ന്യൂഡല്‍ഹി: റഫാല്‍ ഇടപാടില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെട്ടതിന്റെ കൂടുതല്‍ തെളിവുകള്‍ ദി ഹിന്ദു പത്രം പുറത്തുവിട്ടു. കരാറില്‍ നിന്ന് അഴിമതി വിരുദ്ധ ചട്ടങ്ങളും അനധികൃത ഇടപെടല്‍ നടന്നാല്‍ പിഴ ഈടാക്കാനുള്ള വ്യവസ്ഥകളും ഒഴിവാക്കിയതിന്റെ തെളിവുകളാണ് പുറത്തുവിട്ടിരിക്കുന്നത്. ഈ വിവരം മറച്ചുവെച്ചാണ് കേന്ദ്രം സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയതെന്നും ദി ഹിന്ദു പറയുന്നു.
അഴിമതിവിരുദ്ധ ചട്ടം ഇളവ് ചെയ്തതിലൂടെ വിമാനം കൈമാറേണ്ട എം.ബിഡി.എ ഫ്രാൻസും ദസോ ഏവിയേഷനും പിഴയടക്കമുള്ള ശിക്ഷാനടപടികളിൽനിന്ന് ഒഴിവായി. ദസോ ഏവിയേഷൻ വിമാന വിതരണക്കാരും എം.ബി.ഡി.എ ഫ്രാൻസ് ആയുധ പാക്കേജ് വിതരണക്കാരുമാണ്. ചട്ടം ഇളവു ചെയ്തതിനാൽ ഇടപാടിനെ സ്വാധീനിക്കുക, ഇടനിലക്കാർ, കമ്മീഷൻ, അക്കൗണ്ടുകളിലെ തിരിമറി എന്നിവയ്ക്കെതിരേ സർക്കാരിന് ഒന്നും ചെയ്യാൻ കഴിയില്ല. 2016 സെപ്റ്റംബർ 23-നാണ് കരാറിൽ ഒപ്പിട്ടത്.
അന്നത്തെ പ്രതിരോധമന്ത്രി മനോഹർ പരീക്കറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ചട്ടങ്ങളിൽ ഇളവു വരുത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കാബിനറ്റ് കമ്മിറ്റി ഇത് അംഗീകരിച്ചു. ഇതോടെ രണ്ടു സ്വകാര്യ കമ്പനികൾക്ക് ഇന്ത്യയുമായുള്ള കരാറിൽ അഴിമതി വിരുദ്ധ ചട്ടങ്ങൾ ഒഴിവായി.
ഇടപാടിൽ ഫ്രഞ്ചു സർക്കാരുമായി പ്രധാനമന്ത്രിയുടെ ഓഫീസ് അനധികൃത സമാന്തര ഇടപെടൽ നടത്തിയെന്നും ഇതിനെ പ്രതിരോധ മന്ത്രാലയം എതിർത്തിരുന്നതായും കഴിഞ്ഞ ദിവസം വെളിപ്പെട്ടിരുന്നു. പ്രതിരോധ മന്ത്രാലയവും കൂടിയാലോചനകൾക്കായുള്ള ഇന്ത്യൻ സംഘവും ചർച്ച നടത്തുമ്പോള്‍ പ്രധാനമന്ത്രിയുടെ ഓഫീസ് നടത്തുന്ന ഇടപെടൽ രാജ്യതാല്പര്യങ്ങള്ക്ക് എതിരാണെന്ന് അന്നത്തെ പ്രതിരോധ സെക്രട്ടറി ജി. മോഹൻ കുമാർ കുറിപ്പെഴുതിയതാണ് പുറത്തുവന്നത്.