X

വേൾഡ് മലയാളി ഫെഡറേഷൻ ദമ്മാം കൗൺസിലിന് പുതിയ ഭാരവാഹികൾ

ദമ്മാം: അൽ കോബാർ അപ്സര ഓഡിറ്റോറിയത്തിൽ ചേർന്ന വേൾഡ് മലയാളി ഫെഡറേഷൻ (ഡബ്ല്യു.എം.എഫ്) വാർഷിക ജനറൽ ബോഡി യോഗത്തിൽ രണ്ടായിരത്തി ഇരുപത്തിനാല്, ഇരുപത്തിയഞ്ച് വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. നൂറ്റിയറുത്തിനാല് രാജ്യങ്ങളിൽ വിന്യസിച്ച് കിടക്കുന്ന ആഗോള മലയാളി കൂട്ടായ്മയായ ഡബ്ല്യു.എം.എഫ് ദമ്മാം കൗൺസിലിന്റെ പുതിയ നേതൃനിരയിലേക്ക് നവാസ് ചൂനാടൻ(പ്രസിഡൻ്റ്), ജയരാജ് കൊയിലാണ്ടി(ജനറൽ, സെക്രട്ടറി) നജീം ബഷീർ(ട്രഷറർ) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.

മറ്റുഭാരവാഹികളായി ചന്ദൻ ഷേണായി, ഷാഹിന ഷബീർ (വൈസ് പ്രസിഡന്റുമാർ) മുഹമ്മദ് ഷാഫി, അമിത ഷാന്റോ(ജോയന്റ് സെക്രട്ടറിമാർ) ബാസിഹാൻ ശിഹാബ്(വനിതാ വിംഗ് കോർഡിനേറ്റർ) മിനിമോൾ നവാസ്(വനിതാ വിംഗ് ജോയിന്റ് കോർഡിനേറ്റർ) എന്നിവരെയും തിരഞ്ഞെടുത്തു. ഡബ്ല്യൂ.എം.എഫ് മിഡിലീസ്റ്റ് ഭരണസമിതിയംഗം ശിഹാബ് കൊയിലാണ്ടി തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.

ആക്ടിംഗ് പ്രസിഡന്റ് നവാസ് ചൂനാടന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ജനറൽ ബോഡി യോഗത്തിൽ വാർഷിക പ്രവർത്തന റിപ്പോർട്ടും സാമ്പത്തിക റിപ്പോർട്ടും യഥാക്രമം സെക്രട്ടറി പ്രിൻസ് ജോർജ്, ട്രഷറർ ഷാന്റോ ചെറിയാൻ എന്നിവർ അവതരിപ്പിച്ചു. രണ്ടായിരത്തി ഇരുപത്തിരണ്ട്, ഇരുപത്തിമൂന്ന് വർഷങ്ങളിൽ വിവിധ കലാ കായിക സാംസ്കാരിക പരിപാടികളും ജീവകാരുണ്യ പ്രവർത്തനങ്ങളും നടത്തിയത് റിപ്പോർട്ട് ചൂണ്ടിക്കാട്ടി.

മികച്ച ജീവകാരുണ്യ പ്രവർത്തകനും ഡബ്ല്യു.എം.എഫിന്റെ ഗ്ലോബൽ രക്ഷാധികരികളിൽ ഒരാളുമായ ഡേവിസ് ചിറമേലച്ചൻ, ജീവകാരുണ്യ മേഖലയിലെ മറ്റൊരു പ്രധാന വ്യക്തിത്വമായ നാസർ മാനു എന്നിവരെ ദമ്മാമിൽ കൊണ്ട് വന്ന് ആദരിച്ചതും ഡബ്ല്യൂ.എം.എഫ് മിഡിലീസ്റ്റ് മീറ്റപ്പ് സുവനീർ “പ്രചോദന”യുടെ പ്രധാന ശില്പികളിൽ ദമ്മാമിൽനിന്നുമുള്ള രണ്ടുപേർ ശിഹാബ് കൊയിലാണ്ടി, ചന്ദൻ ഷേണായി എന്നിവരെ ആദരിച്ചതും കൂടാതെ ഇഫ്താർ സംഗമങ്ങളും ഓണാഘോഷങ്ങളും നിഹാൻ മെമ്മോറിയൽ ക്രിക്കറ്റ് പ്രീമിയർ ലീഗ് തുടങ്ങിയവ സംഘടിപ്പിച്ചതും വാർഷിക റിപ്പോർട്ട് ചൂണ്ടിക്കാട്ടി.

മിഡിലീസ്റ്റ് എക്സിക്യൂട്ടീവ് മെംബർ ശിഹാബ് കൊയിലാണ്ടി, സൗദി നാഷണൽ കൗൺസിൽ ട്രഷറർ വർഗീസ് പെരുമ്പാവൂർ, ദമ്മാം കമ്മറ്റി രക്ഷാധികാരി മുസ്തഫ തലശ്ശേരി, മുൻ നാഷണൽ സെക്രട്ടറി ഷബീർ ആക്കോട്, ചന്ദൻ ഷേണായ്, നിതിൻ കണ്ടംബത്ത്, ഖദീജ അമ്പാടൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. റോണി ജോൺസി, ജോൺസൻ, എലിസബത്ത് ഗീവർഗീസ്, എൽദോ, പ്രിൻസ് കുഞ്ഞുമോൻ, സുധി സുനിൽ എന്നിവർ യോഗത്തിന് നേതൃത്വം നൽകി.പ്രിൻസ് ജോർജ് സ്വാഗത പ്രസംഗം നടത്തിയ യോഗത്തിൽ ഷാന്റോ ചെറിയാൻ നന്ദി പ്രകാശിപ്പിച്ചു.

webdesk13: