മോസ്‌കോ: ഗ്രൂപ്പ് എഫില്‍ ഇന്ന് സ്വീഡനെതിരെ നിര്‍ണായക മത്സരത്തിലിറങ്ങുന്ന നിലവിലെ ചാമ്പ്യന്‍മാരായ ജര്‍മനിക്ക് സൂപ്പര്‍ താരത്തിന്റെ പരിക്ക് തിരിച്ചടിയാവുന്നു. പ്രതിരോധ നിരയില്‍ ജര്‍മനിയുടെ ഹൃദയമായ മാറ്റ് ഹമ്മല്‍സാണ് പരിക്കിന്റെ പിടിയില്‍പ്പെട്ടത്. കഴുത്തിന് പരിക്കേറ്റ ഹമ്മല്‍സ് കളിക്കാന്‍ സാധ്യത കുറവാണെന്ന് പരിശീലകന്‍ ജോകിം ലോ പറഞ്ഞു.അതേസമയം ആദ്യ മത്സരത്തില്‍ മെക്‌സികോയോട് പ്രതീക്ഷയ്‌ക്കൊത്ത് ഉയരാത്ത മെസൂദ് ഓസിലിന് ആദ്യ ഇലവനില്‍ അവസരം ലഭിച്ചേക്കില്ലയെന്നും റിപ്പോര്‍ട്ടുണ്ട്.
ആദ്യ മത്സരത്തില്‍ മെക്‌സിക്കോയോട് തോറ്റ ടീമില്‍ നിന്നും ചിലമാറ്റങ്ങള്‍ ജര്‍മന്‍ നിരയില്‍ ഉണ്ടാകുമെന്ന സൂചന ലോ നല്‍കി കഴിഞ്ഞു. ലോകകപ്പിന് മുമ്പ് തുര്‍ക്കി പ്രസിഡണ്ട് ഉറുദുഗാനെ സന്ദര്‍ശിച്ചതിന് വിവാദത്തില്‍പ്പെട്ട ഓസിലിനു പകരം മാര്‍കോ റുയ്‌സിനെ പരിഗണിക്കും. അതേസമയം സാമി കെദറിയയേയും പരിശീലകന്‍ ലോ ബെഞ്ചില്‍ ഇരിത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഹമ്മല്‍സിനു പകരം ജോനാസ് ഹെക്റ്ററാവും ബോട്ടങിന് കൂട്ടാളി. കെദറിയക്കു പകരം ജൂലിയന്‍ ഡ്രാക്‌സിലറാവും ആദ്യ ഇലവനില്‍ ഇറങ്ങുക.
36 വര്‍ഷത്തിനു ശേഷമാണ് ലോകകപ്പിലെ ആദ്യമത്സരത്തില്‍ ജര്‍മനി തോല്‍വി പിണയുന്നത്. ആദ്യ റൗണ്ടില്‍ പുറത്താകുന്ന ചാമ്പ്യന്‍മാരെന്ന ദുഷ്‌പേര് ഒഴിവാക്കണമെങ്കില്‍ ജയത്തില്‍ കുറഞ്ഞതൊന്നും ജര്‍മനിക്ക് മതിയാവില്ല. ടീമിലെ ആഭ്യന്തര പ്രശ്‌നവും കളിക്കാരുടെ പരിക്കും ജര്‍മനിയെ അലട്ടുന്നുണ്ടെങ്കിലും സ്വീഡനെ തോല്‍പ്പിച്ച് പ്രീ-ക്വാര്‍ട്ടര്‍ പ്രതീക്ഷ നിലനിര്‍ത്താം എന്ന പ്രതീക്ഷയിലാണ് ജര്‍മന്‍ ക്യാമ്പ്.
ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ശക്തരായ സ്‌പെയ്‌നും ഹോളണ്ടും അടങ്ങുന്ന ഗ്രൂപ്പില്‍ ഹോളണ്ടിനെ പിന്തള്ളിയാണ് സ്വീഡന്‍ രണ്ടാം സ്ഥാനത്ത് ഫിനീഷ് ചെയ്ത് പ്ലേഓഫിന് യോഗ്യത നേടിയത്. പ്ലേഓഫില്‍ മുന്‍ചാമ്പ്യന്‍മാരായ ഇറ്റലിയെ മറികടന്ന് റഷ്യയിലെത്തിയെ സ്വീഡന്‍ ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ ദക്ഷിണ കൊറിയയെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പ്പിക്കുകയായിരുന്നു. നിലവില്‍ മൂന്നു പോയന്റുള്ള സ്വീഡന് ജര്‍മനിക്കെതിരെ സമനില നേടിയാല്‍പോലും പ്രീ-ക്വാര്‍ട്ടര്‍ സാധ്യത നിലനിര്‍ത്താനാകും.
സ്വീഡനെതിരെ മികച്ച റെക്കോര്‍ഡാണ് ജര്‍മനിക്കുള്ളത്. അവസാനം ഏറ്റുമുട്ടിയ 11 കളിയില്‍ ഒരിക്കല്‍പോലും ജര്‍മനിയെ തോല്‍പ്പിക്കാന്‍ സ്വീഡന് കഴിഞ്ഞിട്ടില്ല. ഈ സമയങ്ങളില്‍ ആറു തവണ ജര്‍മനി ജയിച്ചപ്പോള്‍ അഞ്ചു തവണ സമനിലയായിരുന്നു ഫലം. ലോകകപ്പില്‍ ഇരുവരും അവസാനമായി കണ്ടുമുട്ടിയത് 2006 ജര്‍മന്‍ ലോകകപ്പിലായിരുന്നു. അന്ന് ആതിഥേയരായ ജര്‍മനി എതിരില്ലാത്ത രണ്ടുഗോളിന് സ്വീഡനെ പരാജയപ്പെടുത്തി.