X

എ.എ.പി എം.എല്‍.എമാരെ അയോഗ്യരാക്കിയ സംഭവം: ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതുവരെ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കരുതെന്ന് കോടതി

ന്യൂഡല്‍ഹി: ഇരട്ടപ്പദവി വിഷയത്തില്‍ 20 ആം ആദ്മി പാര്‍ട്ടി എം.എല്‍.എമാരെ അയോഗ്യരാക്കിയതുമായി ബന്ധപ്പെട്ട് എം.എല്‍.എമാര്‍ നല്‍കിയ ഹര്‍ജിയില്‍ തുടര്‍വാദം കേള്‍ക്കുന്ന ഈ മാസം 29 വരെ ഡല്‍ഹിയിലെ സീറ്റുകളില്‍ ഉപതെരഞ്ഞെടുപ്പു പ്രഖ്യാപിക്കരുതെന്നും ഹൈക്കോടതി തെരഞ്ഞെടുപ്പു കമ്മീഷനു നിര്‍ദ്ദേശം നല്‍കി. എം.എല്‍.എമാരെ അയോഗ്യരാക്കാനിടയായ സാഹചര്യത്തെക്കുറിച്ച് ഫെബ്രുവരി ആറിനു മുന്‍പു വിശദീകരണം നല്‍കാനും ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം എംഎല്‍എമാരെ അയോഗ്യരാക്കിയ തെരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി ഇടക്കാല ഉത്തരവിലൂടെ കോടതി സ്‌റ്റേ ചെയ്തില്ല. കമ്മീഷന്റെ നടപടിക്കെതിരെ എ.എ.പി എം.എല്‍.എമാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണു ജസ്റ്റിസുമാരായ ആര്‍. രവീന്ദ്ര ഭട്ട്, എ.കെ. ചൗള എന്നിവരുടെ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്. തങ്ങളുടെ ഭാഗം കേള്‍ക്കാതെ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷനും രാഷ്ട്രപതിയും വേഗത്തില്‍ തീരുമാനമെടുക്കുകയായിരുന്നെന്നു ചൂണ്ടിക്കാട്ടിയാണ് എംഎല്‍എമാര്‍ ഹൈക്കോടതിയില്‍ പുതിയ ഹര്‍ജി നല്‍കിയത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് 20 എം.എല്‍.എമാരെ അയോഗ്യരാക്കാന്‍ തെരഞ്ഞെടുപ്പു കമ്മിഷന്‍ ശുപാര്‍ശ ചെയ്തത്. ഇതിനു പിന്നാലെ രാഷ്ട്രപതി ഇത് തിടുക്കത്തില്‍ അംഗീകരിക്കുകയായിരുന്നു. 2015 മാര്‍ച്ച് 13 മുതല്‍ 2016 സെപ്റ്റംബര്‍ എട്ടുവരെ, ഈ എം.എല്‍.എമാര്‍ പാര്‍ലമെന്ററി സെക്രട്ടറി പദവി വഹിച്ചതാണ് അയോഗ്യതയ്ക്കു കാരണമായത്. ഇതിലെ ആറ് എം.എല്‍.എമാര്‍ കഴിഞ്ഞ ഓഗസ്റ്റില്‍ സമര്‍പ്പിച്ച ഹര്‍ജി കോടതിയില്‍ നിലവിലുണ്ട്.

20 എംഎല്‍എമാരെ അയോഗ്യരാക്കി ശുപാര്‍ശ ചെയ്തതിനു തൊട്ടുപിന്നാലെ സമര്‍പ്പിച്ച ഹര്‍ജി പാര്‍ട്ടി കഴിഞ്ഞ ദിവസം പിന്‍വലിച്ചിരുന്നു. തെരഞ്ഞെടുപ്പു കമ്മിഷന്റെ ശുപാര്‍ശ രാഷ്ട്രപതി അംഗീകരിച്ച സാഹചര്യത്തില്‍ വാദങ്ങള്‍ നിലനില്‍ക്കില്ലെന്നതിനാലാണു ഹര്‍ജി പിന്‍വലിച്ചു പുതിയതു സമര്‍പ്പിച്ചത്.

chandrika: