ന്യൂഡല്‍ഹി: ന്യൂനപക്ഷങ്ങളെക്കുറിച്ചും കര്‍ഷകരെക്കുറിച്ചുമെല്ലാം വിദ്വേഷ ട്വീറ്റുകള്‍കൊണ്ട് നിറഞ്ഞിരിക്കുകയാണ് പുതിയ ജെ.എന്‍.യു വി.സിയുടെ ട്വിറ്റര്‍ അക്കൗണ്ട്. ഗാന്ധിയും ഗോഡ്‌സെയും തനിക്ക് ഒരുപോലെയാണെന്നും രണ്ടുപേരേയും അംഗീകരിക്കുന്നതായും ഇവര്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. ജെ.എന്‍.യു നക്‌സലുകളാല്‍ നിറഞ്ഞിരിക്കുന്നുവെന്നും അവരെ നിരോധിക്കണമെന്നുമാണ് 2020 ജനുവരിയില്‍ ശാന്തിശ്രീ ട്വീറ്റ് ചെയ്തത്.
ക്രിസ്ത്യാനികളെയും മുസ്‌ലിംകളെയും അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ ഇവര്‍ നടത്തിയിട്ടുണ്ട്. കര്‍ഷകരുടെ പ്രതിഷേധത്തെ അവഹേളിച്ചും മഹാത്മാഗാന്ധിയുടെ കൊലപാതകിയെ അനുകൂലിച്ചും ഇവര്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ ക്രിസ്ത്യാനികളെ ദാരിദ്ര്യം കാരണം ‘ഒരു സഞ്ചി അരിക്കായി മതം മാറുന്നവര്‍’ എന്നാണ് പരിഹസിച്ചത്.
കഴിഞ്ഞ ദിവസമാണ് ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയുടെ ആദ്യ വനിതാ വൈസ് ചാന്‍സലറായി ശാന്തിശ്രീ ധൂലിപ്പുടി പണ്ഡിറ്റ് അധികാരമേറ്റത്.59 കാരിയായ പണ്ഡിറ്റ് ജെ.എന്‍.യുവിലെ പൂര്‍വ വിദ്യാര്‍ത്ഥിയാണ്. രാഷ്ട്രപതി ശാന്തിശ്രീയുടെ നിയമനത്തിന് അംഗീകാരം നല്‍കി. അഞ്ച് വര്‍ഷത്തേക്കാണ് നിയമനം.
മഹാരാഷ്ട്രയിലെ സാവിത്രിഭായ് ഫൂലെ സര്‍വകലാശാലയുടെ വൈസ് ചാന്‍സലറായിരുന്നു ശാന്തിശ്രീ പണ്ഡിറ്റ്. 1988ല്‍ ഗോവ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് അധ്യാപന ജീവിതം ആരംഭിച്ച ശാന്തിശ്രീ പണ്ഡിറ്റ് 1993ല്‍ പൂനെ യൂണിവേഴ്‌സിറ്റിയിലേക്ക് മാറി. യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്‍ (യു.ജി.സി), ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് സോഷ്യല്‍ സയന്‍സ് റിസര്‍ച്ച് (ഐ.സി.എസ്.എസ്.ആര്‍) അംഗം, കേന്ദ്ര സര്‍വകലാശാലകളിലേക്കുള്ള വിസിറ്റേഴ്‌സ് നോമിനി എന്നിവയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കാലാവധി അവസാനിച്ചതിന് ശേഷം ജെ.എന്‍.യുവില്‍ ആക്ടിംഗ് വിസിയുടെ ചുമതല വഹിച്ചിരുന്ന എം ജഗദേഷ് കുമാറിനെ കഴിഞ്ഞയാഴ്ചയാണ് യു.ജി.സി ചെയര്‍മാനായി നിയമിച്ചത്.