X

ഓറഞ്ച് സൈന്യത്തിനായി ആര് ഗോളടിക്കും

ലോകോത്തര നിലവാരമുള്ള ഒരു ഡിഫന്‍ഡറുണ്ട്, രണ്ട് മധ്യനിരക്കാരുമുണ്ട്. പക്ഷേ ഗോളടിക്കാന്‍ അത്ര ക്ലാസ് ഉള്ള ഒരാളില്ല. അതാണ് യൂറോയില്‍ ഹോളണ്ടിന്റെ പ്രശ്‌നം. ഗ്രൂപ്പ് സിയില്‍ ഉക്രൈന്‍, ഓസ്ട്രിയ, നോര്‍ത്ത് മാസിഡോണിയ എന്നിവര്‍ക്കൊപ്പമാണ് 1988 ലെ യൂറോപ്യന്‍ ചാമ്പ്യന്മാര്‍. ഫ്രാങ്ക് ഡി ബോയര്‍ എന്ന വിഖ്യാതനായ മുന്‍ മധ്യനിരക്കാരനാണ് ടീമിന്റെ അമരക്കാരന്‍. അദ്ദേഹം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച അവസാന 26 ല്‍ പുതുമുഖങ്ങള്‍ ധാരാളമുണ്ട്.

അയാക്‌സ് ആംസ്റ്റര്‍ഡാമിന്റെ 19 കാരനായ വിസ്മയം ജുറിയാന്‍ ടിപ്പര്‍ ഉള്‍പ്പെടെയുള്ളവര്‍. 2010 ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന ലോകകപ്പില്‍ ഫൈനല്‍ കളിച്ച ടീമിലെ കാവല്‍ക്കാരന്‍ മാര്‍തന്‍ സ്‌റ്റെകലന്‍ബര്‍ഗിനെ പോലുള്ള സീനിയേഴ്‌സിനും കോച്ച് ഇടം നല്‍കിയിട്ടുണ്ട്. ലിവര്‍പൂളിന്റെ മധ്യനിരക്കാരന്‍ ജോര്‍ജിനോ വിനാല്‍ഡമാണ് നായകന്‍. പക്ഷേ അതേ ക്ലബിലെ യൂറോപ്പിലെ ഏറ്റവും മികച്ച ഡിഫന്‍ഡര്‍ വിര്‍ജില്‍ വാന്‍ ഡിജിക് ടീമില്‍ ഇല്ല എന്നത് വലിയ ആഘാതവും. യൂറോപ്യന്‍ ക്ലബ് സീസണിന്റെ തുടകത്തില്‍ പരുക്കേറ്റ് പുറത്തായതാണ് വാന്‍ ഡിജിക്. അദ്ദേഹത്തിന്റെ അഭാവം ഇത്തവണ ലിവര്‍പൂളിന്റെ പ്രകടനത്തിലുണ്ടായിരുന്നു. സീസണിലുടനീളം തപ്പിതടഞ്ഞ ജുര്‍ഗന്‍ ക്ലോപ്പെയുടെ ടീം അവസാന ദിവസത്തിലാണ് ചാമ്പ്യന്‍സ് ലീഗ് യോഗ്യത പോലും നേടിയത്.

ഡച്ചുകാരുടെ വലിയ പ്രശ്‌നം മുന്‍നിരയിലാണ്. പ്രഖ്യാപിക്കപ്പെട്ട മുന്‍നിരയില്‍ വിലാസമുള്ളവര്‍ കുറവാണ്. ലിയോണിന്റെ സൂപ്പര്‍ താരം മെംഫിസ് ഡിപ്പേക്കൊപ്പം സെവിയെയുടെ ലൂക് ഡിജോംഗാണ് കളി കമ്പക്കാര്‍ക്ക് പരിചയമുള്ളയാള്‍. 2010 ലെ ലോകകപ്പില്‍ രണ്ടാം സ്ഥാനക്കാരായ ശേഷം കുറച്ച് കാലം യൂറോപ്യന്‍ സോക്കറില്‍ നിന്ന് അപ്രത്യക്ഷമായവരാണ് ഡച്ചുകാര്‍. യൂറോ ഫൈനല്‍ റൗണ്ടിലേക്ക് അവര്‍ എത്തുന്നത് തന്നെ ഏഴ് വര്‍ഷത്തിന് ശേഷമാണ്. ആര്യന്‍ റൂബന്‍, റോബിന്‍ വാന്‍ പര്‍സി, വെസ്‌ലെ സ്‌നൈഡര്‍ തുടങ്ങിയ മെഗാ താരങ്ങളുടെ തലമുറക്ക് ശേഷം അതേ കരുത്തിലുള്ള കളിക്കാരുടെ അഭാവമായിരുന്നു ഡച്ചുകാരെ പിറകോട്ടടിപ്പിച്ചത്. എന്നാല്‍ അയാക്‌സിനെ പോലുള്ളവര്‍ 2019 ലെ ചാമ്പ്യന്‍സ് ലീഗിന്റെ സെമി ഫൈനല്‍ വരെയെത്തിയപ്പോഴാണ് വീണ്ടും ലോകം ഡച്ചു പുതുതലമുറയെക്കുറിച്ച് അറിയാന്‍ തുടങ്ങിയത്. അയാക്‌സ് താരങ്ങളായ മത്ജിസ് ഡി ലിറ്റിനെ യുവന്തസും ഫ്രാങ്കി ഡി ജോംഗിനെ ബാര്‍സയും റാഞ്ചിയപ്പോള്‍ അയാക്‌സ് ദുര്‍ബലമായി.

ഈ രണ്ട് പേരുമാണിപ്പോള്‍ ഡി ബോയര്‍ സംഘത്തിലെ സൂപ്പര്‍ താരങ്ങള്‍. ഇവരെ മുന്‍നിര്‍ത്തിയാണ് കോച്ചിന്റെ പ്ലാനിംഗും. യോഹാന്‍ ക്രൈഫ് എന്ന ഡച്ച് ഇതിഹാസത്തിന്റെ വെല്‍വറ്റ് വിപ്ലവത്തിന്റെ ഉല്‍പ്പന്നങ്ങളാണ് ഡി ലിറ്റും ഡി ജോംഗുമെല്ലാം. അയാക്്‌സിലുടെ വളര്‍ന്ന് ഇപ്പോള്‍ യൂറോപ്പിലുടനീളം അറിയപ്പെടുന്ന ഡിഫന്‍സീവ് മിഡ്ഫീല്‍ഡറായ ഡി ലിറ്റ് പ്രതിയോഗികളായ മുന്‍നിരക്കാരുടെ വരവ് വ്യക്തമായി തടയുന്ന അനുഭവ സമ്പന്നാണിപ്പോള്‍. 19-ാം വയസില്‍ തന്നെ അയാക്‌സിന്റെ നായകനായത് വഴി ഇപ്പോള്‍ ആവശ്യത്തിലധികം പക്വത അദ്ദേഹം പ്രകടിപ്പിക്കുന്നുണ്ട്. യുവന്തസില്‍ ജോര്‍ജിനി ചെലിനിക്കൊപ്പം കളിച്ചതോടെ വലിയ അറിവുകളും അദ്ദേഹം സ്വന്തമാക്കിയിരിക്കുന്നു.

ബാര്‍സയില്‍ മെസിക്കൊപ്പം തകര്‍പ്പന്‍ പ്രകടനമാണ് ഡി ജോംഗ് നടത്തിയത്. ബാര്‍സയുടെ 37 ലാലീഗ മല്‍സരങ്ങളില്‍ കളിച്ചു. മൂന്ന് ഗോളുകളും സ്‌ക്കോര്‍ ചെയ്തു. കിംഗ്‌സ് കപ്പ് ബാര്‍സ നേടിയപ്പോള്‍ മെസിക്കൊപ്പം ഡി ജോംഗായിരുന്നു കളം നിറഞ്ഞത്. പിന്‍നിരയില്‍ ഡി ലിറ്റും മധ്യനിരയില്‍ ഡോ ജോംഗും വിനാല്‍ഡവും- അപ്പോഴും മുന്‍നിരയില്‍ ആര്…? അവിടെയാണ് ഡച്ചുകാരുടെ പ്രശ്‌നം.

Test User: