X

നവകേരള ബസ് വാടകയ്ക്ക്; വിവാഹം മുതല്‍ തീര്‍ത്ഥാടനത്തിന് വരേ എന്തിനും കിട്ടും

മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച നവകേരള ബസ് ഇനി എന്തു ചെയ്യണമെന്ന കാര്യത്തില്‍ തീരുമാനമായി. ആദ്യം തലസ്ഥാനത്തുള്‍പ്പെടെ പൊതുജനങ്ങള്‍ക്കായി ബസ് പ്രദര്‍ശിപ്പിക്കാനും പിന്നീട് വാടകയ്ക്ക് നല്‍കാനുമാണ് തീരുമാനമായിരിക്കുന്നത്. വിവാഹ ആവശ്യം, വിനോദയാത്ര, തീര്‍ത്ഥാടനം തുടങ്ങിയവയ്ക്ക് നവകേരള ബസ് വാടകയ്ക്ക് ലഭിക്കും.

കെഎസ്ആര്‍ടിസിയുടെ ഉടമസ്ഥതയിലാണ് ബസ്. നവകേരള സദസ്സിന്റെ എറണാകുളത്തെ പര്യടനംകൂടി പൂര്‍ത്തിയായശേഷം ബസ് കെഎസ്ആര്‍ടിസിക്ക് വിട്ടുകൊടുക്കും.

ബസിന്റെ പരിപാലനച്ചുമതല കെഎസ്ആര്‍ടിസിക്കാണ്. സ്വകാര്യ ആഡംബര ടൂറിസ്റ്റ് ബസുകളെക്കാള്‍ കുറവായിരിക്കും വാടക തുക എന്നാണ് വിവരം. ഇത് എത്രയാണെന്ന് തീരുമാനമായിട്ടില്ല. ദിവസം എണ്ണായിരം രൂപവരെ ഈടാക്കാമെന്ന് ചര്‍ച്ച നടക്കുന്നതായാണ് സൂചന.

കെഎസ്ആര്‍ടിസിയുടെ ബജറ്റ് ടൂറിസം വിഭാഗത്തിന് ബസ് കൈമാറാനാണ് സാധ്യത. ബസ് വാടകയ്ക്ക് കിട്ടുമോ എന്നുചോദിച്ച് ഇതുവരെ എഴുന്നൂറിലധികം പേര്‍ അധികൃതരെ വിളിച്ചതായാണ് വിവരം. 1.15 കോടി മുടക്കിയാണ് ഭാരത് ബെന്‍സിന്റെ ബസ് വാങ്ങിയത്. 25 പേര്‍ക്കുള്ള ഇരിപ്പിടമാണ് ബസിലുള്ളത്. ശുചിമുറിയുള്ള ബസുകള്‍ സംസ്ഥാനത്ത് കുറവാണ്.

 

webdesk13: