X

ആഗോളതലത്തില്‍ പുതിയ അധിനിവേശ ശക്തികള്‍ തലപൊക്കുന്നു: സമദാനി എംപി

ഏക ധ്രുവലോകമെന്ന് വിശേഷിപ്പിക്കപ്പെടുമ്പോഴും ആഗോളതലത്തില്‍ സാമ്രാജ്യത്വത്തിന്റെയും അധിനിവേശത്തിന്റെയും പുതിയ ശക്തികള്‍ തലപൊക്കുന്നുണ്ടെന്ന് ഡോ.എം.പി അബ്ദുസ്സമദ് സമദാനി ലോക്‌സഭയില്‍ പറഞ്ഞു. യുക്രൈന്‍ സാഹചര്യത്തെ കുറിച്ചുള്ള ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അക്രമത്തിന്റെ ഈ സാഹചര്യത്തെ എന്ത് വില കൊടുത്തും നേരിട്ട് സമാധാനത്തിന്റെ അന്തരീക്ഷം നിലനിര്‍ത്താന്‍ മുന്‍കയ്യെടുക്കേണ്ട രാജ്യമാണ് ഇന്ത്യ. മക്യവെല്ലിക്ക് മഹാത്മാഗാന്ധിയാണ് മറുപടി. അത് സാക്ഷാല്‍കരിക്കാന്‍ ഇന്ത്യ പ്രയത്‌നിക്കണം.

റഷ്യ, യുക്രൈന്‍ യുദ്ധവേളയില്‍ രാജ്യം പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിനെ ഏറെ ഓര്‍ക്കുകയുണ്ടായെന്ന് സമദാനി പറഞ്ഞു. ചേരിചേരാ നയം എന്ന നെഹ്രുറുവിന്റെ പാരമ്പര്യത്തെ നാം അഭിവാദ്യം ചെയ്യേണ്ട സമയമാണിത്. പക്ഷേ ചേരിചേരാ നയവും അന്താരാഷ്ട്ര നീതിയോടുള്ള പ്രതിബദ്ധതയും ഒരുമിച്ച് പോകേണ്ടതുണ്ട്. ഈ നയത്തില്‍ ഉറച്ച് നിന്ന് കൊണ്ട് തന്നെ അക്രമത്തെ അപലപിക്കണം. അക്രമം എന്നും അപലനീയമാണ്. അധിനിവേശത്തെ ചെറുത്ത് കൊണ്ട് തര്‍ക്കങ്ങള്‍ തീര്‍ക്കാനും ഇന്ത്യ മുന്നിട്ടിറങ്ങണം. സാംസ്‌കാരികവും മതപരവും വംശപരവും ഭാഷാപരവുമായ ബഹുത്വത്തിലൂന്നിയ ബഹുസ്വരതയെ ആഗോളതലത്തില്‍ സംരക്ഷിക്കേണ്ടതുണ്ട്. പാര്‍ലിമെന്റിന്റെ മകുടത്തില്‍ കൊത്തിവെച്ചിട്ടുള്ള ഉപനിഷദ് പ്രമാണത്തില്‍ പറഞ്ഞിട്ടുള്ളത് പോലെ ‘ലോകമേ തറവാട് ‘ എന്ന ആശയത്തെ ഉള്‍ക്കൊണ്ട രാജ്യമാണ് ഇന്ത്യയെന്ന് ശ്‌ളോകമുദ്ധരിച്ചു കൊണ്ട് സമദാനി പറഞ്ഞു.

‘വൈറസി’ന്റെ അക്രമണമേറ്റ ലോകത്തിനാണ് ‘വയലന്‍’സിന്റെ ആഘാതവുമേറ്റിരിക്കുന്നത് എന്നത് ഏറെ നിര്‍ഭാഗ്യകരമാണ്. മാനവരാശിക്ക് സംഭവിച്ചിരിക്കുന്ന പതനത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. മനുഷ്യനാര്‍ജ്ജിച്ച ശാസ്ത്രസാങ്കേതിക വിദ്യകളും ബുദ്ധിപരമായ മുന്നേറ്റവും അക്രമത്തിന്റെ സംസ്‌കാരം വളര്‍ത്താനാണ് ഉപയോഗിക്കുന്നത്. യുദ്ധം വന്‍ശക്തികള്‍ ഒരുക്കുന്ന ചെകുത്താന്റെ കെണിയാണ്. രാജ്യാന്തര രാഷ്ട്രീയ ചരിത്രത്തിലെ തന്ത്രപരമായ ഏറ്റവും വലിയ അബദ്ധമാണ് യുദ്ധം. അതിവിപുലമായ മാനവവിഭവശേഷിയുടെ കുറ്റകരമായ ദുരുപയോഗമാണ് അതിലുടെ സംഭവിക്കുന്നത്. ഈ ആഗോള നാടകത്തില്‍ ഒളിഞ്ഞു പ്രവര്‍ത്തിക്കുന്ന വന്‍ശക്തികളെ അനാവരണം ചെയ്യേണ്ടതുണ്ട്. അവര്‍ പുതിയ നാമരൂപാദികള്‍ സ്വീകരിച്ചു വരികയാണെന്ന് സമദാനി പറഞ്ഞു.

സഭാദ്ധ്യക്ഷന്‍ അല്‍പ്പം മുമ്പ് ആളുകളുടെ കണ്ണീരിനെ കുറിച്ച് പറഞ്ഞു. ‘പുരോഗതി നേടിയ ഈ ലോകത്ത് എല്ലാം സംഭവിക്കുന്നുണ്ട് എന്തൊരത്ഭുതം മനുഷ്യന്‍, മാനവനായി തീരുന്നില്ല!’ ഹിന്ദി കവിത ഉദ്ധരിച്ചു കൊണ്ട് സമദാനി പറഞ്ഞു. അത് കൊണ്ടാണ് കൊലയും കൊള്ളിവെപ്പും വൈര്യവും വിദ്വേഷവും രക്തപുഴയും ഉണ്ടാകുന്നത്.

യുക്രൈനില്‍ നിന്നും തിരിച്ചെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് പഠനം തുടരാന്‍ സൗകര്യമൊരുക്കണമെന്നും സമദാനി ആവശ്യപ്പെട്ടു. നിയമങ്ങളും ചട്ടങ്ങളും മാറ്റിക്കൊണ്ട് നാട്ടില്‍ തന്നെ അവരുടെ വിദ്യാഭ്യാസം തുടരാനുള്ള സാഹചര്യം ഒരുക്കണം. ഉപരിവിദ്യാഭ്യാസത്തിനായി നമ്മുടെ വിദ്യാര്‍ത്ഥികള്‍ നാടുവിട്ട് പോകേണ്ടി വരുന്ന സാഹചര്യത്തിനും അറുതി വരുത്തേണ്ടതുണ്ടെന്ന് സമദാനി കൂട്ടിചേര്‍ത്തു.

Test User: