തിരുവനന്തപുരം: ഇന്ത്യയുടെയും തിരുവനന്തപുരം ജില്ലയുടെയും ചുരുക്കെഴുത്ത് ചേര്‍ത്ത് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് പുതിയ ലോക്കേഷന്‍ കോഡ്. IN TRV o1 എന്നതാണ് പുതിയ ലോക്കേഷന്‍ കോഡ്. ഇന്ത്യയുടെയും നെയ്യാറ്റിന്‍കരയുടെയും ചുരുക്കെഴുത്ത് ചേര്‍ത്ത് IN NYY 1 എന്നതായിരുന്നു ആദ്യത്തെ ലൊക്കേഷന്‍ കോഡ്.
ഐക്യരാഷ്ട്ര സഭയുടെ അഞ്ച് പ്രാദേശിക കമീഷനുകളില്‍ ഒന്നായ യുനൈറ്റഡ് നേഷന്‍സ് എക്കണോമിക് കമീഷന് ഫോര്‍ യൂറോപ്പ് ഏകീകൃത ലോക്കേഷന്‍ കോഡ് വേണമെന്ന ആവശ്യം മുന്നോട്ട് വച്ചതിനെ തുടര്‍ന്നാണ് കോഡില്‍ മാറ്റം വരുത്തിയത്.
അന്താരാഷ്ട്ര തലത്തില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ വിഴിഞ്ഞം പോര്‍ട്ട് അതിനായി അപേക്ഷ നല്‍കുകയായിരുന്നു. കേന്ദ്ര സര്‍ക്കാറിന് കീഴിലെ ഡയറക്ട്രേറ്റ് ജനറല്‍ ഓഫ് സിസ്റ്റം ആന്‍ഡ് ഡാറ്റാ മാനേജ്മെന്റാണ് ലോക്കേഷന്‍ കോഡ് അനുവദിക്കുന്ന ഏജന്‍സി. രാജ്യാന്തര വിമാനത്താവളം ഉള്‍പ്പെടെ തിരുവനന്തപുരത്തിന്റെ ലോക്കേഷന്‍ കോഡ് ടി.ആര്.വി എന്നതാണ്.
ഏജന്‍സി അനുവദിച്ച പുതിയ കോഡിനു UNECE ഇന്ന് അംഗീകാരം നല്കി. നാവിഗേഷന്‍, ഷിപ്പിങ് ഇതിനെല്ലാം ഇനി IN TRV 01 ലോക്കേഷന്‍ കോഡാണ് ഉപയോഗിക്കുകയെന്നും തുറമുഖ വകുപ്പ് മന്ത്രി പത്രക്കുറിപ്പില്‍ അറിയിച്ചു.