X

ഇരട്ടപ്പദവി: ആപ്പിന് പിന്നാലെ ബി.ജെ.പിക്ക് 18 എം.എല്‍.എമാരെ നഷ്ടമായേക്കും

റായ്പൂര്‍: ഇരട്ടപ്പദവിയുടെ പേരില്‍ ആദം ആദ്മി പിന്നാലെ ബി.ജെ.പിക്കും എം.എല്‍.എമാരെ നഷ്ടമായേക്കും. ഇരട്ടപ്പദവി വഹിക്കുന്ന ഛത്തീസ്ഗഡിലെ 18 ബി.ജെ. പി എം.എല്‍.എമാരെ അയോഗ്യരാക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. കോണ്‍ഗ്രസ് നേതാവും രാജ്യസഭാ സ്ഥാനാര്‍ത്ഥിയുമായ ലെക്റാം സാഹുവാണ് ഇക്കാര്യം ഉന്നയിച്ച് കമ്മീഷന് കത്തയച്ചത്. 18 എം. എല്‍.എമാരില്‍ ഏഴുപേര്‍ വിവിധ കമ്മീഷനുകളുടെ തസ്തികകളിലും ബാക്കിയുള്ള പതിനൊന്ന് പേര്‍ പാര്‍ലമെന്ററി സെക്രട്ടറിമാരുടെ ചുമതലയും വഹിക്കുന്നതായി ലക്റാം കത്തില്‍ ചൂണ്ടിക്കാട്ടി.

ബി.ജെ.പിയുടെ പാര്‍ലമെന്റ് അംഗങ്ങള്‍ ഉള്‍പ്പെടെ സര്‍ക്കാരിന്റെ വിവിധ തസ്തികകളിലുണ്ടെന്ന് കോണ്‍ഗ്രസ് നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. അവരെ അയോഗ്യരാക്കമെന്ന് ഗവര്‍ണറോട് ആവശ്യപ്പെട്ടെങ്കിലും നടപടിയെടുത്തിരുന്നില്ല. ഇരട്ടപ്പദവിയുടെ പേരില്‍ ഡല്‍ഹിയിലെ 20 ആംആദ്മി പാര്‍ട്ടി എം. എല്‍.എമാരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അടുത്തിടെ അയോഗ്യരാക്കിയിരുന്നു. എന്നാല്‍ ഇരട്ടപദവി വഹിക്കുന്ന ബി.ജെ.പി എം.എല്‍.എമാര്‍ക്കെതിരെ നടപടി എടുത്തിട്ടില്ലയെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. അതേസമയം കോണ്‍ഗ്രസ് രാഷ്ട്രീയം കളിക്കുകയാണെന്നും രാജ്യസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള നീക്കമാണിതെന്നും ബി.ജെ.പി കുറ്റപ്പെടുത്തി.

chandrika: