തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ ഡിസംബര്‍ 21 ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ അദ്ധ്യക്ഷന്‍മാരുടെ തിരഞ്ഞെടുപ്പ് ഡിസംബര്‍ 28 ന് രാവിലെ 11 മണിക്ക് നടക്കും. ഉപാദ്ധ്യക്ഷന്‍മാരുടെ തിരഞ്ഞെടുപ്പ് അന്ന് ഉച്ചക്കു ശേഷം രണ്ടിനും നടക്കും. ത്രിതല പഞ്ചായത്തുകളിലെ അദ്ധ്യക്ഷന്‍മാരുടെ തിരഞ്ഞെടുപ്പ് ഡിസംബര്‍ 30 ന് രാവിലെ 11നും ഉപാദ്ധ്യക്ഷന്‍മാരുടെ തിരഞ്ഞെടുപ്പ് അന്ന് ഉച്ചക്ക് 2നും നടക്കും.
തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളില്‍ ഏറ്റവും പ്രായം കൂടിയ അംഗം വരണാധികാരി മുമ്പാകെ സത്യപ്രതിജ്ഞ ചെയ്യണം. ഈ അംഗമാണ് മറ്റ് അംഗങ്ങളെ സത്യപ്രതിജ്ഞ ചെയ്യിക്കുന്നത്. തദ്ദേശ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എല്ലാ അംഗങ്ങള്‍ക്കും പ്രതിജ്ഞ എടുക്കാന്‍ രേഖാമൂലം അറിയിപ്പ് നല്‍കും.
ഗ്രാമ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, മുനിസിപ്പല്‍ കൗണ്‍സിലുകള്‍ എന്നിവിടങ്ങളിലെ സത്യപ്രതിജ്ഞ നടപടികള്‍ രാവിലെ 10ന് ആരംഭിക്കും. കോര്‍പ്പറേഷനുകളില്‍11.30നാണ് ആരംഭിക്കുക. ഗ്രാമപഞ്ചായത്തുകളില്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍മാരും ബ്ലോക്ക് പഞ്ചായത്തുകളില്‍ അസിസ്റ്റന്റ് ഡെവലപ്പ്‌മെന്റ് കമ്മീഷണര്‍മാരും മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും അതാത് തദ്ദേശസ്ഥാപനങ്ങളിലെ സെക്രട്ടറിമാരും ജില്ലാ പഞ്ചായത്തുകളില്‍ ജില്ലാ കളക്ടര്‍മാരുമാണ് സത്യപ്രതിജ്ഞാ ചടങ്ങുകള്‍ക്ക് ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്യുക.
ചടങ്ങുകളുടെ ഏകോപനത്തിന്റെയും നടപ്പാക്കുന്നതിന്റെ പൊതു മേല്‍നോട്ടവും ജില്ലാ കളക്ടര്‍മാര്‍ക്കാണ്.