കൊച്ചി: പ്രളയ ബാധിതര്‍ക്കാണോ, വനിതാ മതിലിനാണോ സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നതെന്ന് ഹൈക്കോടതി. സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി അറിയിച്ചു. ജനുവരി ഒന്നാം തിയതി സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന വനിതാ മതിലിനെതിരെ യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് അഡ്വ. പി.ഇ സജല്‍ മുഖേന നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ വിമര്‍ശനം.
കേരളത്തില്‍ കനത്ത നാശം വിതച്ച പ്രളയത്തിന്റെ ഇരകള്‍ക്ക് സര്‍ക്കാര്‍ സഹായം ഉറപ്പാക്കാന്‍, സര്‍ക്കാരിന്റെ പദ്ധതികളും, സഹായങ്ങളും പൊതു ജനങ്ങളെ അറിയിക്കാന്‍ പത്രങ്ങളില്‍ പരസ്യം ചെയ്യാന്‍ ഹൈക്കോടതി പ്രളയവുമായി ബന്ധപ്പെട്ടുള്ള ഫിറോസിന്റെതുള്‍പ്പെടെയുള്ള പൊതുതാല്‍പര്യ ഹര്‍ജികളില്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ അത്തരത്തില്‍ പരസ്യം ചെയ്യാന്‍ സര്‍ക്കാരിന് കയ്യില്‍ പണം ഇല്ലായെന്ന് ബോധ്യപ്പെടുത്തി സത്യവാങ്ങ്മൂലം സമര്‍പ്പിച്ചിരുന്നു. എന്നാല്‍ പ്രളയ കാര്യങ്ങള്‍ക്ക് ചെലവഴിക്കാന്‍ സര്‍ക്കാരിന്റെ കയ്യില്‍ പണം ഇല്ല, മറിച്ച് സര്‍ക്കാരിന്റെ രാഷട്രീയ താല്‍പ്പര്യങ്ങള്‍ നടപ്പിലാക്കാനായി വനിതാ മതില്‍ നിര്‍മ്മിക്കാന്‍ കോടികള്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്നും ചെലവഴിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു. വനിതാ മതിലാനായി ചെലവാക്കുന്ന പണം എത്രയാണെന്നും, അത് ഏത് വകുപ്പില്‍ നിന്ന് ചെലവഴിക്കുന്നെന്നും, പ്രളയത്തിന് ഇല്ലാത്ത എന്ത് പ്രത്യേകതയാണ് വനിതാ മതിലെനെന്നും ഹര്‍ജിയില്‍ ചോദിക്കുന്നു.
പ്രളയ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് വനിതാ മതിലിന് പണം ചെലവഴിക്കുന്നതെങ്കില്‍ അത് തടയണമെന്നും ആവശ്യപ്പെടുന്നു. ചീഫ് ജസ്റ്റിസ് ഋഷികേഷ് റോയി, ജസ്റ്റിസ്.ജയശങ്കര്‍ നമ്പ്യാര്‍, അടങ്ങുന്ന ബഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.