മാഡ്രിഡ്: സ്‌പെയ്‌നില്‍ ഇന്ന് മാഡ്രിഡ് പോര്. നഗരവൈരികളായ അത്‌ലറ്റിക്കോ മാഡ്രിഡും റയല്‍ മാഡ്രിഡും ലാലീഗയില്‍ മുഖാമുഖം ബലപരീക്ഷണം നടത്തും. പോയിന്റ് ടേബിളില്‍ ബാര്‍സിലോണയുമായി 11 പോയിന്റ് പിന്നിലുള്ള റയലിന് ഇന്നത്തെ കളി ജയിക്കാനായില്ലെങ്കില്‍ കിരീടം നിലനിര്‍ത്തുകയെന്നത് പ്രയാസകരമാകും. ഗോള്‍ ക്ഷാമം നേരിടുന്നക്രിസ്റ്റിയാനോക്കും ഇന്നത്തെ മത്സരം നിര്‍ണായകമാണ്. വിമര്‍ശകര്‍ക്ക് ഗോളിലൂടെ ക്രിസ്റ്റിയാനോ മറുപടി നല്‍കുമെന്നാണ് അദ്ദേഹത്തിന്റെ ആരാധകരുടെ പ്രതീക്ഷ. അത്‌ലറ്റിക്കോ മാഡ്രിഡിന്റെ ഗ്രൗണ്ടില്‍ നടക്കുന്ന മത്സരം ഇന്ത്യന്‍ സമയം അര്‍ദ്ധരാത്രി 1.15നാണ്.
ലീഗില്‍ കിരീടം നിലനിര്‍ത്താനുള്ള പോരാട്ടത്തില്‍ തപ്പിതടയുന്ന റയല്‍ മാഡ്രിഡിന് ടീമിലെ പടല പിണക്കവും കളിക്കാരുടെ പരിക്കുമാണ് പരിശീലകന്‍ സിനദിന്‍ സിദ്ദാനെ അലട്ടുന്ന പ്രധാന പ്രശ്‌നം. ലോക ഫുട്‌ബോളര്‍ ക്രിസ്റ്റിയാനോ റെണാള്‍ഡോയുടെ മോശം ഫോമും റയലിന് തിരച്ചടിയാണ്. താരങ്ങളെ നിലനിര്‍ത്തുന്നതിലും പുതിയ കളിക്കാരെ ടീമിലെത്തിക്കുന്നതിലും റയല്‍ പരാജയപ്പെട്ടെന്ന് ക്രിസ്റ്റിയാനോ പറഞ്ഞത് നായകന്‍ സെര്‍ജിയോ റാമോസിനെ ചൊടിപ്പിച്ചിരുന്നു. ഇതിനെതിരെ റാമോസ് രംഗത്തെത്തിയതോടെ കളിക്കാര്‍ തമ്മിലുള്ള പടല പിണക്കങ്ങള്‍ രൂക്ഷമായി. ലീഗില്‍ ഇതുവരെ ഒരുഗോള്‍ മാത്രം നേടിയ ക്രിസ്റ്റിയാനോ അത്‌ലറ്റിക്കോ മാഡ്രിഡിനെതിരെ ഗോള്‍ ക്ഷാമത്തിന് വിരാമിടാനുള്ള ഒരുക്കത്തിലാണ്.മുന്‍ ജേതാക്കളായ അത്‌ലറ്റിക്കോയുടെ പ്രധാന പ്രശ്‌നവും സൂപ്പര്‍താരം ഗ്രീസ്മാന്റെ ഫോമാണ്. ഗോള്‍ നേടുന്നതില്‍ നടപ്പു സീസണില്‍ ഗ്രീസ്മാന്‍ പിന്നോട്ട്പോയത് അവസാന നാലു ലീഗ് മത്സരങ്ങളില്‍ അത്‌ലറ്റിക്കോയെ സമനില കുരുങ്ങുന്നതിന് കാരണമായി.ലീഗില്‍ ലയണല്‍ മെസ്സിക്കൊപ്പം കുതിപ്പു തുടരുന്ന ബാര്‍സിലോണ ഇന്ന് ലെഗാനെസിനെ നേരിടും.