X

റഫാല്‍ അഴിമതിയില്‍ നിന്നും ശ്രദ്ധതിരിക്കാന്‍ മോദി സര്‍ക്കാര്‍ പാകിസ്താനുമായി യുദ്ധത്തിന് ശ്രമിക്കുന്നു: പാക് മന്ത്രി ഫവാദ് ഹുസൈന്‍

ഇസ്‌ലാമബാദ്: റഫാല്‍ അഴിമതിയില്‍ നിന്നും ശ്രദ്ധതിരിക്കാന്‍ മോദി സര്‍ക്കാര്‍ പാകിസ്താനുമായി യുദ്ധത്തിന് ശ്രമിക്കുന്നു.പാകിസ്താനും ഇന്ത്യയും തമ്മിലുള്ള വിദേശകാര്യ മന്ത്രിതല ചര്‍ച്ചയില്‍ നിന്നും മോദി സര്‍ക്കാര്‍ പിന്മാറാന്‍ തീരുമാനിച്ചത് റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ നിന്നും ശ്രദ്ധതിരിക്കാന്‍ വേണ്ടിയാണെന്നും പാകിസ്താന്‍ ഫെഡറല്‍ മിനിസ്റ്റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ഫവാദ് ഹുസൈന്‍. റഫാല്‍ കരാറുമായി ബന്ധപ്പെട്ട് മോദിയ്ക്കെതിരെ ഉയര്‍ന്നുവന്നിട്ടുള്ള ആരോപണങ്ങളില്‍ നിന്നും ജനശ്രദ്ധ തിരിക്കാനാണ് യുദ്ധക്കൊതിയെ ആശ്രയിച്ചിരിക്കുന്നതെന്നാണ് വിദേശകാര്യ മന്ത്രിതല ചര്‍ച്ചയില്‍ നിന്നും ഇന്ത്യ പിന്‍മാറിയ സംഭവത്തില്‍ ട്വീറ്റിലൂടെ ഫവാദ് ഹുസൈന്‍ തിരിച്ചടിച്ചത്.

‘ ഇന്ത്യയിലെ ഭരണകക്ഷിയായ ഉന്നതവര്‍ഗം ഉയര്‍ത്തുന്ന യുദ്ധക്കൊതിയെ ഞങ്ങള്‍ തള്ളിക്കളയുന്നു. ഈ വന്‍അഴിമതിയില്‍ നിന്നും ഇന്ത്യന്‍ ജനതയുടെ ശ്രദ്ധതിരിക്കാനും മോദി രാജിവെക്കുകയെന്ന മുറവിളിയില്‍ നിന്നും രക്ഷപ്പെടാനുമാണ് ഭാരതസര്‍ക്കാര്‍ പാകിസ്താനെതിരെ വെറുപ്പിന്റെ രാഷ്ട്രീയത്തിലുടെ യുദ്ധമുറവിളി കൂട്ടുന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ് ഷെയര്‍ ചെയ്തുകൊണ്ടാണ് ഫവാദ് ഹുസൈന്‍ മോദി സര്‍ക്കാറിനെ കടന്നാക്രമിച്ചത്.

ഇന്ത്യന്‍ രക്തസാക്ഷികളെ അനാദരിക്കുകയും വഞ്ചിക്കുകയും വഴി ഇന്ത്യന്‍ പട്ടാളക്കാര്‍ക്കെതിരെ സര്‍ജിക്കല്‍ സ്ട്രൈക്ക് ആരംഭിച്ചിരിക്കുകയാണ് മോദി സര്‍ക്കാര്‍ എന്ന രാഹുല്‍ ഗാന്ധിയുടെ ട്വീറ്റാണ് ഫവാദ് ഷെയര്‍ ചെയ്തിരിക്കുന്നത്.

ഫ്രാന്‍സ് മുന്‍ പ്രസിഡന്റ് ഫ്രാങ്കോയിസ് ഹോളണ്ടെയുടെ വെളിപ്പെടുത്തലോടയാണ് റഫാല്‍ വിവാദത്തില്‍ കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ പ്രതിരോധത്തിലായത്. റഫാല്‍ ഇടപാടിലൂടെ ഇന്ത്യന്‍ പ്രതിരോധ സേനക്കു മുകളില്‍ മോദിയും അനില്‍ അംബാനിയും ചേര്‍ന്ന് ഒരു ലക്ഷത്തി മുപ്പതിനായിരം കോടി രൂപയുടെ മിന്നലാക്രമണമാണ് നടത്തിയതെന്നാണ്, ട്വിറ്റില്‍ രാഹുല്‍ ഗാന്ധി ആരോപിച്ചത്. രാജ്യത്തിനു വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച സൈനികരുടെ രക്തത്തോടാണ് മോദി അനാദരവ് കാണിച്ചത്. ഇതിലൂടെ ഇന്ത്യയുടെ ആത്മാവിനെ ഒറ്റിക്കൊടുക്കുകയാണ് പ്രധാനമന്ത്രി ചെയ്തത്. അദ്ദേഹത്തിന് ഇതില്‍ നാണമില്ലേ എന്നും രാഹുല്‍ ട്വീറ്റില്‍ ചോദിക്കുന്നു.

chandrika: