക് സ്റ്റേ ഏര്‍പ്പെടുത്തിയില്ലെന്നതിന് അര്‍ഥം മുന്നോട്ടുപോകാമെന്നല്ലെന്ന് ജസ്റ്റിസ് ഖാന്‍വില്‍ക്കര്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍മേത്തയോട് പറഞ്ഞു.
ത്രികോണാകൃതിയിലുള്ള പാര്‍ലമെന്റ് മന്ദിരവും അതിനടുത്തുതന്നെ പ്രധാനമന്ത്രിയുടെ വസതിയും ഓഫീസുമെല്ലാം ഉള്‍പ്പെടുന്നതാണ് സെന്‍ട്രല്‍ വിസ്ത പദ്ധതി. രാഷ്ട്രപതിഭവന്‍ ഇപ്പോഴത്തേതുതന്നെ തുടരും. നിലവിലെ പാര്‍ലമെന്റ് മന്ദിരം, നോര്‍ത്ത് സൗത്ത് ബ്ലോക്കുകള്‍ എന്നിവ പൈതൃകകേന്ദ്രങ്ങളെന്ന നിലയില്‍ നിലനിര്‍ത്തും. പുതിയ പദ്ധതി പൂര്‍ത്തിയാവുന്നതോടെ വിജയ് ചൗക്ക് ഉള്‍പ്പെടുന്ന തന്ത്രപ്രധാനമേഖലയുടെ മുഖച്ഛായ മാറും. രാഷ്ട്രപതിഭവന്‍, ഉപരാഷ്ട്രപതിഭവന്‍, പ്രധാനമന്ത്രിയുടെ വസതി, ഓഫീസ് എന്നിവ അടുത്തടുത്താകും.
പാര്‍ലമെന്റും വിവിധ മന്ത്രാലയങ്ങളുമുള്‍പ്പെടുന്ന ഡല്‍ഹിയിലെ സെന്‍ട്രല്‍ വിസ്ത പുതുക്കിപ്പണിയുന്ന 20,000 കോടിയുടെ പദ്ധതിയുമായി കേന്ദ്രം മുന്നോട്ടുപോകുന്നതിനെതിരേ 60 മുന്‍ ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു. പൊതുജനാരോഗ്യ മേഖല ശക്തിപ്പെടുത്തേണ്ട ഈ സാഹചര്യത്തില്‍ നിരുത്തരവാദപരമായ സമീപനമാണ് സര്‍ക്കാരിന്റേതെന്നാണ് കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നത്.