കോഴിക്കോട്: നവകേരള സദസ്സിന് സംഭാവന നൽകാത്ത തദ്ദേശ സ്ഥാപനങ്ങൾക്കെതിരെ നടപടി എടുക്കുമെന്ന എൽ ഡി എഫ് കൺവീനർ ഇ പി ജയരാജന്റെ ഭീഷണി ജനങ്ങളോടും ജനാധിപത്യത്തോടുമുള്ള വെല്ലുവിളിയാണെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം പ്രസ്താവിച്ചു.
എൽ.ഡി.എഫിന്റെ രാഷ്ട്രീയ പ്രചാരണമാണ് നവകേരള സദസ്സ് എന്ന് തെളിയിക്കുകയാണ് മുന്നണി കൺവീനർ. തദ്ദേശ സ്ഥാപനങ്ങൾക്കെതിരെ മുഖ്യമന്ത്രിയോ വകുപ്പ് മന്ത്രിയോ നിലപാട് വ്യക്തമാക്കുന്നതിന് പകരം എൽ.ഡി.എഫ് കൺവീനർ നടപടി പ്രഖ്യാപിച്ചത് വിചിത്രമാണ്. തെരഞ്ഞെടുക്കപ്പെട്ട ഭരണ സമിതികളുടെ അധികാരത്തെ ചോദ്യം ചെയ്യാൻ ആരെയും അനുവദിക്കില്ല.
സർക്കാറിന്റെ എല്ലാ ഉത്തരവുകളും പാലിച്ചും പദ്ധതികൾ ഏറ്റെടുത്തുമാണ് തദ്ദേശസ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത്. എന്നാൽ എൽ ഡി എഫിന്റെ രാഷ്ട്രീയ പ്രചാരണത്തിന് വേണ്ടി സംഘടിപ്പിക്കുന്ന പരിപാടിക്ക് പൊതു ഫണ്ട് ഉപയോഗിക്കുന്നത് ജനങ്ങളോടുളള വെല്ലുവിളിയാണ്. ഇക്കാരണത്താലാണ് യു ഡി എഫ് ഭരണ സമിതികൾ നവകേരള സദസ്സിന് ഫണ്ട് അനുവദിക്കാനാവില്ലെന്ന നിലപാട് സ്വീകരിച്ചത്. -പി.എം.എ സലാം പറഞ്ഞു.
സർക്കാറിന്റെ വികലമായ സാമ്പത്തിക നയം മൂലം ഗുരുതര പ്രതിസന്ധിയിലൂടെയാണ് തദ്ദേശ സ്ഥാപനങ്ങൾ കടന്ന് പോകുന്നത്. ബജറ്റ് വിഹിതം പോലും കൃത്യമായി അനുവദിക്കുന്നതിന് സാധിച്ചിട്ടില്ല. ക്ഷേമ പെൻഷൻ ഉൾപ്പെടെ വിവിധ പദ്ധതികൾ മുടങ്ങിയ നിലയിലാണ്. സർക്കാറിന്റെ വിവിധ പരിപാടികൾക്ക് തദ്ദേശസ്ഥാപനങ്ങളിൽ നിന്നും തുക സമാഹരിക്കുന്നതും പതിവായിരിക്കുകയാണ്. ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി കൂടെ നിർത്താൻ ശ്രമിക്കുന്നത് പോലെ തെരഞ്ഞെടുക്കപ്പെട്ട ഭരണ സമിതികളെയും ഭീഷണിപ്പെടുത്താമെന്നത് വ്യാമോഹമാണ്. നവകേരള സദസ്സിന്റെ സംഘാടക സമിതി യോഗത്തിൽ പങ്കെടുത്തില്ല എന്ന കാരണം പറഞ്ഞ് നാല് ഗ്രാമ പഞ്ചായത്ത് സെക്രട്ടറിമാരെ ഈയിടെ സസ്‌പെന്റ് ചെയ്തിരുന്നു.
പണപ്പിരിവിനും സദസ്സ് നിറയ്ക്കാനും ഉദ്യോഗസ്ഥരെ ഉപയോഗിക്കാനുളള ശ്രമത്തിന്റെ ഭാഗമായിരുന്നു ഈ നടപടി. ഭരണ സമിതികളെ മറികടന്ന് സെക്രട്ടറിക്ക് പണം അനുവദിക്കാൻ സാധിക്കുമെന്ന നിലപാടും അംഗീകരിക്കാനാവില്ല. തെരഞ്ഞെടുക്കപ്പെട്ട ഭരണ സമിതികളുടെ അധികാരം കവരുന്ന ഇത്തരം നീക്കം അധികാര വികേന്ദ്രീകരണത്തെ ദുർബലപ്പെടുത്തുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.