കണ്ണൂര്‍: ഓണ്‍ ലൈന്‍ പണമിടപാട് രൂപമായ ക്യൂആര്‍ കോഡ് മാറ്റിയൊട്ടിച്ച് പണം തട്ടുന്നത് വ്യാപകമാവുന്നു. വ്യാപാര സ്ഥാപനങ്ങളില്‍ പതിക്കുന്ന ഫോണ്‍പേ, ജിപേ, പേടിഎം തുടങ്ങിയ പണഇടപാട് ശൃംഖലയുടെ ക്യൂആര്‍ കോഡ് മാറ്റിയൊട്ടിച്ചാണ്
തട്ടിപ്പ് നടത്തുന്നത്. നേരത്തെ വന്‍നഗരങ്ങളില്‍ ഇത്തരം തട്ടിപ്പ് വ്യാപകമായിരുന്നു. ഇപ്പോള്‍ പലയിടത്തും റിപ്പോര്‍ട്ട് ചെയ്തുതുടങ്ങിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം കൊച്ചി കാക്കനാട് പടമുകളിലെ മീന്‍ കടകളിലും കോഴിക്കടകളിലും തട്ടിപ്പ് നടന്നിട്ടുണ്ട്. സംസ്ഥാനത്ത് പലയിടുത്തും ഇത്തരത്തില്‍ തട്ടിപ്പ് നടന്നതായി നേരത്തെ പരായി ഉയര്‍ന്നിരുന്നു. പണം ഇടപാട് നടത്തുന്നതിനായി സ്ഥാപനത്തിനു മുന്നില്‍ പതിക്കുന്ന ക്യുആര്‍ കോഡ് രാത്രിയിലെത്തുന്ന സംഘം മാറ്റി അതേ സ്ഥാനത്ത് പുതിയത് പതിക്കുന്നതാണ് രീതി. ഈ കോഡ് ഉപയോഗിച്ച് ഓണ്‍ലൈനായി പണം അയക്കുമ്പോള്‍ തട്ടിപ്പ് സംഘത്തിനു നേരിട്ട് ലഭിക്കുന്നു. വ്യാപാര സ്ഥാപനങ്ങളിലെ തിരക്ക് കാരണം പലപ്പോഴും പണം അക്കൗണ്ടില്‍ എത്തിയിട്ടുണ്ടോ എന്ന് വ്യാപാരികള്‍ പരിശോധിക്കാറില്ല. ഇത്തരം തട്ടിപ്പിന് ഉത്തരേന്ത്യയില്‍ നിന്നുള്ള സംഘമാണെന്നാണ് നിഗമനം. നിരവധി വ്യാപാര സ്ഥാപനങ്ങളില്‍ ഒരേസമയം തട്ടിപ്പ് നടക്കുന്നതിനാല്‍ സംഘത്തിന് വലിയ തുകയും ലഭിക്കുന്നു.ഇത്തരം പുതിയ തട്ടിപ്പ് കരുതിയിരിക്കണമെന്നും പണം അയക്കുന്നതിനുള്ള ക്യൂആര്‍ കോഡ് പൊതു സ്ഥാലത്ത് പതിക്കരുതെന്നുമാണ് സൈബര്‍ പോലീസ് നല്‍കുന്ന നിര്‍ദേശം. രാത്രിയില്‍ അടയ്ക്കുന്ന പെട്രോള്‍ പമ്പുകളില്‍ ഉള്‍പ്പെടെ അലക്ഷ്യമായാണ് പലയിടത്തും ക്യൂആര്‍ കോഡുകള്‍ പ്രദര്‍ശിപ്പിക്കുന്നത്. ഇത് എളുപ്പത്തില്‍ മാറ്റിയൊട്ടിക്കാന്‍ സാധ്യതയേറെയാണ്.
വ്യാപാരികള്‍ കരുതിയിരിക്കുക
കണ്ണൂര്‍: ഓണ്‍ലൈന്‍ പണമിടപാടിനായി ഉപയോഗിക്കുന്ന ക്യൂആര്‍ കോഡ് മാറ്റിയൊട്ടിച്ചുള്ള തട്ടിപ്പ് വ്യാപകമാവുന്ന സാഹചര്യത്തില്‍ വ്യാപാരികള്‍ ശ്രദ്ധിക്കണമെന്ന് സൈബര്‍ പൊലീസ്. തട്ടിപ്പ് സംഘത്തിന് മാറ്റിയൊട്ടിക്കാന്‍ കഴിയാത്ത വിധത്തിലായിരിക്കണം സ്ഥാപനത്തിലെ ക്യൂആര്‍ കോഡുകള്‍ പ്രദര്‍ശിപ്പിക്കേണ്ടത്. സ്ഥാപനത്തിന്റെ പുറത്തോ മറ്റോ അലക്ഷ്യമായി ഇവ പതിക്കാതിരിക്കുക. ക്യൂആര്‍ കോഡുകള്‍ ഇടയ്ക്കിടക്ക് പരിശോധിക്കുക. തട്ടിപ്പ് ശ്രദ്ധയില്‍ പെട്ടാല്‍ സാങ്കേതിക സാഹായം തേടണമെന്നും പൊലീസ് അറിയിപ്പില്‍ പറഞ്ഞു.