ന്യൂഡല്‍ഹി: വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും അനധികൃത രഹസ്യനിക്ഷേപത്തിന്റെ പുതിയ വിവരങ്ങളുമായി പാനമ രേഖകള്‍ വീണ്ടും പുറത്ത്. 12 ലക്ഷത്തോളം പാനമ രേഖകള്‍ കൂടിയാണ് പുറത്തുവന്നത്. ഇതില്‍ 12,000 പേപ്പറുകള്‍ ഇന്ത്യക്കാരുടെ കള്ളനിക്ഷേപവുമായി ബന്ധപ്പെട്ട രേഖകളാണ്. 2016 നടന്ന വെളിപ്പെടുത്തലുകളില്‍ ഉള്‍പ്പെടാത്ത നിരവധി ഇന്ത്യക്കാരുടെ പേരുകള്‍ ഇത്തവണത്തെ രേഖകളിലുണ്ട്. ഇതുസംബന്ധിച്ച രേഖകള്‍ ആദായനികുതി വകുപ്പും റിസര്‍വ് ബാങ്കും ഉള്‍പ്പെടുന്ന മള്‍ട്ടി ഏജന്‍സി ഗ്രൂപ്പ് പരിശോധിച്ചുവരികയാണെന്ന് കേന്ദ്ര ധനമന്ത്രാലയം അറിയിച്ചു.
പാനമയിലെ നിയമകാര്യ സ്ഥാപനമായ മൊസാക് ഫൊന്‍സേകയാണ് കള്ളപ്പണ നിക്ഷേപത്തിനായി വിദേശ കമ്പനികള്‍ സ്ഥാപിക്കാന്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള രഹസ്യ നിക്ഷേപകരെ സഹായിച്ചത്. 2016 ഏപ്രില്‍ നാലിനാണ് ആദ്യ പാനമ രേഖകള്‍ പുറത്തുവന്നത്.
ദ പാനമ പേപ്പേഴ്‌സ്: ദ ആഫ്ടര്‍മാത് എന്ന പേരിലെ പുതിയ രേഖകളില്‍ പരാമര്‍ശിക്കുന്ന ഇന്ത്യയിലെ പ്രമുഖരുടെ പേരുകള്‍:
-സുനില്‍ മിത്തലിന്റെ മകനും ഹൈക് മെസെഞ്ചര്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറുമായ കവിന്‍ ഭാരതി മിത്തല്‍
-പിവിഎസ് സിനിമാസ് ഉടമസ്ഥന്‍ അജയ് ബിജ്‌ലിയും കുടുംബാംഗങ്ങളും
-ഏഷ്യന്‍ പെയിന്റ്‌സ് സംരംഭകരിലൊരാളായ അശ്വിന്‍ ഡാനിയുടെ മകന്‍ ജലജ് അശ്വിന്‍ ഡാനി.
യുഎസ് ആസ്ഥാനമായ അന്വേഷണാത്മക പത്രപ്രവര്‍ത്തകരുടെ കൂട്ടായ്മ ഐസിഐജെയുടേതാണ് പുതിയ വെളിപ്പെടുത്തല്‍. 2016ല്‍ രേഖകള്‍ ചോര്‍ന്നതിനു പിന്നാലെ ഫൊന്‍സേക വിവിധ കമ്പനികളുടെ യഥാര്‍ഥ ഉടമസ്ഥരെ കണ്ടെത്താനായി അയച്ച സന്ദേശങ്ങള്‍ ചോര്‍ത്തിയാണ് മാധ്യമകൂട്ടായ്മ പുതിയ വിവരങ്ങള്‍ പുറത്തുവിട്ടത്. കമ്പനിവിവരങ്ങള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ട് മൊസാക് ഫൊന്‍സേക ഒട്ടേറെ വിദേശസ്ഥാപനങ്ങള്‍ക്ക് 2016 ല്‍ നോട്ടിസ് അയച്ചിരുന്നു. ഈ കത്തുകളില്‍ ചിലതില്‍ കമ്പനിയുടമകളുടെ പേരുകളുണ്ടായിരുന്നു.
ഉടമകളുടെ പേരുകള്‍ ഉടനടി അറിയിക്കാന്‍ ആവശ്യപ്പെട്ടുള്ളതായിരുന്നു മറ്റു കത്തുകള്‍.
90 ദിവസത്തിനകം മറുപടി നല്‍കിയില്ലെങ്കില്‍ കമ്പനികളുടെ നടത്തിപ്പ് ഉത്തരവാദിത്തം ഒഴിയുമെന്നു മുന്നറിയിപ്പു നല്‍കിയായിരുന്നു രണ്ടാം വട്ട കത്തുകള്‍. അമിതാഭ് ബച്ചന്‍, സണ്‍ ഗ്രുപ്പ് വൈസ് ചെയര്‍പഴ്‌സന്‍ ശിവ് ഖേംക, ഡിഎല്‍എഫ് ഗ്രൂപ്പിലെ കെ.പി.സിങ്, രാഷ്ട്രീയനേതാവ് അനുരാഗ് കേജ്‌രിവാള്‍ തുടങ്ങിയവരുടെ പേരുകള്‍ ഈ കത്തുകളില്‍ പരാമര്‍ശിക്കുന്നുണ്ട്. രഹസ്യരേഖകള്‍ ചോര്‍ന്നതോടെ മൊസാക് ഫൊന്‍സേക പിന്നീട് അടച്ചുപൂട്ടിയിരുന്നു.