X

പ്രതിഷേധങ്ങള്‍ക്കിടെ യൂറോപ്പിലെ ഏറ്റവും വലിയ മുസ്്‌ലിം പള്ളി ജര്‍മനിയില്‍ തുറന്നു

 

ബെര്‍ലിന്‍: യൂറോപ്പിലെ ഏറ്റവും വലിയ മുസ്്‌ലിം പള്ളി തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ ജര്‍മനിയില്‍ വിശ്വാസികള്‍ക്ക് തുറന്നുകൊടുത്തു. മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനം കഴിഞ്ഞ് സ്വദേശത്തേക്ക് മടങ്ങുന്ന ദിവസമായിരുന്നു പള്ളി ഉദ്ഘാടനം. കൊളോണില്‍ പള്ളി തുറക്കുന്നതിനെതിരെ ചിലര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഉര്‍ദുഗാന്‍ എത്തുമ്പോള്‍ ആയിരക്കണക്കിന് പ്രതിഷേധക്കാരാണ് കൊളോണ്‍ നഗരത്തിലെ റൈന്‍ നദിക്കരയില്‍ തടിച്ചുകൂടിയിരുന്നത്.
തുര്‍ക്കിയിലെ മനുഷ്യാവകാശ ലംഘനങ്ങളും മറ്റും ഉയര്‍ത്തിക്കാട്ടിയാണ് പ്രതിഷേധക്കാര്‍ എത്തിയിരുന്നതെങ്കിലും മുസ്്‌ലിം പള്ളി പ്രവര്‍ത്തനം തുടങ്ങുന്നതില്‍ അമര്‍ഷമുള്ള ചിലരായിരുന്നു പ്രക്ഷോഭത്തിന്റെ സംഘാടകര്‍. എന്നാല്‍ ഉര്‍ദുഗാന് പിന്തുണ പ്രഖ്യാപിച്ച് ആയിരക്കണക്കിന് അനുകൂലികളും കൊളോണ്‍ സെന്‍ട്രല്‍ മസ്ജിദില്‍ എത്തിയിരുന്നു. സുരക്ഷാ ഭീഷണി കണക്കിലെടുത്ത് ജര്‍മന്‍ ഭരണകൂടം പള്ളിക്ക് ചുറ്റും വന്‍ പൊലീസ് സുരക്ഷ ഒരുക്കിയിരുന്നു. തുര്‍ക്കി നേതാവിനെ ഒരുനോക്ക് കാണാനും ഐക്യദാര്‍ഢ്യ റാലിയില്‍ പങ്കെടുക്കാനും എത്തിയവരെക്കൊണ്ട് തെരുവുകള്‍ നിറഞ്ഞു. തുര്‍ക്കി പതാകയും ഉര്‍ദുഗാന്റെ ചിത്രവും ഉയര്‍ത്തിപ്പിടിച്ചാണ് അനുയായികള്‍ റാലിയില്‍ പങ്കെടുത്തത്. സ്വന്തം ജനതക്ക് ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്തതുകൊണ്ട് ഉര്‍ദുഗാന്‍ ജനപ്രിയനാണെന്ന് കമ്പ്യൂട്ടര്‍ ടെക്‌നിഷ്യനായ 42കാരന്‍ യൂസുഫ് സിംസെക് പറഞ്ഞു. ജര്‍മന്‍ ഭരണകൂടത്തിന്റെ ആശീര്‍വാദത്തോടെ നടന്ന പള്ളി ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ കൊളോണ്‍ മേയര്‍ ഹെന്റിയറ്റെ റെകറും സ്‌റ്റേറ്റ് പ്രീമിയര്‍ അര്‍മീന്‍ ലാഷെറ്റും വിസമ്മതിച്ചു. തുര്‍ക്കി വംശജര്‍ ഏറ്റവും കൂടുതലുള്ള ജര്‍മന്‍ നഗരമാണ് കൊളോണ്‍. ഇവരില്‍ അധികം പേരും 1960 മുതല്‍ ജര്‍മനിയില്‍ തൊഴില്‍ തേടി എത്തിയവരാണ്.

chandrika: