മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഇന്നലെ കാസര്‍കോട് തുടക്കംകുറിച്ച ജില്ലാ സംഗമങ്ങള്‍ മുന്നോട്ടുവെക്കുന്ന പ്രമേയങ്ങള്‍ കാലിക പ്രസക്തമാണ്. മത സാഹോദര്യ, പൈതൃക സംരക്ഷണത്തിലൂടെ പരസ്പര വിശ്വാസവും ഐക്യവും ഊട്ടിയുറപ്പിക്കേണ്ടതിന്റെ പ്രാധാന്യത്തിലേക്ക് കേരളീയ സമൂഹത്തിന്റെ ശ്രദ്ധ ക്ഷണിക്കുകയാണ് സംഗമങ്ങളുടെ പരമമായ ലക്ഷ്യം. മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളില്‍ പലരും ചവറ്റുകുട്ടയില്‍ ഉപേക്ഷിച്ചുപോയ മൂല്യങ്ങള്‍ പൊടിതട്ടിയെടുത്ത് സമൂഹ നന്മക്കായി പുനരാവിഷ്‌കരിക്കാനുള്ള എളിയ ശ്രമം. സ്‌നേഹവും സൗഹൃദവുമാണ് മനുഷ്യസമൂഹത്തിന് ജീവന്‍ നല്‍കുന്നത്. കാലപ്പഴക്കത്തില്‍ ഉരഞ്ഞും ഉടഞ്ഞും തിളക്കം നഷ്ടപ്പെട്ട് ക്ലീഷേ പദപ്രയോഗങ്ങള്‍ മാത്രമായി അവയൊക്കെയും മാറിയ കാലത്ത് മുസ്‌ലിം ലീഗിന്റെ പ്രവര്‍ത്തന പദ്ധതിക്ക് തങ്കത്തിളക്കമുണ്ട്. ഊഷ്മളമായ മനുഷ്യബന്ധങ്ങളും സൗഹൃദങ്ങളും സങ്കുചിത താല്‍പര്യങ്ങളുടെ മുള്‍ക്കാടുകളില്‍ മുരടിച്ചു നശിക്കുകയാണ്. അതേക്കുറിച്ചുള്ള സംസാരങ്ങള്‍ പോലും പഴഞ്ചനായി മുദ്രകുത്തപ്പെടുന്ന ഒരു കാലഘട്ടത്തിലാണ് മാനവ മൂല്യങ്ങളുടെ കാവല്‍ മുസ്‌ലിം ലീഗ് ഏറ്റെടുത്തിരിക്കുന്നത്. ഒരുപക്ഷേ, ആധുനിക ലോകത്ത് ഇത്തരമൊരു ദൗത്യം അത്യപൂര്‍വമായിരിക്കും. വിശേഷിച്ച് ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ മുഖ്യ അജണ്ടകളില്‍ അവ ഇടം പിടിച്ചുവെന്നത് അത്ഭുതമായി തോന്നാം. ക്രിയാത്മകമായി ചിന്തിക്കുകയും സര്‍ഗാത്മകമായി സമൂഹ നിര്‍മിതിയില്‍ ഇടപെടുകയും ചെയ്യുന്ന ഒരു പ്രസ്ഥാനത്തിനും അതിന്റെ നേതൃത്വത്തിനും മാത്രമേ സ്‌നേഹവും സാഹോദര്യവും സംരക്ഷിക്കപ്പെടേണ്ട മൂല്യങ്ങളായി കാണാന്‍ സാധിക്കൂ.
ഐക്യവും സാമൂഹിക കെട്ടുറപ്പുമുള്ള ഒരു രാജ്യത്തിനാണ് മുന്നോട്ട് കുതിക്കാനാവുക. ചിന്തകളും സ്വപ്‌നങ്ങളും ഭൗതികമായ ചട്ടക്കൂടില്‍ ഒതുങ്ങുമ്പോള്‍ പുരോഗതിയിലേക്ക് ചിറകു വിടര്‍ത്തുക അസാധ്യമാണ്. എക്കാലവും സാമൂഹിക സമാധാനത്തോടൊപ്പമാണ് സാമ്പത്തിക വളര്‍ച്ച ഉണ്ടായിട്ടുള്ളത്. ഭിന്നതയുടെ വിള്ളലുകള്‍ വീണിടങ്ങളെല്ലാം സാമ്പത്തിക മുരടപ്പിനും സാക്ഷിയായിട്ടുണ്ട്. ഈ ഭൂമി എല്ലാര്‍ക്കുമുള്ളതാണ്. ഏതെങ്കിലും ചിലര്‍ക്കു മാത്രമായി അവകാശപ്പെട്ടതല്ല. എല്ലാവരും സ്വന്തം പങ്ക് പറ്റി മറ്റുള്ളവര്‍ക്ക് കരുതി വെച്ച് മുന്നോട്ടു പോകുമ്പോഴാണ് ശാന്തത കൈവരുക. തിരസ്‌കാരത്തിന്റെ ഭാഷയും ശൈലിയും രാജ്യത്തെ തകര്‍ച്ചയിലേക്കാണ് നയിക്കുക. മതസാഹോദര്യത്തിനും മതേതര രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ക്കും വില കല്‍പിച്ച ചരിത്രമാണ് ഇന്ത്യക്കുള്ളത്. അതില്‍നിന്നുള്ള വ്യതിചലനം രാജ്യത്തെ തകര്‍ക്കും. അത്തരം സന്ദര്‍ഭങ്ങളില്‍ ക്രിയാത്മമായി ഇടപെടാനും വഴികാട്ടാനും രാഷ്ട്രീയ പാര്‍ട്ടികള്‍ ജാഗ്രത പുലര്‍ത്തണം.
ജില്ലാ സംഗമങ്ങളില്‍ മതസൗഹാര്‍ദവും മനുഷ്യസാഹോദര്യവും ചര്‍ച്ചക്കെടുക്കുമ്പോള്‍ ഭാരിച്ച ഉത്തരവാദിത്ത നിര്‍വഹണത്തിനാണ് മുസ്‌ലിം ലീഗ് തയാറെടുക്കുന്നത്. സങ്കുചിത രാഷ്ട്രീയത്തിന്റെ പഴകിയ ഉടയാടകള്‍ ഉപേക്ഷിച്ച് ഇന്ത്യന്‍ രാഷ്ട്രീയ സമൂഹം കൂടുതല്‍ പ്രബുദ്ധമാകേണ്ടതുണ്ട്. ജനത്തെ വോട്ട് ബാങ്കായി കാണാതെ രാജ്യത്തിന്റെ പൊതുനന്മയായിരിക്കണം രാഷ്ട്രീയ പാര്‍ട്ടികളുടെ ആത്യന്തിക ലക്ഷ്യമെന്ന വലിയ പാഠമാണ് മുസ്‌ലിം ലീഗ് മുന്നോട്ടുവെക്കുന്നത്. സന്നദ്ധ സേവന പ്രവര്‍ത്തനങ്ങളിലൂടെ രാഷ്ട്രീയത്തിന് വിശാലമായ അര്‍ഥങ്ങളുണ്ടെന്ന് രാജ്യത്തെ പഠിപ്പിക്കാന്‍ പാര്‍ട്ടിക്ക് സാധിച്ചിട്ടുണ്ട്. വര്‍ഗീയതയും പ്രതികാരദാഹവും സമൂഹത്തില്‍ വേരുറച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സാന്ത്വന സ്പര്‍ശമാകാനാണ് രാഷ്ട്രീയ സംഘടനകള്‍ ശ്രമിക്കേണ്ടത്. ആട്ടിയോടിക്കുന്നതിന് പകരം കൂട്ടിപ്പിടിക്കുന്നതാണ് ധര്‍മം. ഇടിച്ചുനിരത്തുകയല്ല; നിര്‍മിക്കുകയാണ് വേണ്ടത്. ഭീഷണിയുടെ സ്വരങ്ങള്‍ ഉപേക്ഷിച്ച് പ്രതീക്ഷയുടെ വാക്കുകള്‍ ഉരുവിടാന്‍ ശീലിക്കണം. പതിനാല് ജില്ലകളിലും സംഗമങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ പുതിയൊരു രാഷ്ട്രീയ ദിശാബോധം കേരളത്തിന് നല്‍കാന്‍ സാധിക്കുമെന്ന് മുസ്‌ലിം ലീഗ് പ്രതീക്ഷിക്കുന്നു.
രാജ്യം നേരിടുന്ന ഫാസിസ്റ്റ് ഭീഷണികളെ ചെറുത്തു തോല്‍പ്പിക്കാനും അവസരവാദ രാഷ്ട്രീയത്തിന്റെ കപടമുഖങ്ങളെ തിരിച്ചറിയാനും സമൂഹത്തെ പരിശീലിപ്പിക്കുക കൂടിയാണ് സംഗമങ്ങളിലൂടെ പാര്‍ട്ടി ലക്ഷ്യമിടുന്നത്. മത, സാംസ്‌കാരിക നേതാക്കളുമായി സാദിഖലി തങ്ങള്‍ ആശയവിനിയമം നടത്തുന്നുണ്ട്. കേരള രാഷ്ട്രീയത്തില്‍ ഇത്തരമൊരു പതിവ് മുമ്പുണ്ടായിട്ടില്ല. സമൂഹത്തിന്റെ മിടിപ്പറിയാനും പരിഹാര മാര്‍ഗങ്ങള്‍ നിര്‍ദേശിക്കാനും ഇത്തരം വേദികള്‍ ഉപകരിക്കും. അധികാര മോഹത്തിന്റെ ദുര്‍ഗന്ധവും ചോരച്ചാലുകള്‍ നിറഞ്ഞതാണ് രാഷ്ട്രീയമെന്ന പൊതുധാരണക്കുള്ള തിരുത്തുകൂടിയായിരിക്കും അതെന്ന് ഉറപ്പിക്കാം. സന്നിഗ്ധ ഘട്ടങ്ങളിലൊക്കെയും ആലംബമായിരുന്ന പാണക്കാട് കുടുംബത്തിന്റെ നായകന്‍ തന്നെ അതിന് നേതൃത്വം നല്‍കുന്നുവെന്നത് കേരളത്തിന് പ്രതീക്ഷ പകരുന്നു.