താല്‍ക്കാലിക അധ്യാപക നിയമനം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിലൂടെ നടത്താനുള്ള സര്‍ക്കാര്‍ തീരുമാനം അധ്യയന വര്‍ഷാരംഭത്തില്‍തന്നെ സ്‌കൂളുകളുടെ പ്രവര്‍ത്തനത്തെ അവതാളത്തിലാക്കും. പി.എസ്.സി റാങ്ക് ലിസ്റ്റ് മാറ്റി വെച്ചും പതിവു രീതിയില്‍ മാറ്റം വരുത്തിയും കഴിഞ്ഞ ദിവസം വന്ന ഉത്തരവ്, സ്‌കൂള്‍ അധികൃതരെയും രക്ഷിതാക്കളെയും മാത്രമല്ല പുതിയ അധ്യയന വര്‍ഷത്തില്‍ നിയമനം പ്രതീക്ഷിച്ചിരിക്കുന്ന ഉദ്യോഗാര്‍ഥികളെയും ആശങ്കയിലാക്കിയിരിക്കുകയാണ്.പുതിയ അധ്യയന വര്‍ഷം ആരംഭിക്കാന്‍ ഇനി വെറും മൂന്നു ദിവസം മാത്രമാണ് ബാക്കിയുള്ളത്.
അധ്യാപക ഒഴിവുകളിലേക്ക് താല്‍ക്കാലിക നിയമനത്തിനുള്ള അഭിമുഖം ഉള്‍പ്പടെ പുതിയ അധ്യയന വര്‍ഷത്തെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കെയാണ് അപ്രതീക്ഷിത ഉത്തരവ് വന്നിരിക്കുന്നത്. വര്‍ഷങ്ങളായി 30 ദിവസത്തില്‍ അധികമായി വരുന്ന ഒഴിവുകള്‍ വിദ്യാഭ്യാസ വകുപ്പും ധനവകുപ്പും സര്‍ക്കാറും നിശ്ചയിക്കുന്ന കൃത്യമായ മാനദണ്ഡങ്ങള്‍ പാലിച്ച്, സ്‌കൂള്‍ അധികൃതരും പി.ടി.എ യും ചേര്‍ന്ന് അഭിമുഖങ്ങള്‍ നടത്തിയാണ് നിയമനങ്ങള്‍ നടത്തുന്നത്.
ഇത്തരം നിയമനം ലഭിക്കുന്നവര്‍ക്ക് അവര്‍ ജോലി ചെയ്ത ദിവസങ്ങള്‍ക്ക് മാത്രം സര്‍ക്കാര്‍ കണക്കാക്കിയ വേതനവും ലഭിക്കും. എന്നാല്‍ എംപ്ലോയ്‌മെന്റ് വഴി നിയമനങ്ങളാവുമ്പോള്‍ നിയമിക്കപ്പെടുന്ന അധ്യാപകര്‍ക്ക് ദിവസവേതനത്തിന് പകരം മാസ ശമ്പളം ലഭിക്കുമെന്നത് ഏറെ ആശ്വാസകരമാണ്.
പക്ഷെ എംപ്ലോയ്‌മെന്റില്‍ റജിസ്റ്റര്‍ ചെയ്ത അധ്യാപക യോഗ്യയുള്ളവരെ സീനിയോരിറ്റി അനുസരിച്ച് കത്തയച്ചു അഭിമുഖം നടത്തി ഒഴിവുള്ള സ്‌കൂളുകളില്‍ നിയമിക്കുക എന്നത് സ്‌കൂള്‍ തുറക്കാന്‍ മൂന്നു ദിവസം മാത്രം ബാക്കി നില്‍ക്കുമ്പോള്‍ ഏറെ പ്രയാസകരമാണ്.മാത്രമല്ല സീനിയോറിറ്റി ലിസ്റ്റില്‍ ഉള്‍പ്പെട്ട പലരും മറ്റു പല ജോലികളുള്ളവരായിരിക്കും. കുറഞ്ഞ കാലയളവിലേക്ക് മാത്രമായി പലരും ജോലിയില്‍ പ്രവേശിക്കാനിടയില്ല. അതിനാല്‍ നിയമനം വീണ്ടും വൈകും. എല്‍.പി, യു.പി സ്‌കൂള്‍ അധ്യാപക റാങ്ക് ലിസ്റ്റും നിലവിലുണ്ട്. ഏപ്രിലില്‍ ഇന്റര്‍വ്യൂ കഴിഞ്ഞ് ഷോര്‍ട്ട് ലിസ്റ്റില്‍ സ്ഥാനം പിടിച്ച ഉദ്യോഗാര്‍ഥികള്‍ ഓരോ ജില്ലയിലുമുണ്ട്. സ്‌കൂളുകള്‍ തുറന്ന ഉടനെ നിയമനം നടക്കുമെന്ന പ്രതീക്ഷക്കും സര്‍ക്കാറിന്റെ പുതിയ ഉത്തരവ് മങ്ങലേല്‍പ്പിച്ചതായി എല്‍.പി.എസ് റാങ്ക് ഓള്‍ഡേഴ്‌സ് കൂട്ടായ്മ ഭാരവാഹികള്‍ പറഞ്ഞു.
എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചു വഴി നിയമിക്കുന്നവര്‍ക്ക് ആറുമാസമെങ്കിലും ജോലിയില്‍ തുടരാനാകും. അതിനാല്‍ പി.എസ്.സി റാങ്ക് ലിസ്റ്റിലുള്ളവര്‍ തല്‍ക്കാലം നിയമനം പ്രതീക്ഷിക്കേണ്ടതില്ല.