ഫൈസല്‍ മാടായി
കണ്ണൂര്‍: സൗകര്യങ്ങള്‍ നോക്കി സ്വിച്ചും പ്ലഗും വെക്കാന്‍ വരട്ടെ, കൂടുതല്‍ ആലോചിച്ച് മതി വൈദ്യുതാലങ്കാരങ്ങള്‍ തീര്‍ക്കലും. തോന്നുംപോലെ വൈദ്യുതോപകരണങ്ങള്‍ സ്ഥാപിച്ചാല്‍ ഇനി ബോര്‍ഡ് വക പണികിട്ടും.
ആഡംബരം ഒട്ടും കുറക്കാതെ വീട് പണിത് ഇഷ്ടാനുസരണം വൈദ്യുതോപകരണങ്ങള്‍ സ്ഥാപിക്കാമെന്ന ധാരണയ്ക്ക് ഇരുട്ടടിയായി മാറും കെഎസ്ഇബി നടപടി. വൈദ്യുതി ഉപകരണങ്ങള്‍ സ്ഥാപിക്കുന്നതിന് സൗകര്യമൊരുക്കുന്നതിന്റെ കൃത്യമായ വിവരം നല്‍കിയില്ലെങ്കില്‍ പിഴയീടാക്കാനാണ് കെഎസ്ഇബി തീരുമാനം.
വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും ഉപയോഗിക്കുന്ന വൈദ്യുതോപകരണങ്ങളുടെ യഥാര്‍ത്ഥ പ്രസരണ ശേഷി കെഎസ്ഇബി ഓഫീസുകളില്‍ രേഖപ്പെടുത്താത്തവരാണ് കുടുങ്ങുക.
വൈദ്യുതോപകരണങ്ങള്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് ഈ മാസം 31 നകം വിവരം നല്‍കണമെന്നാണ് നിര്‍ദേശം. നിര്‍ദിഷ്ട കാലാവധിക്ക് ശേഷം പരിശോധന കര്‍ശനമാക്കും. നിയമാനുസൃതമല്ലാത്തവ ശ്രദ്ധയില്‍പെട്ടാല്‍ വന്‍ തുക പിഴയീടാക്കും. വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും ഉപയോഗിക്കുന്ന വൈദ്യുതി ഉപകരണങ്ങളുടെ വിവരങ്ങള്‍ യഥാസമയം കൃത്യമായി രേഖപ്പെടുത്തണമെന്നാണ് നിയമം. എന്നാല്‍ ഇവ പലപ്പോഴും കൃത്യമായി പാലിക്കാറില്ല.
പുതിയവീട്, വ്യാപാര സ്ഥാപനങ്ങള്‍ എന്നിവയും പഴയ വീടുകളും വ്യാപാര സ്ഥാപനങ്ങളും പുതുക്കപ്പണിയുമ്പോഴും വൈദ്യുതി ഉപകരണങ്ങളുടെ കൃത്യമായ വിവരങ്ങള്‍ ഉപഭോക്താവിന് അനുവദിച്ച് കണ്‍സ്യൂമര്‍ നമ്പര്‍ സെക്ഷന്‍ ഓഫീസുകളില്‍ രേഖപ്പെടുത്തണം.
വിവരങ്ങള്‍ രേഖപ്പെടുത്താന്‍ വിട്ടുപോയവര്‍ക്ക് അവ രേഖപ്പെടുത്താനും പിഴയില്‍ നിന്ന് ഒഴിവാകാനുമാകും. 31നകം സെക്ഷന്‍ ഓഫീസുകളില്‍ വിവരങ്ങള്‍ രേഖപ്പെടുത്താന്‍ പ്രത്യേക അപേക്ഷാഫോറങ്ങളും തയ്യാറാക്കിയിട്ടുണ്ട്.
വീടുകളിലും സ്ഥാപനങ്ങളിലും ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ എണ്ണവും വാട്സും രേഖപ്പെടുത്തിയാല്‍ മതിയാകും. ഇവ സൗജന്യമാണ്. കാലാവധിക്ക് ശേഷം ഇത്തരം വിവരങ്ങള്‍ രേഖപ്പെടുത്താന്‍ വലിയ തുക പിഴയായി ഉപഭോക്താവ് ഒടുക്കണം. അംഗീകൃത വയര്‍മാന്റെ പരിശോധനാ വിവരങ്ങളും ഒരു കി.വാട്ട് രേഖപ്പെടുത്താന്‍ 300 രൂപ എന്ന തോതില്‍ പിഴയും നല്‍കണം.
കെഎസ്ഇബി വിജിലന്‍സ് വിഭാഗമായ എപിടിഎസ് സെക്ഷന്‍ സ്‌ക്വാഡ് പ്രസരണ ശേഷിയിലെ കുറവ് രേഖപ്പെടുത്തിയ വീടുകളിലും സ്ഥാപനങ്ങളിലും പരിശോധന നടത്തും. ക്രമക്കേട് കണ്ടെത്തിയാല്‍ കനത്ത തുക തന്നെ പിഴയായി ചുമത്തും.
മൊബൈല്‍ ഫോണില്‍ സന്ദേശമായും ബില്‍ നല്‍കാന്‍ വീടുകളിലെത്തുന്ന മീറ്റര്‍ റീഡര്‍മാര്‍ മുഖേനയുമാണ് ഉപഭോക്താക്കള്‍ക്ക് വിവരങ്ങള്‍ കൈമാറുന്നത്. ഉപഭോക്താക്കള്‍ സെക്ഷന്‍ ഓഫീസുകളിലെത്തി സൗകര്യം പ്രയോജനപ്പെടുത്തണമെന്ന് കെഎസ്ഇബി പ്രത്യേക അറിയിപ്പായും നല്‍കുന്നുണ്ട്.
സ്വിച്ചും പ്ലഗും തോന്നുന്നിടത്ത് വേണ്ട ‘ഷോക്കടിക്കും’
Tags: electricity