തിരുവനന്തപുരം: ഗവര്‍ണറെയും യു.ജി.സി പ്രതിനിധിയേയും നോക്കുകുത്തിയാക്കി വി.സിമാരെ നിയമിക്കാന്‍ സര്‍വകലാശാല നിയമങ്ങള്‍ ഓര്‍ഡിനന്‍സിലൂടെ ഭേദഗതി വരുത്താന്‍ സര്‍ക്കാരിന്റെ തിരക്കിട്ട നീക്കം. സര്‍വകലാശാല നിയമങ്ങള്‍ ഭേദഗതി ചെയ്യുന്നതിന് സര്‍ക്കാര്‍ നിയമിച്ച കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശ മറയാക്കിയാണ് സര്‍ക്കാരിന്റെ നടപടി.
ഇത് സംബന്ധിച്ച ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദ്ദേശം നിയമവകുപ്പിന്റെ പരിഗണനയിലാണ്. അടുത്ത മന്ത്രിസഭാ യോഗത്തില്‍ പുതിയ ഓര്‍ഡിനന്‍സിറക്കാന്‍ ഇടതുമുന്നണി അനുമതി നല്‍കി. കാലിക്കറ്റ്, കണ്ണൂര്‍, സംസ്‌കൃത സര്‍വകലാശാലകളിലെ വി.സി നിയമനങ്ങളില്‍ ഗവര്‍ണര്‍ സര്‍ക്കാറിനെതിരെ പരസ്യ വിമര്‍ശനം നടത്തിയിരുന്നു. ഇത് ഒഴിവാക്കി സര്‍ക്കാരിന്റെ ഇഷ്ടക്കാരെ തന്നെ വി.സിമാരായി അവരോധിക്കാനാണ് നിയമഭേദഗതി കൊണ്ടുവരുന്നത്. ഒക്ടോബര്‍ കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ: വി.പി മഹാദേവന്‍പിള്ളയുടെ കാലാവധി അവസാനിക്കുണ്ട്. ചട്ട പ്രകാരം സെര്‍ച്ച്കമ്മിറ്റി ഗവര്‍ണര്‍ രൂപീകരിക്കുന്നതിനുമുന്‍പ് നിയമ ഭേദഗതികൊണ്ടുവരാനാണ് സര്‍ക്കാര്‍ തീരുമാനം. ഗവര്‍ണറുടെ നോമിനി, യു.ജി.സി നോമിനി, സര്‍വകലാശാല നോമിനി എന്നിവര്‍ അടങ്ങുന്ന മൂന്ന് അംഗകമ്മിറ്റിയാണ് പാനല്‍ തയ്യാറാക്കി ഗവര്‍ണര്‍ക്ക് സമര്‍പ്പിക്കേണ്ടത്. ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ പാനലില്‍ ഒരാളെ വൈസ് ചാന്‍സലറായി നിയമിക്കും.
കേരള സര്‍വകലാശാല സെനറ്റ് കഴിഞ്ഞമാസം യോഗം ചേര്‍ന്ന് പ്ലാനിങ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ വി.കെ രാമചന്ദ്രനെ യൂണിവേഴ്‌സിറ്റി പ്രതിനിധിയായി നിര്‍ദേശിക്കാന്‍ തീരുമാനിച്ചുവെങ്കിലും ഈ വിവരം ഇതേവരെ സര്‍വകലാശാല ഗവര്‍ണരുടെ ഓഫീസില്‍ അറിയിച്ചിട്ടില്ല. നിര്‍ദ്ദിഷ്ട നിയമഭേദഗതി വരുത്തുന്നതിനുമുമ്പ് ഗവര്‍ണര്‍ കമ്മിറ്റിരൂപീകരിക്കുന്നത് തടയാനാണ് കേരള സര്‍വകലാശാല പ്രതിനിധിയുടെ പേര് ഗവര്‍ണറെ അറിയിക്കാത്തത്.ഗവര്‍ണറുടെ നോമിനിയും യു.ജി.സിയുടെ നോമിനിയും സര്‍ക്കാരിന് താല്പര്യമില്ലാത്തവരാണെങ്കില്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്ന വ്യക്തിയെ വി.സിയാക്കുവാന്‍ ബുദ്ധിമുട്ടാവും. നിലവില്‍ മൂന്നംഗ കമ്മിറ്റിക്ക് മൂന്ന് മുതല്‍ അഞ്ചു വരെയുള്ള പേരുകള്‍ അടങ്ങിയ പാനല്‍ സമര്‍പ്പിക്കാം.
ഇതില്‍നിന്ന് ഗവര്‍ണര്‍ക്ക് താല്പര്യമുള്ള ആളെ വി.സിയായി നിയമിക്കാനാവും. എന്നാല്‍ സര്‍ക്കാരിന്റെ പരിഗണയിലുള്ള പുതിയ ഭേദഗതി പ്രകാരം മൂന്നംഗ കമ്മിറ്റിയിലെ രണ്ടുപേര്‍ സമാന പാനല്‍ ശുപാര്‍ശ ചെയ്താല്‍ അത് കമ്മിറ്റിയുടെ ഔദ്യോഗിക പാനലാകും. ഗവര്‍ണര്‍ക്ക് ആ പാനലായിരിക്കും പരിഗണനക്ക് അയക്കുക. കമ്മിറ്റിയില്‍ ഗവര്‍ണരുടെ പ്രതിനിധിയെ സര്‍ക്കാരിന്റെ ശുപാര്‍ശപ്രകാരം ഗവര്‍ണര്‍ നിയമിക്കണമെന്നും ഭേദഗതി ചെയ്യുന്നുണ്ട്. സര്‍വകലാശാല പ്രതിനിധിയും ഗവര്‍ണറുടെ പ്രതിനിധിയും സര്‍ക്കാരിന് താല്പര്യമുള്ളവരാവുമ്പോള്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്ന ആളെ മാത്രമേ ഗവര്‍ണര്‍ക്ക് വൈസ് ചാന്‍സലറായി നിര്‍മ്മിക്കാനാവു. സെര്‍ച്ച് കമ്മിറ്റിയിലെ യ.ുജി.സി പ്രതിനിധി വ്യത്യസ്ത പാനല്‍ മുന്നോട്ട് വെച്ചാലും അത് ഗവര്‍ണര്‍ക്ക് പരിഗണിക്കാനാവില്ല.