തിരുവനന്തപുരം: എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്‍ഡറി, വി.എച്ച്.എസ്.ഇ, പരീക്ഷകള്‍ ഒരുമിച്ചു നടത്താന്‍ തീരുമാനം. പരീക്ഷണാടിസ്ഥാനത്തില്‍ ക്രിസ്മസ് പരീക്ഷ ഈ രീതിയില്‍ നടത്തും. ഇത് വിജയകരമാണെങ്കില്‍ മാര്‍ച്ചിലെ വാര്‍ഷിക പരീക്ഷയും ഒരുമിച്ചു നടത്താനാണ് ഉദ്ദേശിക്കുന്നത്. എസ്.എസ്.എല്‍.സി പരീക്ഷ രാവിലെ നടത്തണമെന്നു ആവശ്യം ഉയരാന്‍ തുടങ്ങിയിട്ടു നാളുകളായി. എന്നാല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷ രാവിലെ നടക്കുന്നതിനാല്‍ അതിനൊപ്പം എസ്.എസ്.എല്‍.സി പരീക്ഷ കൂടി നടത്തുന്നത് ബുദ്ധിമുട്ടാകുമെന്നു ചൂണ്ടിക്കാട്ടി തീരുമാനം നീട്ടുകയായിരുന്നു.
എസ്.എസ്.എല്‍.സി ചോദ്യപേപ്പറുകള്‍ ട്രഷറികളില്‍ സൂക്ഷിച്ച് രാവിലെ സ്‌കൂളുകളിലെത്തിക്കുന്നതാണ് പരീക്ഷ ഉച്ചക്ക് ശേഷമാകാന്‍ ഒരു കാരണം. ഹയര്‍ സെക്കന്‍ഡറി ചോദ്യപേപ്പറുകള്‍ സ്‌കൂളുകളില്‍ തന്നെയാണ് സൂക്ഷിക്കുന്നത്. എസ്.എസ്.എല്‍.സി ചോദ്യപേപ്പറുകള്‍ ട്രഷറികളില്‍ സൂക്ഷിക്കേണ്ടതില്ലെന്ന അഭിപ്രായമാണ് ഇപ്പോഴുള്ളത്. ഇതെല്ലാം പരിഗണിച്ചാണ് പരീക്ഷ ഒരുമിച്ച് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.
അതേസമയം 15 ലക്ഷത്തോളം വിദ്യാര്‍ഥികള്‍ക്ക് ഒരുമിച്ചു പരീക്ഷ നടത്തുന്നതിലെ പ്രായോഗിക ബുദ്ധിമുട്ട് ഹയര്‍സെക്കന്‍ഡറി അധ്യാപകര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. എസ്.എസ്.എല്‍.സിയുടേയും ഹയര്‍സെക്കന്‍ഡറിയുടേയും പരീക്ഷാ ദൈര്‍ഘ്യം പല ദിവസങ്ങളില്‍ പലരീതിയിലാണെന്നും ഇത് പരീക്ഷാ മേല്‍നോട്ടം ബുദ്ധിമുട്ടിലാക്കുമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. സര്‍ക്കാര്‍ ഏകപക്ഷീയമായാണ് പരിഷ്‌കാരം നടപ്പാക്കിയതെന്നും അധ്യാപക സംഘടനകളുമായി കൂടിയാലോചിച്ചില്ലെന്നും ആരോപണമുണ്ട്.