X
    Categories: Video Stories

ഐ.സി.സി റാങ്കിങ്: ഡിവില്ലിയേഴ്‌സ്, ഹസ്സന്‍ അലി, ഹഫീസ് ഒന്നാം സ്ഥാനത്ത്

ദുബൈ: ഏകദിന ക്രിക്കറ്റിലെ ബാറ്റ്‌സ്മാന്മാരുടെ റാങ്കിങില്‍ ദക്ഷിണാഫ്രിക്കന്‍ താരം എ.ബി ഡിവില്ലിയേഴ്‌സ് ഒന്നാം സ്ഥാനത്ത്. നാലു മാസത്തോളം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു വിട്ടു നിന്ന താരം ബംഗ്ലാദേശിനെതിരെ നടത്തിയ വന്‍ തിരിച്ചുവരവോടെയാണ് ഒന്നാം റാങ്കിലെത്തിയത്.

ഒക്ടോബര്‍ 18-ന് ബംഗ്ലാദേശിനെതിരെ 104 പന്തില്‍ 176 റണ്‍സ് നേടിയ കരിയറിലെ മികച്ച സ്‌കോര്‍ സ്വന്തമാക്കിയ ഡിവില്ലിയേഴ്‌സ് വിരാട് കോഹ്ലിയെയും ഓസ്‌ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണറെയും രണ്ടും മൂന്നും സ്ഥാനങ്ങളിലേക്ക് പിന്തള്ളിയാണ് മുന്നിലെത്തിയത്. ഏഴാം സ്ഥാനത്തുള്ള രോഹിത് ശര്‍മയാണ് ആദ്യ പത്തിലുള്ള മറ്റൊരു ഇന്ത്യന്‍ താരം. ശ്രീലങ്കക്കെതിരെ തുടര്‍ച്ചയായ മത്സരങ്ങളില്‍ സെഞ്ച്വറി നേടിയ ബാബര്‍ അസം കരിയര്‍ ബെസ്റ്റ് ആയ നാലാം റാങ്കിലെത്തി.

ബൗളര്‍മാരുടെയും ഓള്‍റൗണ്ടര്‍മാരുടെയും റാങ്കിങില്‍ പാക് താരങ്ങളാണ് ഒന്നാം സ്ഥാനങ്ങളില്‍. കരിയറിലാദ്യമായി ഹസ്സന്‍ അലി ബൗളര്‍മാരില്‍ ഒന്നാമനായപ്പോള്‍ മുഹമ്മദ് ഹഫീസ് ആണ് നമ്പര്‍ വണ്‍ ഓള്‍റൗണ്ടര്‍. 2017-ലെ റണ്‍വേട്ടക്കാരില്‍ മുന്നിലുള്ള ഹസ്സന്‍ അലി, ആറ് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് മുന്നിലെത്തിയത്. ജോഷ് ഹേസല്‍ വുഡ്, കഗിസോ റബാഡ എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. ആറാം സ്ഥാനത്തുള്ള ജസ്പ്രിത് ബുംറ, എട്ടിലുള്ള അക്ഷര്‍ പട്ടേല്‍ എന്നിവരാണ് ആദ്യ പത്തിലുള്ള മറ്റ് ഇന്ത്യക്കാര്‍.

2010 മുതല്‍ മികച്ച എക്കണോമി ഉള്ള ബൗളര്‍മാരിലൊരാളായ ഹഫീസ് ഒമ്പതാം തവണയാണ് ഓള്‍റൗണ്ടര്‍മാരില്‍ ഒന്നാമനാവുന്നത്. ഷാകിബ് അല്‍ ഹസന്‍, മുഹമ്മദ് നബി (അഫ്ഗാന്‍) എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. 15-ാം റാങ്കുകാരനായ ഹര്‍ദിക് പാണ്ഡ്യയും 19-മനായ രവീന്ദ്ര ജഡേജയുമാണ് 20 അംഗ ലിസ്റ്റിലെ ഇന്ത്യക്കാര്‍.

ചന്ദ്രിക വെബ് ഡെസ്‌ക്‌: