X

വിദ്യാര്‍ത്ഥികള്‍ക്കെതിരെ കൂടുതല്‍ തെളിവുകളുമായി പൊലീസ്; മൂന്നാമതൊരാള്‍ കൂടിയുണ്ടെന്നും റിപ്പോര്‍ട്ട്‌

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി പൊലീസ് അറസ്റ്റുചെയ്ത സിപിഎം പ്രവര്‍ത്തകരായ താഹാ ഫസല്‍, അലന്‍ ഷുഹൈബ് എന്നീ വിദ്യാര്‍ത്ഥികവരുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കാനിരിക്കെ വിദ്യാര്‍ഥികളുടെ പേരില്‍ യുഎപിഎ ചുമത്താനിടയായ സാഹചര്യം വിശദീകരിച്ച് അന്വേഷണ സംഘം ഡിജിപിക്ക് റിപോര്‍ട്ട് നല്‍കി. അലന്‍ ഷുഹൈബ് നിരോധിത സംഘടനാ പ്രവര്‍ത്തകര്‍ക്കൊപ്പം നില്‍ക്കുന്ന ഡിജിറ്റല്‍ രേഖകള്‍ അടക്കമാണ് റിപ്പോര്‍ട്ട്. ഇതിന്റെ ശാസ്ത്രീയ പരിശോധനാഫലങ്ങള്‍ കൂടി ലഭിക്കേണ്ടതുണ്ട്. അറസ്റ്റിനെക്കുറിച്ച് ഉത്തരമേഖലാ ഐജി അശോക് യാദവിനോട് ഡിജിപി ലോക്‌നാഥ് ബെഹ്‌റ വിശദീകരണം തേടിയതിന്റെ അടിസ്ഥാനത്തിലാണ് കൂടുതല്‍ ഫോട്ടോകളും വീഡിയോകളും തെളിവായി ഡിജിപിക്ക് കൈമാറിയത്.

ഡിജിറ്റല്‍ തെളിവായി ലാപ്‌ടോപ്, മൊബൈല്‍ ഫോണുകള്‍, മെമ്മറി കാര്‍ഡ്, സിം കാര്‍ഡ് എന്നിവ തൊണ്ടിസാധനങ്ങളായി എടുത്തിട്ടുണ്ട്. ഫോണ്‍വിളികളുള്‍പ്പെടെ കൂടുതല്‍ ഡിജിറ്റല്‍ രേഖകള്‍ പരിശോധിച്ചുവരികയാണ്. ‘പാഠാന്തരം’ എന്ന വിദ്യാര്‍ഥി സംഘടനയുടെ പ്രവര്‍ത്തകനാണ് അലനെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം വിദ്യാര്‍ത്ഥികളുടെ വീടുകളില്‍ നടത്തിയ പരിശോധനയില്‍ പല തെളിവുകളും കണ്ടെത്തിയിരുന്നു. അതും മാവോയിസ്റ്റ് ബന്ധം തെളിയിക്കുന്നതാണെന്നായിരുന്നു പൊലീസ് വാദം.

അറസ്റ്റിലായ വിദ്യാര്‍ത്ഥികള്‍ക്കതിരെ പുറത്തുവന്നത് ഗൗരവം കുറഞ്ഞ തെളിവുകളാണെന്ന പശ്ചാത്തലത്തില്‍ യുഎപിഎ വാദത്തില്‍ ഉറച്ചു നില്‍കുന്ന പൊലീസ് കൂടതല്‍ തെളിവുകള്‍ പുറത്ത് കൊണ്ടു വരുമെന്നാണ് സൂചന.

അതേസമയം, അലനും താഹക്കും പുറമെ മൂന്നാമതൊരാള്‍കൂടി ഇവര്‍ക്കൊപ്പമുണ്ടായിരുന്നുവെന്നതിന്റെ തെളിവുകളും പൊലീസ് പരിശോധനയിലുണ്ട്. കസ്റ്റഡിയിലെടുത്ത ബൈക്കില്‍ മൂന്നുപേരാണ് എത്തിയതെന്ന് ദൃക്‌സാക്ഷിമൊഴിയുണ്ട്. ഉണ്ണി എന്ന് അപര നാമക്കില്‍ അറിയപ്പെടുന്ന മാവോയിസ്റ്റ് നേതാണ് മൂന്നാമത്തെ ആളെന്നാണ്് വിവരം. ഇയാള്‍ വിദ്യാര്‍ത്ഥികളുമായി ബന്ധം സ്ഥാപിച്ചിരുന്നതായാണ് പൊലീസ് വ്യക്തമാക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്കായി ഇരുവരെയും കസ്റ്റഡിയിലെടുത്ത് കൂടുതല്‍ ചോദ്യംചെയ്യാനായി കോടതിയുടെ അനുമതിതേടുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. വിദ്യാര്‍ഥികള്‍ക്കെതിരെ യുഎപിഎ ചുമത്താതെ മറ്റു വഴിയില്ലെന്നാണ് റിപോര്‍ട്ടിലുള്ളത്.

അതേസമയം പൊലീസ് പുറത്തുവിട്ട ചിത്രങ്ങള്‍ വ്യത്യസ്ത വിഷയങ്ങളില്‍ വിവിധ നഗരങ്ങളില്‍ സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ പ്രകടനങ്ങളുടേതാണെന്നാണ് വിവരം. അലനെ കൂടാതെ നിരവധി സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകര്‍ പുറത്തുവരുന്ന ചിത്രങ്ങളില്‍ ഉണ്ടെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.

സിപിഎം ബ്രാഞ്ച് അംഗങ്ങളായ മൂര്‍ക്കനാട് കോട്ടുമ്മല്‍ വീട്ടില്‍ താഹ ഫസല്‍ (24), തിരുവണ്ണൂര്‍ പാലാട്ട് നഗര്‍ മണിപുരിയില്‍ അലന്‍ ഷുഹൈബ് (20) എന്നിവരെ വെള്ളിയാഴ്ച വൈകീട്ടാണ് പന്തീരാങ്കാവ് നഗരത്തില്‍ വെച്ച് പോലിസ് അറസ്റ്റുചെയ്തത്. കേസില്‍ യുഎപിഎ നടപടി റദ്ദാക്കുന്നത് പുനഃപരിശോധിക്കാന്‍ പ്രോസിക്യൂഷന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് തിങ്കളാഴ്ച വാദം കേട്ട കോടതി ജാമ്യാപേക്ഷ ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

chandrika: