കോവിഡിന്റെ പുതിയവകഭേദമായ ഒമിക്രോണ്‍ കൂടുതല്‍ പേരിലേക്ക് വ്യാപിക്കുന്ന കാഴ്ചയാണ് ലോകത്ത് കാണാനാകുന്നത.് രോഗം കാട്ടുതീ പോലെ പടരുകയാണെന്നാണ് ബ്രിട്ടനില്‍നിന്നുള്ള റിപ്പോര്‍ട്ടുകള്‍. ഇതാദ്യമായി ബ്രിട്ടനില്‍ ഒരാള്‍ മരിക്കുകയും ചെയ്തു. കോവിഡ്-19നേക്കാളും മാരകമായതെന്ന് ആദ്യഘട്ടത്തില്‍ പ്രചരിപ്പിക്കപ്പെട്ട ഒമിക്രോണ്‍ ഇപ്പോള്‍ അത്രകണ്ട് മാരകമല്ലെങ്കിലും വളരെവേഗം വ്യാപിക്കുന്നതാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇന്ത്യയില്‍ ഇതിനകം നാല്‍പതിലകം പേരിലേക്ക് രോഗം വ്യാപിച്ചിരിക്കുന്നു. കോവിഡ്-19 ആദ്യം ഇന്ത്യയിലെത്തിയത് കേരളത്തിലായിരുന്നെങ്കില്‍ ഇത്തവണ ഒമിക്രോണ്‍ കര്‍ണാടകത്തിലാണ് ആദ്യമെത്തിയത്. പിന്നീട് മഹാരാഷ്ട്രയടക്കം ആറ് സംസ്ഥാനങ്ങളിലേക്ക് വ്യാപിച്ചു. മിക്കതും വിദേശങ്ങളില്‍നിന്നാണ് എത്തിയതെന്നതാണ് മുന്‍കോവിഡ് കാലത്തെപോലെ രോഗത്തെ ഭീതിപ്പെടുത്തുന്നത്. കേരളത്തില്‍ ഞായറാഴ്ചയാണ് ബ്രിട്ടനില്‍നിന്ന് വന്നയാള്‍ക്ക് ഒമിക്രോണ്‍ ആദ്യമായി സ്ഥിരീകരിച്ചിരിക്കുന്നത്. ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്ക് കോവിഡ് ബാധിച്ചിട്ടുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ പരിശോധനയില്‍ കണ്ടെത്തിയത്.
എറണാകുളം സ്വദേശിയും ഭാര്യയും കഴിഞ്ഞ ആറിനാണ് ബ്രിട്ടനില്‍ നിന്ന് കൊച്ചിയില്‍ വിമാനമിറങ്ങിയത്. പരിശോധനയില്‍ ഏഴാംദിവസമാണ് ഫലം ലഭിച്ചതും ഒമിക്രോണ്‍ ബാധിച്ചതായി സ്ഥിരീകരിച്ചിരിക്കുന്നതും. ആദ്യദിവസം നടത്തിയ പരിശോധനകളില്‍ ഇദ്ദേഹത്തിനും ഭാര്യക്കും ഒമിക്രോണ്‍ ബാധിച്ചിട്ടില്ലെന്നാണ ്കണ്ടെത്തിയിരുന്നത്. പിന്നീടാണ് രോഗലക്ഷണങ്ങള്‍ കാണുന്നതും വീണ്ടും പരിശോധന നടത്തുന്നതും. ഈ സംഭവം സത്യത്തില്‍ ആശങ്ക ജനിപ്പിക്കുന്നതാണ്. ഇനി കോവിഡ് 19 കാലത്തേതുപോലെ വലിയതോതിലുള്ള വ്യാപനത്തിലേക്ക് ഒമിക്രോണും നീങ്ങുമോ എന്ന ആശങ്കയിലാണ് ജനം. ഇതുവരെ രാജ്യത്ത് മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും ആശങ്ക അസ്ഥാനത്തല്ലെന്ന ്‌ലോകത്തെ വിവിധരാജ്യങ്ങളില്‍നിന്നുള്ള ഒമിക്രോണ്‍ രോഗികളും മരണവും സൂചിപ്പിക്കുന്നു. ഞായറാഴ്ചതന്നെ ആന്ധ്രപ്രദേശിലും ചണ്ഡീഗഡിലും കര്‍ണാടകയിലും മഹാരാഷ്ട്രയിലുംനിന്ന് ഒമിക്രോണ്‍ പൊസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇനിയും രോഗികളുടെ എണ്ണം വര്‍ധിക്കാനിടയുണ്ട്. അന്താരാഷ്ട്രവിമാനസര്‍വീസുകള്‍ കര്‍ശനമായി വിലക്കുന്നതിലേക്ക് ഇത് നീങ്ങുമോ എന്ന ആശങ്കയിലാണ് ലോകയാത്രക്കാര്‍. മഹാരാഷ്ട്ര കഴിഞ്ഞാല്‍ ഏറ്റവുംകൂടുതല്‍ ഒമിക്രോണ്‍ കേസുകള്‍ ഉള്ളത് രാജസ്ഥാനില്‍നിന്നാണ്. അവയൊക്കെയും വിദേശയാത്രക്കാര്‍വഴി ലഭിച്ചതാണ്. കര്‍ശനവും സൂക്ഷ്മവുമായ ജാഗ്രതയുണ്ടായിട്ടും എന്തുകൊണ്ട് രോഗം പടരുന്നുവെന്നതിന് തെളിവാണ് കൊച്ചിയിലെ സംഭവം. രോഗം പെട്ടെന്ന് ലക്ഷങ്ങളിലൂടെയും പരിശോധനയിലൂടെയും തെളിയിക്കാനും കണ്ടെത്താനും കഴിയുന്നില്ലെന്നതാണ് ആരോഗ്യപ്രവര്‍ത്തകരും സര്‍ക്കാരും നേരിടുന്ന വെല്ലുവിളി.
ഒമിക്രോണ്‍ കണ്ടെത്തുന്നതിന് മുമ്പ് ഡെല്‍റ്റ വൈറസ് ബാധയാണ് കോവിഡിന്റെ മാരകമായ വകഭേദമായ പറയപ്പെട്ടതെങ്കിലും ഇപ്പോള്‍ ഒമിക്രോണ്‍ ആണ് അതിലും ഭീതിപരത്തുന്നത്. ലോകാരോഗ്യസംഘടനയും മറ്റും ഒമിക്രോണിന്റെ മാരകശേഷിയെക്കുറിച്ച് വ്യക്തമായ യാതൊരു വിവരവും നല്‍കുന്നില്ലെന്നത് വലിയ ചോദ്യചിഹ്‌നമാണ്. ഇതുവരെ 63 രാജ്യങ്ങളിലാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ദക്ഷിണാഫ്രിക്കയില്‍നിന്ന് വന്നുവെന്ന് കണ്ടെത്തപ്പെട്ട പുതിയ വകഭേദത്തിന്റെ പ്രഹരശേഷി എത്രത്തോളമുണ്ടെന്ന് ഇനിയും സ്ഥിരീകരിക്കാനിരിക്കുന്നതേയുളളൂ. മുമ്പ് കോവിഡ് കാലത്തും ലോകാരോഗ്യസംഘടന ഇരുട്ടില്‍തപ്പുന്ന കാഴ്ചയാണ ്കണ്ടത്. ഇവിടെയും മറിച്ചല്ല അവസ്ഥ. പരമാവധി സമൂഹികനിയന്ത്രണങ്ങള്‍ പാലിക്കുകയും സമ്പര്‍ക്കം ഇല്ലാതാക്കുകയും ചെയ്യണമെന്ന് മാത്രമേ രോഗം കണ്ടെത്തി മാസത്തിനുശേഷവും ലോകാരോഗ്യസംഘടന പറയുന്നുള്ളൂ. കോവിഡ് ലോകത്ത് അരക്കോടിയിലധികം മനുഷ്യരെ കൊന്നൊടുക്കിയതായാണ് ഔദ്യോഗികകണക്കെങ്കില്‍ ഒമിക്രോണ്‍ ജനിതകവ്യതിയാനം മൂലം എത്രകണ്ട് മരണം ഉണ്ടാകുമെന്ന് ഇനിയും പറയാനാകാത്ത അവസ്ഥയാണ്. ഇതേസമയം തന്നെയാണ് കോവിഡ് ഇപ്പോഴും കുറയാതെ നി്ല്‍ക്കുന്ന അവസ്ഥയും. ഇന്ത്യയില്‍ ഇന്നലെ ഏഴായിരത്തോളം കോവിഡ് രോഗികളാണ് ഉണ്ടായിരിക്കുന്നത്. കേരളത്തില്‍ ഇത് അയ്യായിരത്തിനോടടുത്ത് ദിവസവും നിലകൊള്ളുകയും ചെയ്യുന്നു. മരണം കേരളത്തില്‍ നാല്‍പതിനായിരത്തിന് മുകളിലെന്നാണ് ഇതുവരെയുളള കണക്ക്. എന്നാല്‍ ഒമിക്രോണ്‍ ബാധിച്ചാലും കോവിഡിനെപോലുള്ള ശാരീരികവിഷമതകളും അനുബന്ധ പ്രയാസങ്ങളും ഉണ്ടാകുമെന്നിരിക്കെ വലിയതോതില്‍ കരുതല്‍ ആവശ്യമാണെന്ന ്തന്നെയാണ ്‌വിശ്വസിക്കേണ്ടത്. അതനുസരിച്ച് സര്‍ക്കാരും ജനങ്ങളും കൂടുതല്‍ ജാഗ്രത പാലിച്ചേതീരു. അതേസമയം ഇനിയും ഒരു സാമ്പത്തികത്തകര്‍ച്ചക്ക് വഴിവെക്കുന്ന തരത്തില്‍ കോവിഡ് വ്യാപനവും അടച്ചിടലും ഉണ്ടാകുമെന്നുള്ള ഉത്കണ്ഠ ആലോചിക്കാന്‍കൂടി വയ്യാത്ത തരത്തില്‍ രാജ്യത്തെ ജനങ്ങള്‍ വലിയ വിഷമതകള്‍ നേരിടുകയാണ്. പട്ടിണികിടന്ന് മരിക്കാന്‍ വയ്യെന്നാണ് അടച്ചിടലിനെക്കുറിച്ച് പറയുമ്പോള്‍ സാമാന്യജനതയുടെ മനസ്സിലുയരുന്നത്. വാക്‌സിന്‍ വ്യാപകമാക്കുകയും ബൂസ്റ്റര്‍ഡോസ് വേണമെങ്കില്‍ അത് നല്‍കാനുമാകണം സര്‍ക്കാരുകളുടെ ശ്രദ്ധ.