ചെന്നൈ: ഫെബ്രുവരി 14ന് ചെന്നൈ മറീനാ ബീച്ചിലും ബസന്ത് നഗര്‍ ബീച്ചിലും വരുന്ന കമിതാക്കള്‍ക്കാണ് ഹിന്ദു മക്കള്‍ കക്ഷിയുടെ ശാസന. വാലന്റൈന്‍സ് ഡേയില്‍ ബീച്ചില്‍ എത്തുന്നവരെ കല്യാണം കഴിപ്പിച്ചുവിടുമെന്നാണ് കക്ഷിയുടെ പുതിയ പ്രസ്താവന. വാലന്റൈന്‍സ് ഡേ ആഘോഷിക്കുന്നത് ആര്‍ഷ ഭാരത സംസ്‌കാരത്തിന് എതിരാണ്. ആയതിനാല്‍ 14ന് കാമുകീ കാമുകന്മാരായി ബീച്ചിലെത്താം, മടങ്ങുന്നത് ഭാര്യാഭര്‍ത്താക്കന്മാരായിട്ടാകും എന്നാണ് ഇവരുടെ താക്കീത്.
നേരത്തെ വാലന്റൈന്‍സ് ഡേ ആഘോഷം തടയണമെന്നാവശ്യപ്പെട്ട് വൈപ്പേരി പൊലീസ് സ്‌റ്റേഷനില്‍ ഇവര്‍ ഒരു പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ തങ്ങള്‍ നിസ്സഹായരാണെന്ന് പൊലീസ് അറിയിച്ചതിനേത്തുടര്‍ന്നാണ് പുതിയ നീക്കവുമായി ഹിന്ദു മക്കള്‍ കക്ഷി പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്.
എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ ഹിന്ദു മക്കള്‍ കക്ഷി പുതിയ ശാസനക്ക് വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇത് ഒരു ഓഫറായിക്കണ്ട് മുതലാക്കുകയാണ് വേണ്ടതെന്നാണ് പലരുടേയും അഭിപ്രായം. വിവാഹം കഴിക്കാനുള്ള നൂറായിരം നൂലാമാലകളില്‍നിന്ന് രക്ഷിക്കുന്ന കക്ഷി ചെയ്യുന്നത് വളരെ നല്ല ഒരു കാര്യമാണെന്നും ഇവര്‍ പറയുന്നു. ആര്‍ഷഭാരത സംസ്‌കാരത്തിന്റെ മൊത്തക്കച്ചവടക്കാര്‍ നടത്തിത്തരുന്ന തനതായ ഭാരതീയ വിവാഹത്തേക്കാള്‍ മഹത്തരമായതെന്തുണ്ട്! എന്നാണ് ചിലരുടെ ചോദ്യം